മെറ്റ് ഗാലയിലെ ഫാഷൻ വിസ്മയമായി ഇഷ അംബാനി; 1800 കാരറ്റ് വജ്രങ്ങൾ പതിപ്പിച്ച ബ്ലൗസും സ്വർണ സാരിയും ശ്രദ്ധേയമാകുന്നു

ഒരു ജീവനുള്ള ക്യാൻവാസ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ വസ്ത്രത്തിന് പിന്നിൽ മാസങ്ങൾ നീണ്ട കഠിനാധ്വാനമുണ്ട്

മെറ്റ് ഗാലയിലെ ഫാഷൻ വിസ്മയമായി ഇഷ അംബാനി; 1800 കാരറ്റ് വജ്രങ്ങൾ പതിപ്പിച്ച ബ്ലൗസും സ്വർണ സാരിയും ശ്രദ്ധേയമാകുന്നു
മെറ്റ് ഗാലയിലെ ഫാഷൻ വിസ്മയമായി ഇഷ അംബാനി; 1800 കാരറ്റ് വജ്രങ്ങൾ പതിപ്പിച്ച ബ്ലൗസും സ്വർണ സാരിയും ശ്രദ്ധേയമാകുന്നു

ലോക ഫാഷൻ രംഗത്തെ ഏറ്റവും വലിയ മാമാങ്കമായ മെറ്റ് ഗാലയിൽ ഇന്ത്യയുടെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി ഇഷ അംബാനി. ഫാഷൻ ലോകത്തെ ഓസ്‌കർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചടങ്ങിൽ, കലയും കരകൗശലവിദ്യയും സമന്വയിപ്പിച്ച വസ്ത്രധാരണത്തിലൂടെ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇഷ. പ്രമുഖ സെലിബ്രിറ്റി ഡിസൈനർ ഗൗരവ് ഗുപ്ത ഒരുക്കിയ സവിശേഷമായ സാരിയും ബ്ലൗസുമാണ് ഇത്തവണ അവർ തിരഞ്ഞെടുത്തത്.

ഒരു ജീവനുള്ള ക്യാൻവാസ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ വസ്ത്രത്തിന് പിന്നിൽ മാസങ്ങൾ നീണ്ട കഠിനാധ്വാനമുണ്ട്. റിലയൻസിന്റെ കരകൗശല-റീട്ടെയ്ൽ ബ്രാൻഡായ ‘സ്വദേശി’ലെ വിദഗ്ധർ സ്വർണനൂലുകൾ കൊണ്ടാണ് ഈ സാരി നെയ്തെടുത്തത്. പൗരാണികമായ ‘പിച്ചവായ്’ ചിത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വർണ്ണനിറത്തിലും മൺനിറത്തിലും മനോഹരമായ ചിത്രങ്ങൾ സാരിയിൽ ഉടനീളം ആലേഖനം ചെയ്തിട്ടുണ്ട്.

Also Read: റൂറൽ ആക്ഷൻ ഡ്രാമയുമായി സൂര്യ! ‘കറുപ്പ്’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

എന്നാൽ സാരിയേക്കാൾ ഏറെ ചർച്ചയാകുന്നത് ഇഷ അണിഞ്ഞ ബ്ലൗസിലെ അപൂർവ രത്നശേഖരമാണ്. നിത അംബാനിയുടെ വ്യക്തിഗത ശേഖരത്തിൽ നിന്നുള്ള വജ്രങ്ങൾ, മരതകം, പരമ്പരാഗത പോൾക്കി, കുന്ദൻ വജ്രങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം വിലപിടിപ്പുള്ള കല്ലുകളാണ് ഇതിൽ തുന്നിച്ചേർത്തിരിക്കുന്നത്. ഏകദേശം 1800 കാരറ്റിലധികം മൂല്യമുള്ളതാണ് ഈ ബ്ലൗസ്. ഇതിന്റെ പിൻഭാഗത്ത് നിസാമിന്റെ ആഭരണശേഖരത്തിൽ നിന്നുള്ള ഐതിഹാസികമായ ‘സർപേച്ച്’ കൂടി ഉൾപ്പെടുത്തിയത് വസ്ത്രത്തിന് രാജകീയ പരിവേഷം നൽകി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 പ്രഗത്ഭരായ കരകൗശല വിദഗ്ദ്ധർ ചേർന്നാണ് ഈ വിസ്മയം പൂർത്തിയാക്കിയത്.

വസ്ത്രധാരണത്തിനൊപ്പം ഇഷയുടെ ആക്സസറികളും ആരാധകരെ അമ്പരപ്പിച്ചു. സുബോധ് ഗുപ്ത രൂപകൽപ്പന ചെയ്ത സ്വർണ്ണനിറത്തിലുള്ള മാമ്പഴ ശിൽപം ക്രോഷെ ബാഗിൽ തൂക്കിപ്പിടിച്ചാണ് അവർ റെഡ് കാർപെറ്റിലെത്തിയത്. മുല്ലപ്പൂവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൗരഭ് ഗുപ്ത തയ്യാറാക്കിയ ‘ഹെയർ സ്കൾപ്ചർ’ കൂടി ചേർന്നതോടെ ഇഷയുടെ ലുക്ക് പൂർണ്ണമായി. കടലാസ്, ചെമ്പ്, പിച്ചള എന്നിവ ഉപയോഗിച്ച് 150 മണിക്കൂർ കൊണ്ടാണ് ഈ കേശാലങ്കാരം തയ്യാറാക്കിയത്. ഇന്ത്യൻ പാരമ്പര്യത്തെയും ആധുനിക ഫാഷനെയും ഒരുപോലെ സമ്മേളിപ്പിച്ച ഇഷ അംബാനിയുടെ ഈ വേഷപ്പകർച്ച ഇതിനോടകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

Share Email
Top