CMDRF

ഇസ്രയേലിനും അമേരിക്കയ്ക്കും വൻ പ്രതിസന്ധി, ആയുധ കലവറ കാലിയാകുന്നു

താൻ വീണ്ടും പ്രസിഡൻ്റായിതിരഞ്ഞെടുക്കപ്പെട്ടാൽ, റഷ്യയും യുക്രെയിനും തമ്മിലുള്ള സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന വാഗ്ദാനവും, ട്രംപ് നൽകുന്നുണ്ട്

ഇസ്രയേലിനും അമേരിക്കയ്ക്കും വൻ പ്രതിസന്ധി, ആയുധ കലവറ കാലിയാകുന്നു
ഇസ്രയേലിനും അമേരിക്കയ്ക്കും വൻ പ്രതിസന്ധി, ആയുധ കലവറ കാലിയാകുന്നു

യുക്രെയ്ൻ – റഷ്യ യുദ്ധവും, ഇസ്രയേൽ – ഹമാസ് യുദ്ധവും, അമേരിക്കയുടെ ആയുധ കലവറയും ശൂന്യമാക്കുന്നു. ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്, അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപാണ്.

അമേരിക്കൻ നിർമിത യുദ്ധോപകരണങ്ങളാണ്, ഗാസയിലെ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കാൻ ഇസ്രയേൽ ഉപയോഗിച്ചിരുന്നത്. ഇതേ ആയുധ കലവറയിൽ നിന്നു തന്നെയാണ്, റഷ്യയ്ക്ക് എതിരായ പോരാട്ടത്തിൽ, യുക്രെയ്ൻ സൈന്യവും പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്.

Weapons made by America

ഈ രണ്ട് രാജ്യങ്ങൾക്കും ആയുധ സഹായം നൽകിയതിന്റെ പേരിൽ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ, ആഭ്യന്തര-അന്താരാഷ്ട്ര തലങ്ങളിൽ, വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്. ഈ വിവാദമാണിപ്പോൾ, ട്രംപിൻ്റെ വെളിപ്പെടുത്തലിലൂടെ, കത്തിപ്പടർന്നിരിക്കുന്നത്.യുഎസ് സൈന്യത്തിലെ ആയുധ ശേഖരത്തിൽ കുറവുണ്ടെന്ന, റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ ആരോപണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉണ്ടായിരിക്കുന്നത്. ബൈഡൻ ഭരണകൂടം കോടിക്കണക്കിന് ഡോളറിൻ്റെ ആയുധങ്ങളും വെടിക്കോപ്പുകളും… നിരവധി രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും, ട്രംപ് തുറന്നടിച്ചിട്ടുണ്ട്.

താൻ വീണ്ടും പ്രസിഡൻ്റായിതിരഞ്ഞെടുക്കപ്പെട്ടാൽ, റഷ്യയും യുക്രെയ്ൻ തമ്മിലുള്ള സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന വാഗ്ദാനവും, ട്രംപ് നൽകുന്നുണ്ട്. യുക്രെയിനു നൽകുന്ന സാമ്പത്തിക പിന്തുണ അമേരിക്ക പിൻവലിക്കുമെന്നു ഉറപ്പും ട്രംപ് നൽകിയിട്ടുണ്ട്.

