സുരേഷ് ഗോപിക്കുള്ള ‘കെണിയാണോ’ മമ്മൂട്ടി കമ്പനിയുടെ സിനിമ ? കേന്ദ്രമന്ത്രി പദം തട്ടിത്തെറിപ്പിക്കാനെന്നും സംശയം

സുരേഷ് ഗോപിക്കുള്ള ‘കെണിയാണോ’ മമ്മൂട്ടി കമ്പനിയുടെ സിനിമ ? കേന്ദ്രമന്ത്രി പദം തട്ടിത്തെറിപ്പിക്കാനെന്നും സംശയം

മ്മൂട്ടി ഒരുക്കിയ ‘കെണിയാണോ ‘ സുരേഷ് ഗോപിയ്ക്കായി മമ്മൂട്ടി കമ്പനി ഒരുക്കുന്ന സിനിമ ? ഇത്തരമൊരു സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. രാഷ്ട്രീയ നിരീക്ഷകർ മാത്രമല്ല സംഘപരിവാർ കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ഇത്തരമൊരു സംശയം ഉയർന്നിരിക്കുന്നത്.

തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന ട്രൻ്റ് നിലനിൽക്കെ തന്നെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിൻ്റെ തലേദിവസം മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി സുരേഷ് ഗോപിയെ നായകനാക്കിയുള്ള സിനിമാ കരാറുമായി മുന്നോട്ട് പോയതാണ് ഇത്തരം ഒരു സംശയം ബലപ്പെടാൻ കാരണമായിരിക്കുന്നത്. ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി തന്നെയാണ് മമ്മൂട്ടി കമ്പനി നായകനാക്കി ചെയ്യാൻ പോകുന്ന സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സിനിമ തന്നെ കോരി തരിപ്പിക്കുന്നതാണെന്നാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്. ഇതിനൊപ്പം ഗോകുലം ഗോപാലൻ്റെ മൂന്ന് പ്രോജക്റ്റുകൾ കമ്മിറ്റ് ചെയ്തതായും സുരേഷ് ഗോപി വെളിപ്പെടുത്തുകയുണ്ടായി.

തൃശൂരിൽ വിജയിച്ചാൽ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്ന കാര്യം അദ്ദേഹം മത്സര രംഗത്ത് ഇറങ്ങിയപ്പോൾ തന്നെ ഉറപ്പായിരുന്നു. ‘തൃശൂരിന് ഒരു കേന്ദ്രമന്ത്രി’ എന്ന പ്രചരണമാണ് പ്രധാനമായും ബിജെപിയും തൃശൂരിൽ മുന്നോട്ട് വച്ചിരുന്നത്. സുരേഷ് ഗോപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശന പരമ്പരയും റോഡ് ഷോകളും ഒടുവിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ വരെ പ്രധാനമന്ത്രി എത്തുന്നതിലാണ് കലാശിച്ചിരുന്നത്. ഇതോടെ ജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന പ്രചരണത്തിനാണ് വിശ്വാസ്യത കൂടിയിരുന്നത്. ഇതെല്ലാം തന്നെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള എല്ലാ സിനിമാ പ്രവർത്തകർക്കും വ്യക്തമായി അറിയാവുന്ന കാര്യവുമാണ്.

സിനിമ അഭിനയവും കേന്ദ്രമന്ത്രിസ്ഥാനവും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയില്ലന്നിരിക്കെ തിരക്കിട്ട് സുരേഷ് ഗോപിയെ നായകനാക്കി പ്രോജക്ടുകൾ വരുന്നതിലാണ് അസ്വാഭാവികത കാണുന്നത്. ഇതിനു പിന്നിൽ രണ്ട് കാരണങ്ങൾ ആണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. അതിൽ ഒന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകരുതെന്ന ആഗ്രഹമാണ്. മറ്റൊന്ന് കേന്ദ്ര മന്ത്രി പദത്തിൽ എത്തുമെന്ന് ഉറപ്പുള്ള സുരേഷ് ഗോപിയുമായി ആഴത്തിലുള്ള ബന്ധം നിലനിർത്തി അത് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുക എന്നതാണ്. ഇതിൽ ഏതെങ്കിലും ഒന്നാണ് ഇപ്പോഴത്തെ സുരേഷ് ഗോപി ‘പ്രേമത്തിനു’ പിന്നിലെന്നാണ് ആരോപണം.

