വില്ലൻ വനം മന്ത്രിയോ? മന്ത്രി ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് എതിരെ അന്വേഷണം അനിവാര്യം

വനംവകുപ്പിൽ ഇപ്പോൾ നടക്കുന്നത് അസാധാരണ കാര്യങ്ങളാണ്. ഇത് വകുപ്പ് മന്ത്രിയുടെ അറിവോടെയല്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും തന്നെ വിശ്വസിക്കാനും സാധ്യതയില്ല. ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തത് എന്നതിന് മന്ത്രി എ.കെ ശശീന്ദ്രൻ കൃത്യമായി മറുപടി പറയുക തന്നെവേണം

വില്ലൻ വനം മന്ത്രിയോ? മന്ത്രി ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് എതിരെ അന്വേഷണം അനിവാര്യം
വില്ലൻ വനം മന്ത്രിയോ? മന്ത്രി ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് എതിരെ അന്വേഷണം അനിവാര്യം

നംമന്ത്രി എ.കെ ശശീന്ദ്രനെ ഇനിയും ചുമക്കണമോ എന്നത് സി.പി.എം നേതൃത്വവും ഇടതുപക്ഷ നേതൃത്വവും അടിയന്തരമായി പരിശോധിക്കേണ്ടതുണ്ട്. കാരണം, എ.കെ ശശീന്ദ്രൻ്റെ ഓഫീസിനെതിരെ അതീവ ഗുരുതരമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഒരു വനിത വനം ജീവനക്കാരിയുടെ ബ്ലാക്ക് മെയിലിങ്ങിന് മന്ത്രി ഓഫീസിലെ ചില സ്റ്റാഫുകൾ വഴങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഈ സ്ത്രീ പറയും പ്രകാരമാണ് ഇപ്പോൾ വനംവകുപ്പിൽ കാര്യങ്ങൾ നടക്കുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരം. മുൻപും സമാനമായ വാർത്തകൾ വന്നപ്പോൾ മാളത്തിൽ ഒളിച്ചവർ മാസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും ഇതേ ഏർപ്പാട് ഇപ്പോഴും തുടരുകയാണ് എന്നാണ് ഏപ്രിൽ 4ന് മലയാള മനോരമയിൽ ജയൻ മേനോൻ എന്ന സ്റ്റാഫ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പേര് വച്ച് തന്നെ ഇത്തരം ഒരു റിപ്പോർട്ട് നൽകാൻ ജയൻ മേനോനെ പ്രേരിപ്പിച്ചത് ഇതു സംബന്ധമായ കൃത്യമായ തെളിവുകൾ അദ്ദേഹത്തിന് ലഭിച്ചത് കൊണ്ടു മാത്രമാണ്. ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടാൻ കാരണം, മന്ത്രി ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ട് എന്ന് വിലയിരുത്തിയതുകൊണ്ടു മാത്രമല്ല, അറിഞ്ഞതിനും അപ്പുറമാണ് അണിയറയിലെ കാര്യങ്ങളെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ടു കൂടിയാണ്.

വനംവകുപ്പിൽ ഇപ്പോൾ നടക്കുന്നത് അസാധാരണ കാര്യങ്ങളാണ്. ഇത് വകുപ്പ് മന്ത്രിയുടെ അറിവോടെയല്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും തന്നെ വിശ്വസിക്കാനും സാധ്യതയില്ല. ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തത് എന്നതിന് മന്ത്രി എ.കെ ശശീന്ദ്രൻ കൃത്യമായി മറുപടി പറയുക തന്നെവേണം. മന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലും ഒരു സെക്രട്ടറിയെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയോ ബ്ലാക്ക് മെയിൽ ചെയ്താൽ മാത്രം നടക്കുന്ന കാര്യങ്ങളല്ല ഇപ്പോൾ വനം മന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് എന്നതും പുറത്ത് വരുന്ന വാർത്തകളിൽ തന്നെ വ്യക്തമാണ്. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ ഓഫീസിനെ ബാഹ്യ ശക്തികൾ മുൾമുനയിൽ നിർത്തി കാര്യങ്ങൾ സാധിക്കുന്നുണ്ടെങ്കിൽ, അത് ജനാധിപത്യ കേരളത്തിനും ഇവിടുത്തെ നിയമ വാഴ്ചക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്.