അതേസമയം, അമേരിക്കയുടെ പ്രതിരോധ സംവിധാനത്തിലെ ഗുരുതരമായ അപര്യാപ്തത ചൂണ്ടിക്കാട്ടി, നാഷണൽ ഡിഫൻസ് സ്ട്രാറ്റജിയെക്കുറിച്ചുള്ള റിപ്പോർട്ട്, അമേരിക്കൻ കോൺഗ്രസ് കമ്മീഷനിലെ വിദഗ്ധർ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്, ഒരു യുദ്ധത്തെ തടയാനും വിജയിക്കാനും ആവശ്യമായ ആയുധ ശേഷിയും കഴിവുകളും, നിലവിലില്ലെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ചൈനയുമായൊരു യുദ്ധമുണ്ടായാൽ, അമേരിക്കയുടെ വിജയ സാധ്യത പരുങ്ങലിലാണെന്നും, ഇത് മറികടക്കാനും പരിഹരിക്കാനും… കാര്യമായ നിക്ഷേപം ആവശ്യമാണെന്നുമാണ്, റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അമേരിക്കൻ സഖ്യകക്ഷിയായ ഇസ്രയേലിനും, ഹമാസുമായുള്ള യുദ്ധം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഗാസ യുദ്ധം ഇസ്രയേലിനെ ദുർബലപ്പെടുത്തുന്നു എന്ന റിപ്പോർട്ടാണ്, ഇപ്പോൾ പുറത്ത് വരുന്നത്.

War against Hamas

കഴിഞ്ഞ ആഴ്ചയാണ്, ഇസ്രയേലിൻ്റെ ക്രെഡിറ്റ്‌ റേറ്റിങ് അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ച് A+ ൽ നിന്ന് A ലേക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. ഹമാസുമായി നടത്തുന്ന യുദ്ധത്തിലെ രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളാണ്! ക്രെഡിറ്റ് സ്കോർ വെട്ടിക്കുറച്ചതിന്റെ കാരണമായി, അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇതാദ്യമായാണ് ഇസ്രായേലിൻ്റെ ക്രെഡിറ്റ്‌ ഇത്രയും താഴ്ന്ന നിലയിലേക്ക് കൂപ്പ്കുത്തുന്നത്. നിക്ഷേപ റാങ്കിങ്ങിൽ ഇസ്രയേലിന്റെ നിരക്ക് കൂടുതൽ താഴുവാനും സാധ്യതയുണ്ടെന്നാണ് ഫിച്ച് നൽകുന്ന മുന്നറിയിപ്പ് . ഹമാസുമായുള്ള സംഘർഷവും അതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങളും, ഇസ്രായേലിൻ്റെ നിയമനിർമാണ സ്ഥാപനങ്ങളെയും സാമ്പത്തിക കരുത്തിനെയും ദുർബലപ്പെടുത്തുന്നതായി വിവിധ അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ഗാസയിലെ ആക്രമണങ്ങളുടെ തോത് കുറഞ്ഞേക്കാമെന്ന വിലയിരുത്തലും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. നിലവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളൊന്നും പ്രത്യക്ഷത്തിൽ ഇസ്രയേൽ നടത്തുന്നില്ലെങ്കിലും, ഈ യുദ്ധം നീളുന്നത്, ഇസ്രയേലിനും അമേരിക്കയ്ക്കും ഒരു പോലെ ഭീഷണിയാണ്.

ഒക്ടോബറിൽ… ഹമാസുമായി ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകം തന്നെ, അന്താരാഷ്ട്ര റേറ്റിങ്‌സ് ഏജൻസിയായ മൂഡീസ് ഇസ്രയേലിന്റെ ക്രെഡിറ്റ്‌ സ്കോർ റിവ്യൂവിൽ വെക്കുകയും, നിക്ഷേപ റാങ്കിങ്ങിൽ ആറാമത്തെ സ്കോറായ എ2വിലേക്ക് വെട്ടികുറയ്ക്കുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് കണക്കാക്കിയതിനേക്കാൾ വളരെ കൂടുതലായിരിക്കും ഇസ്രായേലിൻ്റെ കടക്കെണിയെന്നാണ്, മൂഡീസ് അഭിപ്രായപ്പെടുന്നത്. യുദ്ധം ഇറാൻ, ലെബനൻ പോലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ, ക്രെഡിറ്റ്‌ വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ, ഈ വർഷമാദ്യം എസ് ആൻ്റ് പിയും, ഇസ്രായേലിനുള്ള ക്രെഡിറ്റ് റേറ്റിംഗുകൾ വെട്ടിക്കുറച്ചിരുന്നു. അതേസമയം, ക്രെഡിറ്റ്‌ സ്കോർ വെട്ടിച്ചുരുക്കിയത് രാജ്യത്തിന്റെ സമ്പദ്ഘടനയെയല്ല പ്രതിഫലിപ്പിക്കുന്നതെന്നും, അത് തങ്ങൾ യുദ്ധത്തിലായത് കൊണ്ടാണെന്നുമാണ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെടുന്നത്. യുദ്ധം വിജയിച്ചയുടൻ, സ്കോർ പഴയത് പോലെയാകുമെന്ന പ്രതീക്ഷയാണ് ഇസ്രയേലിന് ഉള്ളതെന്നാണ്, നെതന്യാഹുവിനെ ഉദ്ധരിച്ചുകൊണ്ട്, ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉപഭോഗം, വ്യാപാരം, നിക്ഷേപം എന്നിവയെല്ലാം വെട്ടിക്കുറച്ച ഇസ്രായേലിൽ, തിരിച്ചടിയുടെ പരമ്പരയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നത് സാമ്പത്തിക വിദഗ്ധരെയും അമ്പരപ്പിച്ചിട്ടുണ്ട്.

