1996-ലെ ‘ചരിത്രപരമായ മണ്ടത്തരം’ ആവർത്തിക്കുന്നുവോ? തമിഴ്‌നാട്ടിലെ സി.പി.എം നീക്കം ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ

1996-ലെ ജ്യോതി ബസു വിവാദം വീണ്ടും ചർച്ചയാകുന്നു. തമിഴ് നാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് പരീക്ഷണമാകുമോ? • വിജയ് ഉയർത്തുന്ന പുതിയ രാഷ്ട്രീയ സമവാക്യത്തിൽ നിന്നും സ്വയം പുറത്ത് പോകുന്ന ഇടതുപക്ഷത്തിന്റെ ഭാവി തന്ത്രവും പാളാനാണ് സാധ്യത.

1996-ലെ ‘ചരിത്രപരമായ മണ്ടത്തരം’ ആവർത്തിക്കുന്നുവോ? തമിഴ്‌നാട്ടിലെ സി.പി.എം നീക്കം ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ
1996-ലെ ‘ചരിത്രപരമായ മണ്ടത്തരം’ ആവർത്തിക്കുന്നുവോ? തമിഴ്‌നാട്ടിലെ സി.പി.എം നീക്കം ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ

ചരിത്രപരമായ മണ്ടത്തരമാണ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാൻ കിട്ടയ അവസരം പാഴാക്കുക വഴി 1996-ൽ സി.പി.എം ചെയ്തത്, അത്തരം ഒരു തെറ്റിൻ്റെ ആവർത്തനമാണ് ഇപ്പോൾ 2026-ൽ തമിഴ്നാട്ടിലും സിപിഎം ചെയ്യുന്നത്. മധുരാന്തകം ധാരാപുരം എന്നീ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. സി.പി.എമ്മും സി.പിഐയും സീറ്റുകൾ പങ്കിട്ട് എടുത്താണ് ഇവിടങ്ങളിൽ മത്സരിക്കുന്നത്. ഇന്നുവരെ ഈ മണ്ഡലത്തിൽ മത്സരിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ് പാർട്ടികൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഭരണപക്ഷമായി ടിവികെയുമായി ഉടക്കുന്നതും ആത്യന്തികമായി ഇടതുപക്ഷത്തിൻ്റെ ഉള്ള സ്വാധീനവും തമിഴ്നാട്ടിൽ ഇല്ലാതാക്കാനാണ് ഇടവരുത്തുക. അതാണ് രാജ്യം ഇനി കാണാൻ പോകുന്നത്.

ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത് അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നതോട് കൂടിയാണ്. രാജിവച്ചവരെ തന്നെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് മുഖ്യമന്ത്രി വിജയ് ഇവിടെ ശ്രമിക്കുന്നത്. അണ്ണാഡിഎംകെയും ഡിഎംകെയും അവരുടേതായ സ്ഥാനാർത്ഥികളെ കൂടി നിർത്തിയിട്ടുള്ളതിനാൽ പ്രതിപക്ഷ വോട്ടുകൾ ചിന്നിചിതറുമെന്നതും ഉറപ്പാണ്. ഇതോടെ നാണംകെട്ട ഒരു തോൽവിയും അതിന് അനുസരിച്ച കുറച്ച് വോട്ടുകളും മാത്രമാണ് ഇടതുപക്ഷത്തിന് ഉപതിരഞ്ഞെടുപ്പിൽ ലഭിക്കാൻ പോകുന്നത്. അതാണ് നമ്മൾ ഇനി കാണാൻ പോകുന്നത്.

ടിവികെ സർക്കാറിനെ പുറത്ത് നിന്നും പിന്തുണയ്ക്കുന്ന ഇടതുപാർട്ടികൾ ഉപതിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് എതിരെ മത്സരിക്കുന്നതിന് മുൻപ് നൽകിയ പിന്തുണ പിൻവലിക്കുകയായിരുന്നു ആദ്യം വേണ്ടിയിരുന്നത്. അതാണ് രാഷ്ട്രിയ മര്യാദ. എന്നാൽ അതും ചെയ്യാതെ ടിവികെ മുന്നണിയിലും ചേരാതെ ഇങ്ങനെ മണ്ടൻ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകുന്നത് ആരുടെ താല്പര്യപ്രകാരമാണ് എന്നത് സി.പി.എം കേന്ദ്ര നേതൃത്വമെങ്കിലും പരിശോധിക്കുന്നത് നല്ലതായിരിക്കും.

ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും അതിന് ശേഷം 2031-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തമിഴകം തൂത്ത് വാരാൻ പോകുന്നതും ടിവികെ തന്നെ ആയിരിക്കും എന്നതും ഉറപ്പാണ്. ഇത് മനസ്സിലാക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഒന്ന് ഇറങ്ങി നോക്കിയാൽ മാത്രം മതിയാകും. ഇത് എന്തു കൊണ്ടാണ് ഇടതുപാർട്ടികൾക്ക് മനസ്സിലാകാത്തത് എന്നതാണ് അവരുടെ അണികളെ പോലും ഇപ്പോൾ ചോദിപ്പിച്ച് കൊണ്ടിരിക്കുന്നത്.

