ഇന്ത്യാ സഖ്യത്തിൻ്റെ ഡൽഹിയിലെ യോഗത്തിൽ പങ്കെടുത്തിരിക്കുന്നത് സിപിഎം കേന്ദ്രകമ്മറ്റിയിലെ ക്ഷണിതാവ് മാത്രമായ ജോൺ ബ്രിട്ടാസ് എംപിയാണ്. അതുപോലെ തന്നെ ഇപ്പോൾ പുറത്തു വന്ന മാസപ്പടി കേസിലെ ഇഡി സമൻസുമായി ബന്ധപ്പെട്ട് നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ എന്ന് ആദ്യ പ്രതികരണം സിപി.എമ്മിൻ്റെ ഭാഗത്ത് നിന്നും നടത്തിയതും ഇതേ ബ്രിട്ടാസ് ആണ്. സംസ്ഥാന ഘടകത്തിൻ്റെയും ദേശീയ ഘടകത്തിൻ്റെയും സൂപ്പർ സെക്രട്ടറിയാണോ ഇപ്പോൾ ജോൺ ബ്രിട്ടാസ് എന്ന ചോദ്യമാണ് ഈ പ്രതികരണങ്ങൾ സി.പി.എം കേന്ദ്രങ്ങളിൽ ഉയർത്തുന്നത്. ഇത്രയും വലിയ നേതൃദാരിദ്രം സിപിഎമ്മിനുണ്ടോ എന്ന ചോദ്യവും ഈ പശ്ചാത്തലത്തിൽ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
പാർട്ടിയിലെ ഈ മാറ്റം കണ്ട് അന്തംവിട്ടിരിക്കുന്നതിപ്പോൾ സി.പി.എം നേതാക്കൾ തന്നെയാണ്. ഇന്ത്യാ മുന്നണി യോഗത്തിൽ സാധാരണ ഗതിയിൽ പങ്കെടുക്കാറുള്ളത് സി.പി.എം ജനറൽ സെക്രട്ടറിയാണ്. അതല്ലെങ്കിൽ മുതിർന്ന പിബി അംഗങ്ങളിൽ ആരെങ്കിലും പങ്കെടുക്കും. എന്നാൽ ഇത്തവണ സി.പി.എം ജനറൽ സെക്രട്ടറി എം എ ബേബി ഈ യോഗത്തിലേക്ക് പറഞ്ഞ് വിട്ടിരിക്കുന്നത് കേന്ദ്രകമ്മറ്റിയിലെ ക്ഷണിതാവ് മാത്രമായ ജോൺ ബ്രിട്ടാസിനെയാണ്. ജോൺ ബ്രിട്ടാസ് സി.പി.എം കേന്ദ്ര കമ്മറ്റിയിലെ ക്ഷണിതാവായതും രാജ്യസഭ അംഗമായതും എല്ലാം അർഹതപ്പെട്ട നിരവധി നേതാക്കളെ തഴഞ്ഞാണ് എന്നതും ശ്രദ്ധേയമാണ്.
സി.പി.എം – ബിജെപി ഡീൽ ആരോപണം കേരളത്തിൽ വന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ ആരോപിച്ചതിൽ പ്രതിഷേധം അറിയിക്കാൻ മുതിർന്ന നേതാവിനെ ആയിരുന്നു സി. പി. എം വിടേണ്ടിയിരുന്നത്. ദേശീയ നേതാക്കൾ ഇരിക്കുന്ന ഒരു വേദിയിൽ ജൂനിയറായ ഒരു എംപിയെ പറഞ്ഞയച്ചത് വഴി സിപിഎം ഉന്നയിച്ച വിഷയത്തിൻ്റെ ഗൗരവമാണ് യഥാർത്ഥത്തിൽ ചോർത്തി കളഞ്ഞിരിക്കുന്നത്.
ഇതിന് തൊട്ടു പിന്നാലെയാണിപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയോ, സെക്രട്ടറിയേറ്റ് അംഗങ്ങളോ പ്രതികരിക്കേണ്ട ഇഡി വിഷയത്തിലും ജോൺ ബ്രിട്ടാസ് ചാടിക്കയറി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഇത് സി.പി.എം സംസ്ഥാന നേതൃത്വം പറഞ്ഞിട്ടായാലും അല്ലെങ്കിലും ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന സംഘടനാ രീതിയല്ല എന്നു തന്നെ പറയേണ്ടി വരും.
മാസപ്പടി കേസിൽ വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറയേണ്ടത് ജോൺ ബ്രിട്ടാസല്ല, ബന്ധപ്പെട്ട ഘടകങ്ങളുടെ കൂടിയാലോചനയിലൂടെ സി.പി.എം അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ് പറയേണ്ടത്.
അതല്ലാതെ, ഇങ്ങനെ സുപ്രധാന കാര്യങ്ങളിൽ ജോൺ ബ്രിട്ടാസ് പ്രതികരിച്ച് തുടങ്ങിയാൽ, അത് സി. പി. എം നേതാക്കൾക്കിടയിൽ തന്നെ വലിയ ഭിന്നതയ്ക്കാണ് ഇടയാക്കുക. അതിപ്പോൾ സംഭവിച്ച് കഴിഞ്ഞിട്ടുമുണ്ട്.