Benjamin Netanyahu

യുദ്ധത്തെത്തുടർന്ന് ബിസിനസ്സുകൾ സ്തംഭിച്ചതും, ആളുകളെ മാറ്റിപ്പാർപ്പിച്ചതും, കൂടുതൽ ആളുകളെ കരുതൽ സേനാംഗമായി വിളിച്ചതുമാണ് ഇതിന് പ്രധാന കാരണം. 2023-2025 ലെ യുദ്ധവുമായി ബന്ധപ്പെട്ട ചിലവ് , 55.6 ബില്യൺ ഡോളർ ആയിരിക്കുമെന്നാണ്, ബാങ്ക് ഓഫ് ഇസ്രയേൽ കണക്കാക്കിയിട്ടുള്ളത്.

യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 3.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ്, ഇസ്രയേൽ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഉത്പാദനത്തിൽ 2 ശതമാനത്തിന്റെ വളർച്ച മാത്രമാണുണ്ടായത്. ടെൽ അവീവ് ഓഹരി വിപണി 35 സൂചിക നേട്ടമുണ്ടാക്കിയെങ്കിലും, സമ്പദ്‌വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങൾക്ക് കാര്യമായാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തിൻ്റെ അവസാന പാദത്തിലും, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആഴ്‌ചകളിലും, ഇസ്രായേലിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 20.7 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. സ്വകാര്യ ഉപഭോഗത്തിലെ 27 ശതമാനം ഇടിവ്, കയറ്റുമതിയിലെ ഇടിവ്, ബിസിനസുകൾ നിക്ഷേപം വെട്ടിക്കുറച്ചത് എന്നിവയും… മാന്ദ്യത്തിന് കാരണമായിട്ടുണ്ട്.

രാജ്യത്തെ 160,000 പലസ്തീൻ തൊഴിലാളികളെ ഇസ്രായേൽ നിരോധിക്കുകയും, ആ കുറവ് പരിഹരിക്കാൻ… ഇന്ത്യയിലും ശ്രീലങ്കയിലും റിക്രൂട്ട്‌മെൻ്റ് ഡ്രൈവുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, നിർമ്മാണ- കാർഷിക മേഖലകളിൽ ഈ നീക്കം കാര്യമായ ഫലമുണ്ടാക്കിയിട്ടില്ല എന്നു തന്നെ പറയേണ്ടി വരു.. മനുഷ്യശേഷിയുടെ അഭാവം, ലോജിസ്റ്റിക് തടസ്സങ്ങൾ, നിക്ഷേപ പദ്ധതികളുടെ കാലതാമസം, ബിസിനസ്സ് മേഖലകളിലെ തകർച്ച തുടങ്ങിയ കാരണങ്ങളാൽ, ഏകദേശം 60,000 ഇസ്രായേലി കമ്പനികളാണ് അടച്ചുപൂട്ടലിന്റെ വക്കിലുള്ളതെന്നാണ്… ബിസിനസ് സർവേ കമ്പനിയായ CofaceBDI പറയുന്നത്. വിനോദസഞ്ചാരികളുടെ വരവ് ഒക്‌ടോബറിനു മുമ്പുള്ള നിലവാരത്തേക്കാൾ ഏറെ താഴെയായതും, ഇസ്രയേലിന് വൻ തിരിച്ചടിയായിട്ടുണ്ട്.

