വാഹനം സ്വന്തമായുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയൊരു തുക ലാഭിക്കാന്‍ സഹായിക്കുന്ന പ്രധാന ആനുകൂല്യമാണ് ‘നോ ക്ലെയിം ബോണസ്’. ഇന്‍ഷുറന്‍സ് കാലയളവില്‍ അപകടങ്ങളോ മറ്റ് കേടുപാടുകളോ വന്ന് ക്ലെയിം ഒന്നും ഉന്നയിക്കാത്ത പോളിസി ഉടമകള്‍ക്ക് കമ്പനികള്‍ നല്‍കുന്ന ഒരു പ്രതിഫലമാണിത്. ഇത് കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ വാഹനം പുതുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയോളം കുറയ്ക്കാന്‍ സാധിക്കും.
എന്‍സിബിയെക്കുറിച്ച് വാഹന ഉടമകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
എന്താണ് നോ ക്ലെയിം ബോണസ് (NCB)?
ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകളുടെ പരിരക്ഷാ തുകയായ ‘ഓണ്‍ ഡാമേജ്’ പ്രീമിയത്തിലാണ് ഈ ഇളവ് ലഭിക്കുന്നത്.
ഒന്നാം വര്‍ഷം: ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പ്രീമിയത്തില്‍ 20% ഇളവ് ലഭിക്കും.
അഞ്ചാം വര്‍ഷം: തുടര്‍ച്ചയായ അഞ്ച് വര്‍ഷം വരെ ക്ലെയിം ഇല്ലാതെ പോളിസി മുന്നോട്ട് കൊണ്ടുപോയാല്‍ ഈ ഇളവ് 50% വരെയായി വര്‍ധിക്കും.
ഉദാഹരണത്തിന്: നിങ്ങളുടെ വാഹനത്തിന്റെ ഓൺ ഡാമേജ് പ്രീമിയം 35,000 രൂപയാണെങ്കില്‍, ആദ്യത്തെ ക്ലെയിം രഹിത വര്‍ഷത്തിന് ശേഷം അത് 7,000 രൂപ കുറയും. അഞ്ച് വര്‍ഷം തുടര്‍ച്ചയായി ക്ലെയിം ചെയ്തില്ലെങ്കില്‍ 17,500 രൂപ വരെ ലാഭിക്കാന്‍ സാധിക്കും.
NCB-യുടെ പ്രധാന സവിശേഷതകള്‍
ആനുകൂല്യം ഉടമയ്ക്കാണ്, വാഹനത്തിനല്ല: എന്‍സിബിയുടെ ഏറ്റവും വലിയ പ്രത്യേകത അത് വണ്ടിക്കല്ല, മറിച്ച് ഉടമയ്ക്കാണ് ലഭിക്കുന്നത് എന്നതാണ്. അതിനാല്‍ പഴയ കാര്‍ വില്‍ക്കുമ്പോഴോ പുതിയ കാര്‍ വാങ്ങുമ്പോഴോ നിങ്ങളുടെ ബോണസ് പുതിയ കാറിലേക്ക് മാറ്റാന്‍ സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനി മാറിയാലും ഈ ആനുകൂല്യം നഷ്ടപ്പെടില്ല.
ചെറിയ ക്ലെയിമുകള്‍ ഒഴിവാക്കുക: ചെറിയ തുകയുടെ റിപ്പയറുകള്‍ക്കായി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. കാരണം ചെറിയൊരു ക്ലെയിം പോലും നിങ്ങളുടെ വര്‍ഷങ്ങളായുള്ള NCB ആനുകൂല്യം ഇല്ലാതാക്കും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
Also Read:സ്കോഡ കൊഡിയാക്കിന് വൻ വിലക്കുറവ്; ഫീച്ചറുകളും ഓഫർ വിവരങ്ങളും!
ശ്രദ്ധിക്കേണ്ട 3 നിയമങ്ങള്‍
ഐഡിവിയും എന്‍സിബിയും ഒന്നല്ല: വാഹനത്തിന്റെ നിലവിലെ മാര്‍ക്കറ്റ് വിലയാണ് ഐഡിവി. എന്‍സിബി ലഭിക്കുന്നത് കൊണ്ട് വണ്ടിയുടെ മൂല്യം കുറയുന്നില്ല, മറിച്ച് നിങ്ങള്‍ അടയ്‌ക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയം തുക മാത്രമാണ് കുറയുന്നത്.
90 ദിവസത്തെ നിയമം: ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞാല്‍ 90 ദിവസത്തിനകം അത് പുതുക്കിയില്ലെങ്കില്‍ നിങ്ങളുടെ നോ ക്ലെയിം ബോണസ് ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടും.
മോഷണം പോയാല്‍: വാഹനം മോഷണം പോവുകയും പോളിസി തുക ക്ലെയിം ചെയ്യുകയും ചെയ്താല്‍ എന്‍സിബി പൂജ്യമാകും.
ബോണസ് എങ്ങനെ പുതിയ വാഹനത്തിലേക്ക് മാറ്റാം?
പഴയ വണ്ടി വില്‍ക്കുമ്പോള്‍ ആ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച് ‘എന്‍സിബി റിട്ടെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്’ കൈപ്പറ്റണം. വണ്ടി വാങ്ങുന്ന പുതിയ ആള്‍ക്ക് നിങ്ങളുടെ ബോണസ് ആനുകൂല്യം ലഭിക്കില്ല. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് പുതിയ വണ്ടി വാങ്ങുമ്പോൾ പ്രീമിയം ഇളവ് നേടാം.
ബോണസ് നിലനിര്‍ത്താന്‍ ‘ആഡ് ഓണ്‍’ പ്ലാനുകള്‍
ഇപ്പോള്‍ പല കമ്പനികളും ‘എന്‍സിബി പ്രൊട്ടക്ട്’ എന്ന അധിക പരിരക്ഷ (Add-on) നൽകുന്നുണ്ട്. ഈ പ്ലാൻ എടുത്താൽ, ഒരു തവണ ക്ലെയിം ചെയ്യേണ്ടി വന്നാലും നിങ്ങളുടെ ബോണസ് പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. ചില പ്ലാനുകളില്‍ ബോണസ് തുക പൂജ്യമാകുന്നതിന് പകരം ഒരു പടി മാത്രമാണ് കുറയുക. വർഷങ്ങളായുള്ള നിങ്ങളുടെ ലാഭം സംരക്ഷിക്കാൻ ഈ ആഡ്-ഓൺ സഹായിക്കും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






