തിരിച്ചടി മുന്നറിയിപ്പിൽ അമേരിക്ക ഭയന്നോ, നികുതിയുദ്ധത്തിന് ബ്രേക്കിട്ട് ട്രംപ്

വിദേശ വ്യാപാര പങ്കാളികൾക്ക് മേൽ പുതുതായി ചുമത്തിയ താരിഫുകളിൽ അമേരിക്കയിലെ ജനങ്ങൾക്ക് അമർഷം ഉണ്ടാകുമെന്നും എന്നാൽ അമേരിക്കയുടെ സാമ്പത്തിക ശക്തി പുനഃസ്ഥാപിക്കാൻ ഈ നടപടികൾ ആവശ്യമാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഇപ്പോൾ ശത്രുക്കളാക്കുന്ന രാജ്യങ്ങളെല്ലാം ഒരിക്കൽ അമേരിക്കയ്ക്കെതിരെ ഒന്ന് തിരിഞ്ഞാൽ അത് അമേരിക്ക ഇതുവരെ നേരിട്ടതിലെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. എന്തായാലും വീണ വിള്ളലൊന്നും ഇനി ട്രംപിന് മാറ്റാൻ സാധിക്കുമെന്ന് തോന്നുന്നില്ല. മുന്നോട്ട് ഈ സഖ്യകക്ഷികളെ പിണക്കാതെ പോകുന്നതായിരിക്കും ട്രംപിന് നല്ലത്.

തിരിച്ചടി മുന്നറിയിപ്പിൽ അമേരിക്ക ഭയന്നോ, നികുതിയുദ്ധത്തിന് ബ്രേക്കിട്ട് ട്രംപ്
തിരിച്ചടി മുന്നറിയിപ്പിൽ അമേരിക്ക ഭയന്നോ, നികുതിയുദ്ധത്തിന് ബ്രേക്കിട്ട് ട്രംപ്

മേരിക്കന്‍ പ്രസിഡന്റായി ട്രംപ് വൈറ്റ് ഹൗസില്‍ കാലുക്കുത്തിയത് മുതല്‍ ലോകം കണ്ടത് ഒരു വാണിജ്യ വ്യാപരായുദ്ധം തന്നെയാണ്. എണ്ണിയാല്‍ തീരാത്തത്ര സമ്പത്ത് കയ്യിലുണ്ടെന്ന അഹങ്കാരമാണ് അമേരിക്ക ഇപ്പോള്‍ ഓടി നടന്ന് കാണിച്ച് കൂട്ടുന്നതെന്നത് വ്യക്തമാണ്. കൂടെയുണ്ടായിരുന്ന സഖ്യകക്ഷികളെ തന്നെയാണ് അമേരിക്ക തന്റെ താരിഫ് യുദ്ധത്തിന്റെ ഇരകളാക്കിയതെന്നാണ് അതിലും വലിയ രസം. സ്വന്തം കാര്യം നടപ്പിലാക്കാന്‍ എന്തും ചെയ്യുന്ന അമേരിക്ക ആരെയും പിണക്കാന്‍ മടിക്കില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. കൂടെ നിന്നവര്‍ തന്നെ രക്ഷയില്ലെന്ന് കണ്ട് കൂറുമാറുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നത്.

Also Read: വെടിനിർത്തൽ പ്രഖ്യാപിച്ച് വിമതർ, കോംഗോയിൽ സമാധാനം അകലെ

കാനഡയും മെസ്‌ക്‌സികോയും ജര്‍മ്മനിയുമെല്ലാം കര്‍ശനമായി തന്നെ ട്രംപിന്റെ അഹന്തക്ക് മറുപടി നല്‍കിയിട്ടുണ്ട്. പണി തന്നാല്‍ അടങ്ങിയിരിക്കില്ലെന്ന് തന്നെയായിരുന്നു ഇവരുടെയൊക്കെ തീരുമാനം. അമേരിക്കയുടെ കാല്‍ചുവട്ടില്‍ ഇവരെല്ലാം നില്‍ക്കും എന്ന് കരുതി ട്രംപിന് പക്ഷെ തെറ്റുകയായിരുന്നു. അതുകൊണ്ട് തന്നെ എടുത്ത തീരുമാനങ്ങളിലെല്ലാം ഒരു മയം വരുത്തുന്നതാണ് നല്ലതെന്ന് ഇപ്പോള്‍ ട്രംപിന് മനസിലായിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെ കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചതായി അറിയിച്ചിരിക്കുകയാണിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും പ്രസിഡന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്നും ട്രംപ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Donald Trump

