അസദ് ഭരണത്തിന്റെ പതനത്തിന് ശേഷം സിറിയയില്‍ എന്ത് സംഭവിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. അസദ് സര്‍ക്കാരിന്റെ തകര്‍ച്ച രാജ്യത്ത് കൂടുതല്‍ കടുത്ത ഇസ്ലാമിക ശക്തികള്‍ക്ക് വഴിയൊരുക്കുമെന്നാണ് പാശ്ചാത്യ, അറബ് രാജ്യങ്ങള്‍ ആശങ്കയെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയില്‍ വ്യക്തമായ ഒരു ഭരണക്രമം ഇല്ലാത്തത് അസ്ഥിരതയ്ക്കും തീവ്രവാദത്തിനും കാരണമാകുമെന്ന് അമേരിക്ക, ഇസ്രയേല്‍, അറബ് ശക്തികള്‍ എന്നിവര്‍ ഭയപ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
ജൊലാനിയുടെ നേതൃത്വത്തിലുള്ള വിമതഗ്രൂപ്പിന് സിറിയയെ എങ്ങനെ ഭരിക്കണമെന്നും ഒന്നിലധികം വിഭാഗങ്ങളും വംശീയ ഗ്രൂപ്പുകളും അടങ്ങുന്ന സങ്കീര്‍ണ്ണമായ ജനസംഖ്യയെ എങ്ങനെ നിയന്ത്രിക്കാമെന്നും നിലവില്‍ വ്യക്തമായ പദ്ധതിയൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ സിറിയയെ വീണ്ടും തങ്ങളുടെ കേന്ദ്രമാക്കാനും സാധ്യതയുണ്ട്. ഇക്കാരണം കൊണ്ട് തന്നെയാണ് പാശ്ചാത്യ രാജ്യങ്ങളും അറബ് രാജ്യങ്ങളും ഒരുപോലെ സിറിയയിലെ പുതിയ മാറ്റത്തെ ആശങ്കയോടെ നോക്കുന്നത്.
Also Read:ഇസ്രയേലിന്റെ കണ്ണ് സിറിയയുടെ മേലോ? നെതന്യാഹുവിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ ഒത്താശ
എന്നിരുന്നാലും, സിറിയയിലെ അസദിന്റെ പതനം ജൂത രാഷ്ട്രത്തിന് പ്രയോജനകരമാണെന്ന് ഇസ്രയേല്‍ വിദഗ്ധര്‍ വിശ്വസിക്കുന്നു. വിമതര്‍ ഇറാനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുമോ എന്നതാണ് ഇസ്രയേലിന്റെയും അമേരിക്കയുടെയും ഇപ്പോഴത്തെ ആശങ്കയ്ക്ക് പിന്നില്‍. ഇതിന് തടയിടുക എന്ന ഉദ്ദേശത്തോടെയാണ് ഇസ്രയേല്‍ സിറിയയില്‍ ആക്രമണം നടത്തുന്നതെന്ന വിലയിലുത്തലും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അസദിന്റെ പതനത്തെ അംഗീകരിച്ചുവെങ്കിലും പെട്ടെന്നുള്ള അധികാരമാറ്റം സിറിയയ്ക്ക് രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ’ കാലഘട്ടമായിരിക്കും ഉണ്ടാകുക എന്ന് മനസിലാക്കിക്കഴിഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സിറിയയിലെ ഐഎസ് ആസ്ഥാനങ്ങള്‍ക്കെതിരെ അമേരിക്കന്‍ സേന നിരവധി വ്യോമാക്രമണം നടത്തിയിരുന്നു.
Joe Biden
Also Read: വഖഫിൽ തട്ടി പ്രതിസന്ധിയിലായി യു.ഡി.എഫ്, നേതൃത്വത്തിൻ്റെ എടുത്ത് ചാട്ടം ദോഷം ചെയ്തു !
അതിനിടെ അസദ് ഭരണത്തിന്റെ പതനം അമേരിക്കയും ഇസ്രയേലും ആസൂത്രണം ചെയ്തതിന്റെ ഫലമാണെന്ന് ആരോപിച്ച് ഇറാന്‍ കൂടി രംഗത്ത് വന്നിട്ടുണ്ട്. 2011-ല്‍ സിറിയയിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ സൈനിക പിന്തുണയോടെ അസദിന്റെ ഭരണം ഉയര്‍ത്തിപ്പിടിക്കാന്‍ ഇറാന്‍ വളരെയധികം സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. തങ്ങളുടെ സഖ്യകക്ഷിയായ സിറിയയെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിനും ‘എക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ നിലനിര്‍ത്തുന്നതിനുമായി ഇറാന്‍ തങ്ങളുടെ വിപ്ലവ ഗാര്‍ഡുകളെ സിറിയയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ സൈന്യം സിറിയയിലില്ലെന്ന് വ്യക്തമാക്കി ഇറാനിയന്‍ ആര്‍മി ചീഫ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതോടെ സിറിയയില്‍ ഇറാന് വലിയ നോട്ടമില്ലെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അമേരിക്കയും ബ്രിട്ടനും തീവ്രവാദികളായി വിലക്കിയ എച്ച്ടിഎസ് എന്ന വിമത സംഘമാണ് ഇനി സിറിയയെ നയക്കുക എന്ന തിരിച്ചറിവാണ് പാശ്ചാത്യ ശക്തികളെ ഇപ്പോള്‍ അസ്വസ്ഥമാക്കിയിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ അസദ് ഭരണകൂടത്തെ വീഴ്ത്തിയ ജൊലാനിയെയും സംഘത്തെയും അമേരിക്ക പാടിപുകഴ്ത്തിയെങ്കിലും അവര്‍ അധികാരം പിടിച്ചെടുക്കുന്നതിനോട് വിയോജിപ്പുണ്ട്. പക്ഷേ അതവര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രം. 700 ടണ്‍ വരുന്ന സിറിയയിലെ രാസആയുധശേഖരം തീവ്രവാദികള്‍ പിടിച്ചെടുത്തേക്കാമെന്ന ആവലാതിയും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുണ്ട്.