പിണറായി സർക്കാറിൻ്റെ ഭരണകാലത്ത്, പി.എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിൽ പാലമായി നിന്നത് ജോൺ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ വെളിപ്പെടുത്തിയതോട് കൂടി ഈ ബ്രിട്ടാസിൻ്റെ പ്രതിച്ഛായ ഒക്കെ പൊട്ടി പാളീസായതാണ് എന്നതും സിപിഎം നേതൃത്വം മറന്നു പോകരുത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിൻ്റെ വമ്പൻ തിരിച്ചടിക്ക് പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതും ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ആർ എസ് എസ് ബുദ്ധിയിൽ പിറന്ന ഒരു പദ്ധതി, അത് എത്ര കോടി കിട്ടുമെന്ന് പറഞ്ഞാലും കമ്യൂണിസ്‌റ്റുകൾ നേതൃത്വം നൽകുന്ന ഒരു സർക്കാർ നടപ്പാക്കാൻ പാടില്ലല്ലോ ?
പാലമായവർക്കും പാലമാകാൻ വിട്ടവർക്കും എതിരെ സംഘടനാ നടപടി സി.പി.എം സ്വീകരിക്കേണ്ട ഗൗരവപരമായ വിഷയമാണിത്. പാർട്ടിക്ക് അകത്ത് നിന്നും ഘടക കക്ഷികളിൽ നിന്നും എതിർപ്പ് ഉയർന്നതോടെ പിന്നീട് ഈ പദ്ധതി പിണറായി സർക്കാർ ഉപേക്ഷിച്ചെങ്കിലും സംഘടനാപരമായ നടപടി അവിടെ ബാക്കി കിടപ്പുണ്ട്. അടുത്ത പാർട്ടി സമ്മേളനങ്ങളിൽ ഈ വിഷയവും പ്രധാന ചർച്ചാ വിഷയമാകും എന്നു തന്നെയാണ് സി.പി.എം അനുഭാവികൾ കരുതുന്നത്.
ഇപ്പോൾ സി.പി.എമ്മിൽ നടക്കുന്നത് തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലം മുതലാക്കി സി. പി. എം നേതൃത്വത്തിലേക്ക് ബ്രിട്ടാസ് ഉൾപ്പെടെ ഉള്ളവരെ ഉയർത്തി കൊണ്ടുവരാനുള്ള തന്ത്രപരമായ ഒരു നീക്കമാണ്. അതിൻ്റെ ഭാഗമായേ ബ്രിട്ടാസിനോടുള്ള ഇപ്പോഴത്തെ ഈ പരിഗണനയെയും കാണാൻ സാധിക്കുകയൊള്ളൂ.
സി.പി.എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അങ്ങനെ ഒരു അജണ്ട ഉണ്ടോ എന്ന സംശയം ഇടതുപക്ഷ കേന്ദ്രങ്ങളിൽ തന്നെ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പിണറായി വിജയൻ്റെ നല്ലകാലത്ത് അദ്ദേഹത്തോടൊപ്പം നിന്ന ചിലർ ഇപ്പോൾ മറുകണ്ടം ചാടി പുതിയ ശാക്തിക ചേരി സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
എന്നാൽ, അവസരവാദികളായ ഏത് നേതാക്കൾ എവിടെ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചാലും അതിനൊക്കെ സി പി എം സംഘടനാ സമ്മേളനങ്ങൾ വരെ മാത്രമേ ആയുസ്സുണ്ടാകുകയൊള്ളൂ. വ്യക്തിപരമായ നേട്ടങ്ങൾക്കും അപ്പുറം പാർട്ടിയെ സ്‌നേഹിക്കുന്ന ഒരുപാട് പ്രവർത്തകരും നേതാക്കളും സി.പി.എമ്മിലുണ്ട്. അവർ സടകുടഞ്ഞ് എണീറ്റാൽ ബ്രാഞ്ച് തലം മുതൽ സംസ്ഥാന സമ്മേളനം വരെ ഔദ്ദ്യോഗിക പാനലിനെതിരെ മത്സരമുണ്ടാകും. അത് സിപിഎമ്മിൽ ഉണ്ടാക്കാൻ പോകുന്നത് വിപ്ലവകരമായ മാറ്റമായിരിക്കും. അത്തരം ഒരു നേതൃത്വം വന്നാൽ യുഡിഎഫിൻ്റെ വഞ്ചിയെയും അവർ മുക്കും. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരികയും ചെയ്യും. അക്കാര്യത്തിലും ആർക്കും ഒരു സംശയവും ഉണ്ടാവേണ്ടതില്ല.