ഒരു നടനെന്ന നിലയിൽ നിലവിൽ വലിയ മാർക്കറ്റ് വാല്യു സുരേഷ് ഗോപിക്ക് ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ നായകനാക്കി കോടികൾ മുടക്കുന്നവരുടെ താൽപ്പര്യങ്ങൾ കൂടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് മമ്മുട്ടിക്ക് താൽപ്പര്യമില്ലന്ന കാര്യം’ ചില യൂട്യൂബ് ചാനൽ പ്രതികരണങ്ങളിൽ സുരേഷ് ഗോപി തന്നെ മുൻപ് നടത്തിയിട്ടുള്ളതാണ്. ” നീ ഇലക്ഷനിൽ ജയിച്ചാൽ, പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ലെടാ ” എന്നാണ് മമ്മൂക്ക പറഞ്ഞതെന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നത്.

അന്ന് തമാശയായി സുരേഷ് ഗോപി പോലും കണ്ട മമ്മൂട്ടിയുടെ പ്രതികരണത്തെ പുതിയ സാഹചര്യത്തിൽ ഗൗരവമായാണ് സംഘപരിവാർ കേന്ദ്രങ്ങളും കാണുന്നത്. ജയിച്ചാൽ കേന്ദ്ര മന്ത്രിയാക്കും എന്ന് പറഞ്ഞ് വിജയിപ്പിച്ച സുരേഷ് ഗോപിയെ അഭിനയ രംഗത്ത് തളച്ചിടാൻ ആര് ശ്രമിച്ചാലും അത് വോട്ടർമാരോടുള്ള അനീതിയാണെന്ന വിമർശനമാണ് പരിവാർ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. സുരേഷ് ഗോപിയെ സിനിമയിൽ തളച്ചിട്ട് മന്ത്രിയാകുന്നതിൽ നിന്നും പിൻമാറ്റാനുള്ള തന്ത്രപരമായ നീക്കമായാണ് മമ്മൂട്ടി കമ്പനിയുടെ ഇപ്പോഴത്തെ നീക്കത്തെ അവർ നോക്കി കാണുന്നത്. കേന്ദ്രമന്ത്രി പദവിയിൽ സുരേഷ് ഗോപി എത്തിയാൽ അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിൽ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവച്ചാൽ പിന്നീട് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാക്കി ബിജെപി അവതരിപ്പിച്ചാൽ അത് യുഡിഎഫിനും ഇടതുപക്ഷത്തിനും വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് ഫലത്തെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ തന്നെ ബിജെപി ഒന്നാം സ്ഥാനത്താണ് ഉള്ളത്. ആറര ലക്ഷം വോട്ടുകളാണ് അധികമായി ബിജെപിയുടെ പെട്ടിയിൽ വീണിരിക്കുന്നത്. ഇടതുപക്ഷത്തിന് നാല് ലക്ഷം വോട്ടുകൾ കുറഞ്ഞപ്പോൾ ആറ് ലക്ഷം വോട്ടുകളാണ് യുഡിഎഫിന് കേരളത്തിൽ നഷ്ടമായിരിക്കുന്നത്. ഇതിന് പുറമെ നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും ബിജെപി എത്തിയിട്ടുണ്ട്.

കാവി രാഷ്ട്രീയത്തോട് എക്കാലവും മുഖം തിരിച്ച കേരളത്തിൽ ബിജെപി ഇപ്പോൾ ഉണ്ടാക്കിയ നേട്ടം സകല രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. ഒരു സിനിമാ താരമെന്ന നിലയിൽ സുരേഷ് ഗോപിക്ക് കിട്ടിയ നേട്ടമാണ് തൃശൂരിൽ കണ്ടതെന്ന് പറയുന്ന രാഷ്ട്രീയ എതിരാളികൾ ആ സുരേഷ് ഗോപി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്നും നയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലന്നതും ഒരു യാഥാർത്ഥ്യമാണ്.