ഇതിനെല്ലാം പുറമെ, യുദ്ധ ചെലവുകൾ കുത്തനെ വർധിച്ചതും സർക്കാരിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിലെ മിഡിൽ ഈസ്റ്റ് അനലിസ്റ്റായ എലിയറ്റ് ഗാർസൈഡിൻ്റെ അഭിപ്രായത്തിൽ, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്, 2023 ലെ അവസാന മൂന്ന് മാസങ്ങളിൽ, സൈനിക ചെലവിൽ 93 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം അമേരിക്കയിൽ നിന്ന് 14.5 ബില്യൺ ഡോളറിൻ്റെ അനുബന്ധ ധനസഹായവും ഇസ്രയേലിന് ലഭിച്ചിട്ടുണ്ട്. യുദ്ധാന്തരീക്ഷം മയപ്പെട്ടാൽ, ഇസ്രയേൽ സമ്പദ്‌വ്യവസ്ഥയിൽ ഈ വർഷം 1.5 ശതമാനത്തിന്റെ വളർച്ച മാത്രമാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് പ്രതീക്ഷിക്കുന്നത്. ഇത് ഇസ്രയേലിലെ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും, കടം വാങ്ങുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

War

ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെടാനും, ഇറാനുമായുള്ള വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും രൂപകൽപ്പന ചെയ്ത “ബ്രിഡ്ജിംഗ് നിർദ്ദേശവുമായി” അമേരിക്ക രംഗത്ത് വന്നത്, അമേരിക്കയും ഇസ്രയേലും നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ്.

Also read: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രയേൽ സൈന്യം

ഇറാനുമായും റഷ്യയുമായും ചൈനയുമായും ഏറ്റുമുട്ടാനുള്ള ആരോഗ്യം , നിലവിൽ അമേരിക്കയ്ക്കും ഇസ്രയേലിനും ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാന ഘട്ടത്തിലുള്ളതാണ്. അധികംനാൾ ഇത്തരം ആക്രമണം നടത്താൻ അവർക്ക് കഴിയുകയില്ല. റഷ്യയുടെ സഹായത്തോടെ ഇറാൻ എത് തരം നീക്കം നടത്തിയാലും, അത് അമേരിക്കൻ ചേരിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കാൻ പോകുന്നത്. അമേരിക്ക ആയുധങ്ങൾ നൽകി പറഞ്ഞയച്ച യുക്രെയിൻ സൈന്യത്ത നേരിടാൻ, കൂലിപടയാളികളെയും ചെറിയ ശതമാനം സൈനികരെയും മാത്രമാണ് റഷ്യ നിയോഗിച്ചത്. യുക്രെയിന് എതിരെ ഇതുവരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അവരുടെ വൻ സൈന്യവ്യൂഹത്തെയും, നശീകരണ ശേഷിയുള്ള ആയുധങ്ങളെയും ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ഇറാനും ഇത്തരത്തിൽ ഒരു ക്ഷാമവും തൽക്കാലമില്ല. അവസരം നോക്കി ഇറാൻ ഇസ്രയേലിനെതിരെ പ്രതികാരം ചെയ്താൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ, നോക്കി നിൽക്കാനേ അമേരിക്കയ്ക്ക് കഴിയൂ. ഇടപെട്ടാൽ , അവർക്കും വലിയ വില നൽകേണ്ടിവരും. അതാകട്ടെ, വ്യക്തവുമാണ്.

EXPRESS VIEW

Top