സി.പി.എമ്മിനും സി.പി.ഐയ്ക്കും രണ്ട് സീറ്റുകൾ വീതമാണ് തമിഴ്‌നാട് നിയമസഭയിൽ ഉള്ളത്. എന്നിട്ടു പോലും രണ്ട് പാർട്ടികൾക്കും മന്ത്രി പദവികൾ നൽകാമെന്ന് പറഞ്ഞ് രണ്ട് തവണയാണ് മുഖ്യമന്ത്രി വിജയ് തന്നെ നേരിട്ട് ഇടതുപക്ഷ നേതൃത്വത്തോട് സംസാരിച്ചിരുന്നത്. എന്നാൽ ഈ ക്ഷണം നിരാകരിക്കുകയാണ് നേതൃത്വം ചെയ്തത്. ഇതിനു പുറമെ നിലവിൽ രണ്ട് വീതം പാർലമെൻ്റ് അംഗങ്ങളും തമിഴ്‌നാട്ടിൽ സി.പി.എമ്മിനും സി.പി.ഐക്കും ഉണ്ട്. ഇങ്ങനെ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന നിലപാട് സ്വീകരിച്ചാൽ ഇനി നിയമസഭയിൽ മാത്രമല്ല പാർലമെൻ്റ് സീറ്റിലും വിജയിക്കാൻ ഇടതുപാർട്ടികൾക്ക് കഴിയുകയില്ല.

തനിക്ക് ഏറ്റവും അധികം വിശ്വസിക്കാൻ പറ്റുന്ന പാർട്ടി കമ്യൂണിസ്റ്റ് പാർട്ടികളാണ് എന്ന് തുറന്ന് പറഞ്ഞ ആളാണ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഈ പരിഗണന മറ്റ് ഒരുപാർട്ടിയോടും വിജയ് കാണിച്ചിട്ടുമില്ല. എന്നിട്ടും മുഖം തിരിക്കുന്ന നിലപാട് കമ്യൂണിസ്റ്റ് പാർട്ടികൾ അദ്ദേഹത്തോട് കാണിക്കുന്നത് ഇടതുപക്ഷത്തിൻ്റെ മുഖം തന്നെ വികൃതമാക്കപ്പെടുന്നതിനാണ് ഇടയാക്കുക.

പ്രത്യയശാസ്ത്രപരമായ നിലപാടുകളും സംഘടനാ ബോധവും ഏറെയുള്ള പ്രവർത്തകർ സി.പി.എമ്മിനുള്ള കേരളത്തിൽ പോലും ചുവപ്പ് കോട്ടകൾ നിലംപൊത്തിയ ഈ പുതിയ കാലത്ത് വലിയ രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത തമിഴ് നാട്ടിൽ ഇടതുപാർട്ടികളുടെ അവസ്ഥ ഇനി എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയൊള്ളൂ.

സിനിമയും രാഷ്ട്രീയവും ഇടകലർന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം വിജയ് യുഗത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. വിജയ് എന്ന മുഖ്യമന്ത്രിയോട് എതിർത്ത് നിൽക്കാൻ ശേഷിയുള്ള ഒരു നേതാവും പ്രധാന പ്രതിപക്ഷമായ ഡിഎംകെയിൽ പോലും നിലവിലില്ല. ഓരോ ദിവസം കൂടും തോറും വിജയ് യും ടിവികെയും ശക്തിയാർജിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷം ടിവികെ മുന്നണിയിൽ ചേർന്നിരുന്നു എങ്കിൽ നിയമസഭയിൽ മാത്രമല്ല ലോകസഭയിലും അവർക്ക് പ്രാതിനിത്യം വർദ്ധിപ്പിക്കാൻ കഴിയുമായിരുന്നു. ഈ സുവർണ്ണാവസരമാണ് തെറ്റായ തീരുമാനം വഴി ഇല്ലാതാക്കിയിരിക്കുന്നത്.

സർക്കാറിൻ്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ പറ്റുന്ന അംഗസംഖ്യയില്ലാതെ സർക്കാറിൻ്റെ ഭാഗം ചേരില്ലന്ന നിലപാടും കാലഹരണപ്പെട്ട നിലപാടാണ്. ഈ നിലപാടും കെട്ടിപ്പിടിച്ച് ഇരുന്നാൽ ഇപ്പോൾ ഉള്ളത് പോലെ ഒരു സംസ്ഥാനത്തും ഒരു മന്ത്രിസ്ഥാനം പോലും ഇല്ലാത്ത അവസ്ഥ മാത്രമല്ല ഒരു എംഎൽഎ പോലും ഇല്ലാത്ത അവസ്ഥയെയും ഇടതുപക്ഷം രാജ്യത്ത് അഭിമുഖികരിക്കേണ്ടതായി വരും.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top