Also Read: ട്രംപ് വന്നാല്‍ അടിമുടി മാറ്റം; അമേരിക്കയ്ക്ക് ഇനി ‘പുതിയ മുഖം’
അതേസമയം, സിറിയയിലെ ആഭ്യന്തര യുദ്ധത്തിനുശേഷം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ക്ക് ബ്രിട്ടന്‍ മൊത്തം 2 മില്യണ്‍ സംഭാവന നല്‍കുമെന്നറിയിച്ചിട്ടുണ്ട്. കൂടുതല്‍ ദുരിതങ്ങള്‍ തടയുന്നതിനും സാധാരണക്കാരുടെ ജീവിതവും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാനും എല്ലാ കക്ഷികളോടും ബ്രിട്ടണ്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മാത്രമല്ല സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം, വിമതരെ സര്‍ക്കാരുണ്ടാക്കുന്നതില്‍ പിന്തിരിപ്പിക്കാനായി ഇറാന്‍ തങ്ങളുടെ പോഷക സംഘടനയിലെ(ഹിസ്ബുള്ള) ആളുകളെ സിറിയയിലേയ്ക്ക് കൊണ്ടുവരുമെന്ന ചിന്തയും പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. മധ്യേഷ്യയിലെ പ്രധാന ശക്തിയായ ഇറാനെ സിറിയയിലേയ്ക്ക് അടുപ്പിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ഇസ്രയേലും അമേരിക്കയും പയറ്റിക്കൊണ്ടിരിക്കുന്നത്.
Also Read: സിറിയയെ ചൊല്ലി തര്‍ക്കങ്ങളും ചേരിതിരിവും; ഇനി മറ്റൊരു യുദ്ധത്തിന് കളമൊരുങ്ങുമോ?
അതേസമയം, അസദിന് ശേഷമുള്ള സിറിയയില്‍ യുഎന്‍ പ്രമേയം 2254 ഇപ്പോഴും പ്രസക്തമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആദ്യത്തെ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ച് ഒരു ദശാബ്ദം മുമ്പ് എഴുതിയ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലേക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ തിരിയുന്നത്. ഇന്ന് സിറിയ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് 2015 ലെ ഈ പ്രമേയം എത്രത്തോളം ഫലപ്രദമാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ചോദ്യം ഉന്നയിക്കുന്നത്.
വെടിനിര്‍ത്തല്‍, യുഎന്‍ മേല്‍നോട്ടത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പുകള്‍, സിറിയന്‍ നേതൃത്വത്തിലുള്ള രാഷ്ട്രീയ പരിവര്‍ത്തനം എന്നിവയാണ് പ്രധാനമായും പ്രമേയത്തില്‍ അടങ്ങിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇത് ഭരണഘടനാ പരിഷ്‌കരണവും വിശ്വസനീയമായ ഭരണം സ്ഥാപിക്കലും നിര്‍ബന്ധമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ കക്ഷികളെ പ്രേരിപ്പിക്കുമ്പോള്‍, സിറിയയുടെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും ഇത് ഊന്നല്‍ നല്‍കുന്നു.
Also Read: ആയുധ വിപണിയിൽ കുതിച്ച് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയും നേട്ടമായതായി റഷ്യൻ മാധ്യമം
എന്നാല്‍ സിറിയയില്‍ ഇപ്പോള്‍ ആക്രമണം നടത്തുന്ന അമേരിക്കയും ഇസ്രയേലും യുഎന്‍ പ്രമേയം സിറിയയില്‍ കൊണ്ടുവരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കും എന്നുറപ്പാണ്. കാരണം യുഎന്‍ പ്രമേയും വീണ്ടും കൊണ്ടുവന്നാല്‍ ഇരുകൂട്ടര്‍ക്കും സിറിയയില്‍ ആക്രമണം നടത്തുന്നതിനോ അധീശത്വം സ്ഥാപിക്കുന്നതിനോ സാധിക്കില്ല. എന്നാല്‍ യു.എന്‍ പ്രമേയം രാജ്യത്ത് കൊണ്ടുവരണമോ എന്നതിനെ കുറിച്ച് ജൊലാനിയും സംഘവും പ്രതികരിച്ചിട്ടില്ല. ഇനിയുള്ള നാളുകള്‍ സിറിയക്കാര്‍ക്ക് പ്രത്യാശയ്ക്ക് വഴിയുണ്ടോ അതോ പാശ്ചാത്യ ശക്തികളുടെ ആക്രമണത്തെ ഭയന്ന കഴിയണമോ എന്നുള്ളത് കണ്ടുതന്നെ അറിയണം.