അതേസമയം, അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയാന്‍ ഇരു രാജ്യങ്ങളും ഒന്നും ചെയ്യുന്നില്ലെന്നും അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്താന്‍ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് കുറ്റപ്പെടുത്തി. പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ അമേരിക്കക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്യുന്നത്. വരുന്ന ഒരുമാസത്തിനിടെ മെക്‌സിക്കോയും കാനഡയുമായി മെച്ചപ്പെട്ട കരാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്താനായി 1.3 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ പദ്ധതി നടപ്പാക്കുമെന്ന് ട്രൂഡോ വ്യക്തമാക്കി.

അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ 10,000 സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ക്ലോഡിയ അറിയിക്കുകയും ചെയ്തു. മെക്സിക്കോയിലേക്ക് അമേരിക്കയില്‍ നിന്ന് തോക്കുകടത്തുന്നത് തടയാന്‍ നടപടിയെടുക്കാമെന്ന് ട്രംപ് ഉറപ്പുനല്‍കിയെന്നും മെക്സിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 25% താരിഫും, ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവയും ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനിലെ മറ്റ് പലര്‍ക്കും ട്രംപ് ഇതേ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അതില്‍ ട്രംപിനെ പേടിച്ചിരിക്കില്ലെന്നും തിരിച്ചടിക്കാന്‍ തയ്യാറാണെന്നും ജര്‍മ്മന്‍ വൈസ് ചാന്‍സലറും സാമ്പത്തിക മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് അറിയിച്ചിരുന്നു. തങ്ങള്‍ക്കും തിരിച്ചടിക്കാനറിയാമെന്നും അത് അമേരിക്കകാര്‍ അറിഞ്ഞിരിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Claudia Sheinbaum Pardo

വരാനിരിക്കുന്ന ജര്‍മ്മന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഹാബെക്ക്, ഇറക്കുമതി തീരുവ യൂറോപ്യന്‍ കയറ്റുമതിക്കാര്‍ക്ക് മാത്രമല്ല, അമേരിക്കന്‍ കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ബാധകമാണെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ക്കും ചിലതൊക്കെ നഷ്ടപ്പെടാനുണ്ടെന്ന് അമേരിക്കയെ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് പ്രാഥമികമായി ലക്ഷ്യമിടുന്നത് ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയെയും ജര്‍മ്മന്‍ കമ്പനികളെയും ആണ്. യൂറോപ്പിനുള്ളില്‍, അമേരിക്കയുമായി ഏറ്റവും വലിയ വ്യാപാര ബന്ധമുള്ളത് ജര്‍മ്മനിക്കാണ്. അതുകൊണ്ട് തന്നെ ട്രംപിന്റെ ഈ നീക്കത്തെ നമ്മള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ജര്‍മ്മനിക്ക് മുന്നറിയിപ്പ് നല്‍കി. നേരത്തെ ഏര്‍പ്പെടുത്തിയത് മാത്രമല്ല, ഇനിയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്തുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരുന്നത്.

അതിനിടയില്‍ യൂറോപിലേക്ക് മാത്രമല്ല, ചൈനയിലേക്കും ട്രംപിന്റെ കഴുകന്‍ കണ്ണോടുന്നുണ്ടെന്നതും പരസ്യമായ കാര്യമാണ്. അമേരിക്കന്‍ പ്രതിരോധ വ്യാവസായിക അടിത്തറയ്ക്ക് കാര്യമായ അനക്കം സംഭവിക്കുമെങ്കിലും ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 10% അധിക താരിഫ് ചുമത്തുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ചൈന അമേരിക്കയുടെ പുതിയ ഈ തീരുമാനത്തെ ശക്തമായി തന്നെ എതിര്‍ക്കുകയാണെന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇതിന്റെ പേരില്‍ ട്രംപ് എന്തൊക്കെ ചെയ്താലും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മന്ത്രാലയം അറിയിച്ചു. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ അമേരിക്കയ്‌ക്കെതരിരെ നല്‍കിയ പരാതിയും അക്കൂട്ടത്തില്‍ ചൈന പരിഗണിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.

