ഭരണ പ്രതിസന്ധിയില്‍ പെട്ട് ഇതിനോടകം താറുമാറായ ബംഗ്ലാദേശില്‍, മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സൈന്യം തങ്ങളുടെ ഇടപെടല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഇതോട് കൂടി ഒരു രാഷ്ട്രീയ മാറ്റം അധികം വൈകാതെ തന്നെ വീണ്ടും ആ രാജ്യത്ത് സംഭവിക്കാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ നടപടികളെ ചോദ്യം ചെയ്ത് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമന്‍ രംഗത്തെത്തിയതോടെയാണ് രാജ്യത്ത് പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സൈനിക മേധാവിയുടെ ഇടപെടല്‍ ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിലേക്ക് കടക്കുമോ എന്നാണ് നിലവിലെ ആശങ്ക.
Also Read: സൈനിക ശക്തിയിലെ മൂന്നാമൻ, പാക്കിസ്ഥാന് വേണ്ടി നെതർലാൻഡ്‌സ് ഇന്ത്യയെ പിണക്കുമോ?
2024 ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാരിനെ നിയമിക്കുന്നത്. ഈ നടപടി തുടക്കത്തില്‍ അംഗീകരിച്ച സൈനിക മേധാവിയാണ് ഇപ്പോള്‍ സര്‍ക്കാരുമായി ഇടഞ്ഞിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നടത്താന്‍ യൂനുസ് സര്‍ക്കാര്‍ വൈകുന്നതും മ്യാന്‍മാറിലെ റാഖൈനില്‍ സഹായമെത്തിക്കാന്‍ ഇടനാഴി സ്ഥാപിക്കുന്നതും കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഇസ്‌ലാമിക നേതാക്കളെ വിട്ടയക്കുന്നതുമാണ് സര്‍ക്കാരും സൈന്യവും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചത്. ധാക്കയില്‍ നടന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവെ റാഖൈന്‍ ഇടനാഴി എന്ന ആശയം സൈനിക മേധാവി തള്ളിയിരുന്നു. ഈ ഡിസംബറോടെ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മാത്രമേ രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് റൈഫില്‍സ് കലാപകാരികളെ വിട്ടയക്കാനുള്ള തീരുമാനം വഞ്ചനയായാണ് സൈന്യം കാണുന്നത്. 2009 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 57 സൈനിക ഉദ്യോഗസ്ഥരെയും മറ്റു 16 പേരെയും വധിച്ച സംഭവത്തില്‍ 300 ഓളം കലാപകരികളെയാണ് ശിക്ഷിച്ചത്. ഇവരെ ഈ വര്‍ഷം വെറുതെ വിട്ടിരുന്നു. യൂനുസ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഹിസ്ബുത്-തഹ്രിര്‍ പോലുള്ള ഇസ്‌ലാമിക സംഘടനകളാണ് മോചനത്തിനായി വാദിച്ചത്. നിലവില്‍ യൂനുസ് സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായ ലെഫ്റ്റനന്റ് ജനറല്‍ കമറുല്‍ ഹസന്‍ അടുത്ത സൈനിക മേധാവിയാകാന്‍ അമേരിക്കയുടെ സഹായം തേടിയിരുന്നു. സൈനിക ചട്ടങ്ങളുടെ ലംഘനമായതിനാല്‍ കമറുല്‍ ഹസനെ ഒഴിവാക്കണമെന്നാണ് സൈനിക മേധാവിയുടെ നിലപാട്. മെയ് 11 ന് സൈനിക മേധാവി കമറുല്‍ ഹസനെ പിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നെങ്കിലും യൂനുസ് ഉത്തരവ് തടഞ്ഞതും സര്‍ക്കാറുമായുള്ള സൈന്യത്തിന്റെ ഭിന്നത ഇരട്ടിപ്പിച്ചു.