ഇടതുപക്ഷ നേതാക്കളുമായി മാത്രമല്ല, യുഡിഎഫ് നേതാക്കളുമായും വളരെ അടുത്ത ബന്ധമുള്ള താരമാണ് മമ്മൂട്ടി. ആ മമ്മൂട്ടിയുടെ സിനിമാ നിർമ്മാണ കമ്പനിയുടെ പുതിയ നീക്കത്തിന് ഒടുവിലാണ് കേന്ദ്രമന്ത്രിയാകാൻ വലിയ താൽപ്പര്യമില്ലന്ന നിലപാട് സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. മമ്മൂട്ടി കമ്പനിയുടേത് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കാനാണ് താൽപ്പര്യമെന്നാണ് അദ്ദേഹം മറ്റു ചാനൽ അഭിമുഖങ്ങളിലും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ഈ അഭിമുഖം പുറത്ത് വന്നശേഷം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിലെ അതൃപ്തി ബിജെപി നേതൃത്വം തന്നെ സുരേഷ് ഗോപിയോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി നേതൃത്വം കേന്ദ്രമന്ത്രിയാവാൻ ആവശ്യപ്പെട്ടാൽ അതാണ് ആദ്യം സ്വീകരിക്കേണ്ടത് എന്ന അഭിപ്രായമാണ് സുരേഷ് ഗോപിയുടെ ബന്ധുക്കൾക്കും ഉള്ളത്.

നിലവിൽ മലയാള സിനിമാ മേഖലയിൽ നിന്നും ഒരു മന്ത്രിയാണ് ഉള്ളത്. അത് കെ.ബി ഗണേഷ് കുമാറാണ്. മന്ത്രിയായ ശേഷം അദ്ദേഹം ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ല. എംഎൽഎ ആയ മുകേഷും മലയാളത്തിലെ പ്രധാന നടനാണ്. സുരേഷ് ഗോപിക്ക് നറുക്ക് വീണാൽ ഈ പട്ടികയിൽ ഒരു കേന്ദ്രമന്ത്രി കൂടിയാണ് വരിക.

അതേസമയം, സുരേഷ് ഗോപിയെ സിനിമയിൽ ‘തളച്ചിടാൻ’ ആര് തന്നെ ശ്രമിച്ചാലും അത് നടക്കില്ലന്നാണ് തൃശൂരിലെ ബി.ജെ.പി പ്രവർത്തകരും തുറന്നടിക്കുന്നത്. അവർ ആഗ്രഹിക്കുന്നതും കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയെ ആണ്. വി മുരളീധരൻ കേന്ദ്രമന്ത്രിയായ എഫക്ട് അല്ല സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായാൽ ഉണ്ടാകുകയെന്നാണ് ബി.ജെ.പി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പിണറായി സർക്കാറിനെ മുൾ മുനയിൽ നിർത്തുന്ന ഒരു മാസ് മന്ത്രിയായ സുരേഷ് ഗോപിയെ ആണ് അവർ പ്രതീക്ഷിക്കുന്നത്.

അതേസമയം, തൃശൂരിലെ വിജയത്തിൽ ബിജെപി പ്രവർത്തകരും നേതാക്കളും വഹിച്ച പങ്കിനെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാതെ സുരേഷ് ഗോപി നടത്തിയ ചില പ്രതികരണങ്ങളും ഇപ്പോൾ വ്യാപക ചർച്ചയായിട്ടുണ്ട്. ഇക്കാര്യത്തിൽ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ശക്തമായ പ്രതിഷേധമാണ് ഉള്ളത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തെ കേവലം വ്യക്തിപരമായ നേട്ടമായി ഒരു വിഭാഗം ചിത്രീകരിക്കുന്നത് ശരിയല്ലന്നാണ് നേതാക്കൾ തുറന്നടിക്കുന്നത്.

ഇതിനിടെ ചരിത്രത്തിൽ ആദ്യമായി ബിജെപിയ്ക്ക് കേരളത്തിൽ ഒരു എംപിയെ ലഭിച്ചതിനാൽ മോദിയുടെ മൂന്നാം മന്ത്രിസഭയിലേക്ക് ആദ്യ ഘട്ടത്തിൽ തന്നെ സുരേഷ് ഗോപി പരിഗണിക്കപ്പെടുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നടൻ സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആയാൽ ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ രീതികളും ശൈലികളും എന്തായാലും മാറ്റേണ്ടി വരും. സിനിമയും കേന്ദ്രമന്ത്രി പദവും ഒരുമിച്ച് കൊണ്ടു പോകാൻ ബിജെപി നേതൃത്വം അനുവദിക്കാനും സാധ്യതയില്ല.

Top