Justin Trudeau

അതേസമയം വിദേശ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പുതുതായി ചുമത്തിയ താരിഫുകളില്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് അമര്‍ഷം ഉണ്ടാകുമെന്നും എന്നാല്‍ അമേരിക്കയുടെ സാമ്പത്തിക ശക്തി പുനഃസ്ഥാപിക്കാന്‍ ഈ നടപടികള്‍ ആവശ്യമാണെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ കുത്തനെയുള്ള താരിഫ് ഏര്‍പ്പെടുത്തിയതിനാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളുമായി സര്‍ക്കാര്‍ ”അടിയന്തര കയറ്റുമതി തന്ത്രം” ആവിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയണ് ദക്ഷിണ കൊറിയ ആക്ടിംഗ് പ്രസിഡന്റ് ചോയ് സാങ്-മോക്ക്. ദക്ഷിണ കൊറിയന്‍ കയറ്റുമതിക്കാരുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം ഒരു വ്യാപാര യുദ്ധത്തിന്റെ എല്ലാ ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ചോയി പറഞ്ഞു.

കനത്ത പ്രതിഷേധങ്ങളാണ് നാലുപാട് നിന്നും അമേരിക്കയ്ക്ക് ഇപ്പോള്‍ ഉയരുന്നത്. എടുത്തു ചാടി ട്രംപെടുക്കുന്ന ഇത്തരം ഓരോ തീരുമാനങ്ങളും ഒടുവില്‍ അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്നൊന്നും കിരീടം കിട്ടിയ രാജാവ് ആലോചിക്കുന്നില്ല. ഇപ്പോള്‍ ശത്രുക്കളാക്കുന്ന രാജ്യങ്ങളെല്ലാം ഒരിക്കല്‍ അമേരിക്കയ്‌ക്കെതിരെ ഒന്ന് തിരിഞ്ഞാല്‍ അത് അമേരിക്ക ഇതുവരെ നേരിട്ടതിലെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. കൂട്ടത്തില്‍ കാനഡയെ ആണ് ട്രംപ് ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. അതിന് തക്കതായി അമേരിക്കയ്ക്ക് നേരെ തിരിച്ചും താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രൂഡോ പറഞ്ഞിരുന്നത്.

Also Read: ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ റഷ്യൻ പങ്കാളിത്തം, ഒരുങ്ങുന്നത് വമ്പൻ പദ്ധതികളോ?

എന്നാല്‍ അതൊന്നും ട്രംപ് കാര്യമായി എടുത്തിട്ട് തന്നെയില്ല. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ച കാനഡയുടെ പ്രതികാര നടപടികളെക്കുറിച്ച് അഭിപ്രായപ്പെട്ട ട്രംപ്, കാനഡയ്ക്കെതിരെ ഇനിയും ഉയര്‍ന്ന താരിഫുകള്‍ ചുമത്തുമെന്നാണ് പറഞ്ഞിരുന്നത്. അതിനിടയിലാണ് ട്രംപ് തീരുവ യുദ്ധത്തില്‍ താത്കാലിക സമാപനം കൊണ്ടുവന്നിരിക്കുന്നത്. എന്തായാലും വീണ വിള്ളലൊന്നും ഇനി ട്രംപിന് മാറ്റാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. മുന്നോട്ട് ഈ സഖ്യകക്ഷികളെ പിണക്കാതെ പോകുന്നതായിരിക്കും ട്രംപിന് നല്ലത്. അതിനിനി ട്രംപ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്നതാണ് അറിയേണ്ടത്..!

വീഡിയോ കാണാം…

Share Email
Top