കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ അതിരൂക്ഷമായ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കുന്ന നയരേഖയാണ് ബജറ്റെന്നും, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഇതിന് മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയൊന്നും പരിഗണിക്കാത്തത് ബോധപൂർവ്വമായ വിവേചനമാണ്. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകൾ വെട്ടിക്കുറച്ച കേന്ദ്ര നടപടി കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2021-ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാൻ്റ് ഇപ്പോൾ 1.4 ലക്ഷം കോടിയായി കുറഞ്ഞത് ഇതിന്റെ തെളിവാണ്.
Also Read: ‘പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ’! മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം
കേരളത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് ഖനനം ചെയ്യാൻ വിട്ടുനൽകാനുള്ള കേന്ദ്ര നീക്കം അത്യന്തം അപകടകരമാണ്. പരിസ്ഥിതി മാനദണ്ഡങ്ങൾ പോലും ലംഘിച്ച് സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. റെയിൽവേ കോച്ച് ഫാക്ടറി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് സർക്കാരും ബിജെപി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോർപ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളാനുമുള്ള നവലിബറൽ നയമാണ് ഈ ബജറ്റെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.