വനം വകുപ്പിലെ രഹസ്യ ഫോൺ സംഭാഷണ വിവാദങ്ങൾക്കു പിന്നാലെ ‘സാമ്പത്തിക ലാഭ’മുള്ള റേഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടാനും, ഇരിക്കുന്ന കസേരകളിൽ തുടരാനും ഗൂഢസംഘത്തിന്റെ നേതൃത്വത്തിൽ വൻ ലേലം വിളിയാണ് നടക്കുന്നത് എന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂണിൽ നടക്കുന്ന സ്ഥലംമാറ്റത്തിനു മുന്നോടിയായി വിവിധ റേഞ്ചുകളെ ‘എ-ബി-സി’ എന്നിങ്ങനെ തരം തിരിച്ചാണ് 5 മുതൽ 12 ലക്ഷം വരെ വിലയിട്ട് ലേലം വിളി നടക്കുന്നത് എന്നാണ് ആരോപണം. ഫോൺ സംഭാഷണ വിവാദത്തിലുൾപ്പെട്ട സംഘം തന്നെ നേതൃത്വം കൊടുക്കുന്ന ഈ സ്ഥലം മാറ്റ നീക്കങ്ങൾക്ക് കളമൊരുക്കാൻ വനം ഭരണ വിഭാഗം മേധാവിയെ തന്നെ മാറ്റാനുള്ള ശുപാർശയും നൽകിക്കഴിഞ്ഞതായ ഞെട്ടിക്കുന്ന വിവരവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

Also Read: നിലമ്പൂരില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും

110 കോടി രൂപയുടെ ഇക്കോ ടൂറിസം പദ്ധതികൾ മികച്ച രീതിയിൽ നടക്കുന്നില്ലെന്നും പരിചയ സമ്പന്നനായ ആൾ തലപ്പത്തു വേണമെന്നും കാണിച്ചാണ് ഭരണ വിഭാഗം മേധാവിയും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ പ്രമോദ് ജി.കൃഷ്ണനെ ഇക്കോ ടൂറിസത്തിലേക്കു മാറ്റാനുള്ള ശുപാർശ വനം വകുപ്പ് നൽകിയിരിക്കുന്നത്. പ്രമോദ് കൃഷ്ണൻ ഭരണവിഭാഗത്തിൽ തുടർന്നാൽ ആഗ്രഹിച്ച രീതിയിലുള്ള സ്ഥ‌ലം മാറ്റങ്ങൾക്ക് സാധ്യതയില്ലെന്ന തിരിച്ചറിവാണ് ഈ ഗൂഢനീക്കത്തിനു പിന്നിലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. വനം വകുപ്പിൽ നിന്ന് ആദ്യം ശുപാർശ നൽകാൻ വിസമ്മതിച്ചെങ്കിലും മന്ത്രി ഓഫീസിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം അതും സമർപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷവും റേഞ്ച് ഓഫീസർമാരുടെ സ്ഥലം മാറ്റത്തിന് വൻ ലേലം വിളി നടന്നതും ഏറെ വിവാദമായിരുന്നു.

അന്ന് തിരുവനന്തപുരത്തെ ഒരു എൻസിപി നേതാവായിരുന്നു ചുക്കാൻ പിടിച്ചിരുന്നതെങ്കിൽ ഇത്തവണ തലസ്ഥാനത്തെ ഒരു റേഞ്ച് ഓഫീസർ തന്നെയാണ് നേതൃത്വം നൽകുന്നത്. ഇയാൾക്കെതിരെ വനം വിജിലൻസ് അന്വേഷിക്കുന്ന 8 കേസുകളിൽ നടപടികൾ അവസാനിപ്പിക്കാനും ധാരണയായതായാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