ഇപ്പോഴത്തെ കേന്ദ്ര സർക്കാരിൻ്റെ നടപടി കണ്ടാൽ 2029-ൽ ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. തൃണമൂൽ കോൺഗ്രസ്സിലെ എംപിമാരിൽ 20 പേരെ ഇതിനകം തന്നെ ബിജെപി റാഞ്ചി കഴിഞ്ഞിട്ടുണ്ട്. അതു പോലെ തന്നെ ഡി എം കെ എംപിമാരുടെ പിന്തുണയും ഇതു സംബന്ധമായ ബില്ല് പാസാക്കാൻ കേന്ദ്ര സർക്കാരിന് ലഭിക്കും. അതോടെ 2029 -ൽ ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ കേരള നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കും. തെറ്റ് തിരുത്തി മുന്നേറിയാൽ ഇടതുപക്ഷത്തിന് തീർച്ചയായും കേരള ഭരണം തിരിച്ചു പിടിക്കാൻ സാധിക്കും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഒരിക്കലും മത്സര രംഗത്ത് തന്നെയുണ്ടാകില്ല. വിജുകൃഷ്ണനെ പോലെയുള്ള കർഷക പോരാട്ടങ്ങളുടെ സമര നായകനെ സി.പി.എം ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ഇറക്കിയാൽ, വലിയ ആവേശമാണ് അത് ഇടതുപക്ഷത്ത് ഉണ്ടാക്കുക. ചുട്ടുപൊളളുന്ന വെയിലത്ത് നാസിക്കിൽ നിന്നും മുംബൈ വരെ നടന്ന കർഷകരുടെ കൂറ്റൻ ലോങ് മാർച്ച് മുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന കർഷക പോരാട്ടങ്ങളുടെ ബുദ്ധികേന്ദ്രം മാത്രമല്ല അത് നയിച്ചവരിൽ പ്രമുഖനുമാണ് വിജു കൃഷ്ണൻ എന്നത് ഓർക്കണം. അതു കൊണ്ട് സി.പി.എമ്മിൽ മുഖ്യമന്ത്രി മെറ്റീരിയൽ ഇല്ലന്നൊന്നും ആരും കരുതേണ്ടതില്ല.
കണ്ണൂർ സ്വദേശിയും നിലവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ആയതിനാൽ വിജു കൃഷ്ണനെ ലാൻഡ് ചെയ്യിപ്പിക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം വിചാരിച്ചാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. സി.പി.എമ്മിനെ സംബന്ധിച്ച് രാജ്യത്ത് ഒരു സംസ്ഥാനത്ത് എങ്കിലും ഭരണത്തിൽ വരേണ്ടത് അനിവാര്യമാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ അവർക്ക് വോട്ട് ചെയ്ത ജനവിഭാഗങ്ങളെ പോലും വെറുപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിച്ചതും വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശൻ്റെ മുന്നിൽ പോയി മന്ത്രി ബിന്ദു കൃഷ്ണ വണങ്ങി നിന്നതും, മുഖ്യമന്ത്രി വിഡി സതീശൻ്റെ വസതിയിൽ വച്ച് തുഷാർ വെള്ളാപ്പള്ളിയെ കണ്ടതും എല്ലാം വലിയ വികാരമാണ് യുഡിഎഫിന് വോട്ട് ചെയ്ത ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഇതിനു പുറമെ കേന്ദ്ര സർക്കാരിൻ്റെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള വിഡി സതീശൻ സർക്കാർ നീക്കവും തിരിച്ചടിയാകും. കോൺഗ്രസ്സ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഒപ്പിട്ട ഈ പദ്ധതിയിൽ സ്വാഭാവികമായും വിഡി സതീശൻ സർക്കാരും ഒപ്പിടുവാൻ തന്നെയാണ് സാധ്യത. ഇടതുപക്ഷത്തെ പോലെ, കാവിയോട് അയിത്തം കാണിക്കുന്ന പാർട്ടിയൊന്നുമല്ല കോൺഗ്രസ്സ് എന്നതും നമ്മൾ തിരിച്ചറിയണം. കേന്ദ്ര ഫണ്ട് കിട്ടാൻ ഏത് പദ്ധതിയിലും യു ഡി എഫ് സർക്കാർ ഒപ്പിടും.
പി എം ശ്രീയിൽ മുൻപ് ഇടതുപക്ഷ സർക്കാർ ഒപ്പിട്ടു എന്നും, ആദ്യ ഘട്ടത്തിലെ പണം വാങ്ങി എന്നുമൊക്കെ ഇപ്പോൾ ലീഗുകാരനായ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പറയുന്നത്, ഒരു മുൻകൂർ ജാമ്യമെടുക്കലാണ്. എന്നാൽ പി എം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയാൽ അത് മുസ്ലിം ലീഗിലും കോൺഗ്രസ്സിലും വലിയ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 2029ലെ തിരഞ്ഞെടുപ്പിൽ അതിൻ്റെ എഫക്ട് തീർച്ചയായും ഉണ്ടാകും.
EXPRESS VIEW
വീഡിയോ കാണാം…






