വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് മുൻ മന്ത്രി പി. രാജീവ്. രാജ്ഭവൻ ആവശ്യപ്പെടുന്നത് അപ്പാടെ നടപ്പിലാക്കാനാണോ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യ ഭരണസംവിധാനത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് പരമാവധി പ്രാധാന്യമുള്ളതെന്നും രാജ്ഭവൻ ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നതെന്നും പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കവെ പി. രാജീവ് വ്യക്തമാക്കി. വിഷയത്തിൽ മന്ത്രിമാർ വെവ്വേറെ അഭിപ്രായങ്ങൾ പറയുന്നത് സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്ന് വിമർശിച്ച അദ്ദേഹം, തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെയും തിരച്ചിലിലുണ്ടായ വീഴ്ചകളെയും കുറ്റപ്പെടുത്തി.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ലോക്ഭവൻ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര, വ്യവസായ മന്ത്രിമാർ വ്യക്തമാക്കിയപ്പോൾ, ലോക്ഭവന്റെ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. എന്നാൽ പ്രോട്ടോക്കോൾ വിഭാഗം നൽകിയ ഔദ്യോഗിക സർക്കുലറിൽ ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.