മന്ത്രി ഓഫീസിലെ മന്ത്രിയുടെ വിശ്വസ്തരിൽ പ്രമുഖരായ രണ്ടുപേർ ഇതിനു പിന്തുണ നൽകിയതിനെ തുടർന്ന്, ഓഫീസിൽ തന്നെ ജീവനക്കാർ രണ്ടു വിഭാഗമായി തിരിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ ഫോൺ വിളി വിവാദമുണ്ടായപ്പോൾ രാജി സന്നദ്ധത അറിയിച്ചിരുന്നയാൾ കഴിഞ്ഞ ദിവസം വീണ്ടും ‘തന്നെ ഒഴിവാക്കണമെങ്കിൽ ആകാം’ എന്ന സന്ദേശവും നൽകി കഴിഞ്ഞിട്ടുണ്ട്.തലസ്ഥാനത്തെ ഒരു വനം ജീവനക്കാരി റെക്കോർഡ് ചെയ്ത ഒരു ഫോൺ സംഭാഷണം, സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ മാസം മാതൃഭൂമി ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പാലോട്, പരുത്തിപ്പള്ളി റേഞ്ചുകളുമായി ബന്ധപ്പെട്ടുണ്ടായ ആ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് ഇതേസംഘം വീണ്ടും സ്ഥലം മാറ്റത്തിനായുള്ള വിലപേശൽ ആരംഭിച്ചിരിക്കുന്നതെന്നാണ് മനോരമ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ലേലം വിളിയിലുള്ള 27 റേഞ്ചുകളിൽ പാലോട്, പരുത്തിപ്പള്ളി, റാന്നി, കോന്നി, അഞ്ചൽ, അയ്യപ്പൻകോവിൽ, എരുമേലി, കുമളി, തൊടുപുഴ, കോടനാട്, മച്ചാട്, വടക്കഞ്ചേരി, ഒറ്റപ്പാലം, പറമ്പിക്കുളം, തേക്കടി, നെന്മാറ, ചുങ്കം, വാളയാർ, മണ്ണാർക്കാട്, കൽപറ്റ, നിലമ്പൂർ, കാസർകോട്, കണ്ണവം, അഗളി, കൊട്ടിയൂർ, ബേഗൂർ, കൊല്ലങ്കോട് എന്നിവ ഉൾപ്പെടുന്നതായും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വനത്തിനുള്ളിൽ കൂടുതൽ ജോലികൾ നടക്കുന്ന വയനാട്, കോഴിക്കോട്, കാസർകോട്, ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ വിവിധ റേഞ്ചുകളിലേക്കെത്താനാണ് കൂടുതലും തിക്കും തിരക്കും നടക്കുന്നതത്രെ. മൂന്ന് വർഷം കഴിഞ്ഞാൽ സ്ഥലം മാറ്റമുണ്ടാവുമെന്ന പേടിയിൽ പ്രധാന കസേരകളിൽ കടിച്ചു തൂങ്ങാനും ചിലർ ശ്രമിക്കുന്നതായും പുറത്ത് വന്ന വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുൻപ് മാതൃഭൂമിയും ഇപ്പോൾ മനോരമയും റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് വനംമന്ത്രിയുടെ ഓഫീസ് ആയതിനാൽ, ഇതു സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതും അന്വേഷണം നടത്തിക്കേണ്ടതും മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. ഫോറസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും അവർക്ക് നിർഭയമായി കാര്യങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ പറയാനുമുള്ള അവസരവും സൃഷ്ടിക്കണം. കാരണം, എ.കെ ശശിന്ദ്രൻ മുഖ്യമന്ത്രിക്ക് പ്രത്യേക താൽപ്പര്യമുള്ള ആളായതിനാൽ പരാതി ആരെങ്കിലും പറഞ്ഞാൽ അവരുടെ ഔദ്യോഗിക ജീവിതം അതോടെ തീരുമെന്ന മുന്നറിയിപ്പ് ഈ ഗൂഢ സംഘം നടത്തുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണ്.

