ബംഗളൂരു: രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കാനിറങ്ങിയതോടെ പേസർ മുഹമ്മദ് ഷമി വൈകാതെ ഇന്ത്യൻ സംഘത്തോടൊപ്പം ചേരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബ്രിസ്‌ബേനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഷമി ഉണ്ടാകാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഷമിയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകൾക്ക് ഇനിയും വിരാമമായിട്ടില്ലെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയേണ്ടതിനാൽ, കൂടുതൽ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമാകും റെഡ്ബാൾ ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തുക.
Also Read: ചരിത്രം കുറിച്ച് ഷഹീൻ അഫ്രീദി
പരിക്കിന്റെ പിടിയിലകപ്പെട്ട ഷമി കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെയാണ് പിന്നീട് തിരിച്ചുവരവ് അറിയിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിനായി. ഷമിയുടെ ഫിറ്റ്നസ് ഓരോ ദിവസവും വിലയിരുത്തുന്നുണ്ട്.
ഫിറ്റ്നസ് വീണ്ടെടുക്കുന്ന മുറയ്ക്ക് ഓസ്ട്രേലിയയിലേക്ക് അയക്കുമെന്നാണ് വിവരം. ഷമിയുടെ തിരിച്ചുവരവ് അധികം വൈകില്ലെന്ന സൂചന ക്യാപ്റ്റൻ രോഹിത് ശർമയും നൽകിയിരുന്നു. കാൽമുട്ടിനുള്ള വീക്കം മാറുന്നതിനായി കാത്തിരിക്കുകയാണെന്നും രോഹിത് പറഞ്ഞു. ഷമിയെ നിരീക്ഷിച്ചുവരികയാണ്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനിടെ കാൽമുട്ടിന് കുറച്ച് വീക്കം വന്നു. ഇത് ടെസ്റ്റിനായുള്ള തയ്യാറെടുപ്പിനെ ബാധിക്കുന്നുണ്ട്. ഇപ്പോൾ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവന്നാൽ താരത്തിന് സമ്മർദമാകുമെന്നും രോഹിത് പറഞ്ഞു.