ബംഗ്ലാദേശില്‍ ഭരണഘടന അസാധുവാക്കാനടക്കം യൂനുസ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംഭവിച്ചാല്‍ പുതിയ ക്രമീകരണം ഉണ്ടാകുന്നതുവരെ സേനയുടെ കമാന്‍ഡറായ പ്രസിഡന്റ് സ്ഥാനം ഇല്ലാതാകും. ഈ അവസരത്തില്‍ ജനറല്‍ വക്കാറിനെ ഒഴിവാക്കി ഹസനെ ഈ സ്ഥാനത്തേക്ക് നിയമിക്കാന്‍ യൂനുസ് തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭരണകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈനിക മേധാവി നീക്കങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും സൈനിക മേധാവിയില്‍ നിന്ന് കര്‍ശന നടപടികള്‍ തള്ളിക്കളയുന്നില്ലെന്നാണ് നിരീക്ഷകരുടെ നിലപാട്. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയായ എംഡി ജാഷിം ഉദ്ദീനെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിലെ വിള്ളലുകള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്ത ഡിസംബറോടെ ബംഗ്ലാദേശില്‍ ദേശീയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയേക്കും.
രാജ്യത്തിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹൊസൈന്‍ എന്നിവരുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് ഉദ്ദീനെ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ഒരു മാനുഷിക ഇടനാഴിയും സുരക്ഷിത മേഖലയും സ്ഥാപിക്കുന്നതിനെ ഉദ്ദീന്‍ എതിര്‍ത്തിരുന്നുവെന്നും യൂനുസും അദ്ദേഹത്തിന്റെ എന്‍എസ്എ ഖലീലുര്‍ റഹ്‌മാനും മുന്നോട്ടുവയ്ക്കുകയും യുഎന്‍ അംഗീകരിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ബംഗ്ലാദേശിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് ഭയപ്പെടുന്ന സൈനിക മേധാവികളുമായി ഉദ്ദീന്റെ വീക്ഷണങ്ങള്‍ യോജിക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഉദ്ദീനെ പുറത്താക്കാന്‍ യൂനുസും റഹ്‌മാനും ‘ആസൂത്രണം’ ചെയ്തതായി, ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ഏപ്രില്‍ 17 ന് പാകിസ്ഥാനുമായുള്ള എഫ്ഒസി തല ചര്‍ച്ചകളില്‍ ബംഗ്ലാദേശ് പക്ഷത്തെ നയിച്ചത് ഉദ്ദീന്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ചര്‍ച്ചയ്ക്കിടെ, 1971 ന് മുമ്പുള്ള അവിഭക്ത പാകിസ്ഥാന്റെ ആസ്തികളില്‍ നിന്ന് ന്യായമായ വിഹിതം ആയി പാകിസ്ഥാനില്‍ നിന്ന് 4.32 ബില്യണ്‍ ഡോളര്‍ എന്ന സാമ്പത്തിക അവകാശവാദം അദ്ദേഹം ഉന്നയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറിയെ പുറത്താക്കിയതിനെക്കുറിച്ച് അഭിപ്രായപ്പെട്ട വിദേശകാര്യ ഉപദേഷ്ടാവ് എംഡി തൗഹിദ് ഹൊസൈന്‍, നീക്കം ചെയ്യുകയല്ല പകരം ഉദ്ദീന്റെ ഉത്തരവാദിത്തം മാറ്റുമെന്നാണ് പറഞ്ഞത്. യുണൈറ്റഡ് ന്യൂസ് ബംഗ്ലാദേശ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഉദ്ദീന്‍ സ്വയം ആ സ്ഥാനം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഹൊസൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്ദിന് പകരം അമേരിക്കയിലെ ബംഗ്ലാദേശ് അംബാസഡര്‍ ആസാദ് ആലം സിയാം രാജ്യത്തിന്റെ അടുത്ത വിദേശകാര്യ സെക്രട്ടറിയാകാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Also Read: നാറ്റോയ്ക്ക് പണി കൊടുക്കാൻ പുടിൻ, പിന്തുണച്ച് ട്രംപ്, ഭയപ്പാടിൽ യൂറോപ്യൻ രാജ്യങ്ങൾ
പുതിയ വിദേശകാര്യ സെക്രട്ടറിയെ നിയമിക്കുന്നത് വരെ സിയാമിനെ ആക്ടിംഗ് വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ ഒരു നിര്‍ദ്ദിഷ്ട പട്ടിക പരിഗണനയിലുണ്ടായിരുന്നു എന്നാണ്, വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുഎന്‍ബിയോട് പറഞ്ഞത്. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുതിര്‍ന്നയാളായി അംബാസഡര്‍ സിയാമിനെ തിരഞ്ഞെടുത്തുവെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. സ്വിറ്റ്‌സര്‍ലന്‍ഡിലെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ താരിഖ് എംഡി അരിഫുള്‍ ഇസ്ലാമും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു.
വീഡിയോ കാണാം