Also Read: മുനമ്പത്തെത്തി രാജീവ് ചന്ദ്രശേഖർ; സമരത്തിന്റെ ഭാഗമായ 50 പേർ ബിജെപിയിൽ ചേർന്നു

മന്ത്രി എ.കെ ശശീന്ദ്രൻ്റെ കഴിഞ്ഞകാല ചെയ്തികൾ കൂടി വിലയിരുത്തുമ്പോൾ, ഇപ്പോൾ ഉയർന്ന വിവാദങ്ങളെ ഒരിക്കലും നിസാരമായി കാണാൻ കഴിയുകയില്ല. മംഗളം ചാനൽ അതിൻ്റെ പിറവിയിൽ തന്നെ പൂട്ടിക്കെട്ടാൻ കാരണമായ വിവാദ ഫോൺ സംഭാഷണം മന്ത്രി എ.കെ ശശീന്ദ്രൻ്റേത് അല്ലെന്ന് ഒരു ഏജൻസിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പത്രപ്രവർത്തകയോട് നടത്തിയ മോശമായ പെരുമാറ്റത്തിൻ്റെ പേരിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട എ.കെ ശശീന്ദ്രന് നിയമനടപടിയിൽ നിന്നും രക്ഷപ്പെടാനും മന്ത്രിസ്ഥാനത്ത് തിരികെ വരാനും കാരണമായത് പരാതിക്കാരിയായ മാധ്യമ പ്രവർത്തക പരാതി പിൻവലിച്ചതുകൊണ്ടാണ്. കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കിയെന്നും ഇത് തികച്ചും വ്യക്തിപരമായ സംഭവമായതിനാല്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ താന്‍ നല്‍കിയ കേസിലെ നടപടികള്‍ റദ്ദാക്കണമെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ മാധ്യമ പ്രവർത്തക വ്യക്തമാക്കിയിരുന്നത്.

ഇത്തരം പശ്ചാത്തലമുള്ള എ.കെ ശശിന്ദ്രനെ വീണ്ടും മന്ത്രിയാക്കിയത് തന്നെ ഇടതുപക്ഷം ചെയ്ത വലിയ പിഴവായാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ഒറ്റയ്ക്ക് നിന്നാൽ, ഒരു പഞ്ചായത്തിൽ പോലും വിജയിക്കാൻ ശേഷിയില്ലാത്ത പാർട്ടിയുടെ പ്രതിനിധിയെ വീണ്ടും വീണ്ടും സി.പി.എം നേതൃത്വം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതാണ് ഇപ്പോൾ വീണ്ടും ഇടതുപക്ഷ സർക്കാരിൻ്റെ പ്രതിച്ഛായക്ക് കളങ്കം എൽപ്പിക്കുന്ന രൂപത്തിലേക്ക് വിവാദമായി പടരാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. വനം വകുപ്പ് ജീവനക്കാരി ട്രാപ്പിലാക്കിയ മന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ആര് എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്. ഇനി പുറത്ത് വന്ന വിവരമെല്ലാം തെറ്റാണ് എന്നാണ് വാദമെങ്കിൽ, ആ കാര്യം പരസ്യമായി പൊതുസമൂഹത്തോട് പറയാൻ വനം വകുപ്പ് മന്ത്രി തയ്യാറാകണം. കാരണം നിരവധി മാസങ്ങളായി വനംവകുപ്പിനുളളിൽ പുകഞ്ഞ് കൊണ്ടിരുന്ന വിവരങ്ങളാണ് വാർത്തയായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇത്തരം സംഭവങ്ങൾ ഒരു കമ്യൂണിസ്റ്റ് മന്ത്രിമാരുടെയും ഓഫീസിൽ നടക്കുകയില്ല. ഇതുപോലുള്ള ആരോപണം വന്നാൽ, ഉടനെ തന്നെ ആരോപണ വിധേയരെ മാറ്റി നിർത്തുന്ന നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടികൾ പൊതുവെ സ്വീകരിക്കാറുള്ളത്. എ.കെ ശശീന്ദ്രനും അദ്ദേഹത്തിൻ്റെ ഓഫീസിനും മാത്രമായി ഇക്കാര്യത്തിൽ എന്തെങ്കിലും ‘പ്രത്യേക’ ഇളവുകൾ ഉണ്ടെങ്കിൽ അതും രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ടതുണ്ട്.

EXPRESS VIEW

Share Email
Top