കുറഞ്ഞ സമയംകൊണ്ട് തയ്യാറാക്കാം എന്നതുകൊണ്ട് തന്നെ പലരുടെയും പ്രഭാതഭക്ഷണം ബ്രെഡ് ഓംലെറ്റിലാണ് അവസാനിക്കുന്നത്. എന്നാൽ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ ഇക്കാലത്ത്, ഈ ലളിതമായ പ്രഭാതഭക്ഷണം പോലും വലിയ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നുണ്ട്. എല്ലാ ദിവസവും ബ്രെഡ് ഓംലെറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷകരമാണോ?
ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സ്വഭാവം നിർണയിക്കുന്നതിൽ ബ്രെഡിന് പ്രധാന പങ്കുണ്ട്. തവിട് നീക്കം ചെയ്ത ശുദ്ധീകരിച്ച മാവിൽ നിന്ന് തയ്യാറാക്കുന്ന വൈറ്റ് ബ്രെഡ് പെട്ടെന്ന് ദഹിക്കുമെങ്കിലും, രക്തയിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാനും വേഗത്തിൽ വിശപ്പ് തോന്നാനും കാരണമാകും. എന്നാൽ നാരുകളും സൂക്ഷ്മ പോഷകങ്ങളും അടങ്ങിയ ഹോൾഗ്രെയിൻ ബ്രെഡ് ദഹനം മന്ദഗതിയിലാക്കുകയും പ്രഭാതത്തിൽ സുസ്ഥിരമായ ഊർജ്ജം നൽകുകയും ചെയ്യുന്നു. വിവിധ ധാന്യങ്ങളും വിത്തുകളും അടങ്ങിയ മൾട്ടിഗ്രെയിൻ അല്ലെങ്കിൽ സീഡഡ് ബ്രെഡ് കൂടുതൽ സമയം വയറുനിറഞ്ഞ അനുഭൂതി നൽകാനും ഇൻസുലിൻ പ്രതികരണത്തെ സ്ഥിരപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സമ്പൂർണ പ്രോട്ടീനുകളുടെയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് മുട്ട. തലച്ചോറിന്റെ പ്രവർത്തനത്തെയും ഉപാപചയ കാര്യക്ഷമതയെയും പിന്തുണയ്ക്കാൻ ഇതിലെ കോളിൻ, വൈറ്റമിൻ ബി12 തുടങ്ങിയവ സഹായിക്കും. ഓംലെറ്റായി കഴിക്കുമ്പോൾ ഇത് സാവധാനത്തിൽ ദഹിക്കുകയും മണിക്കൂറുകളോളം ശരീരത്തിന് സ്ഥിരമായ ഊർജ്ജം നൽകുകയും ചെയ്യും. ഇതിലേക്ക് പച്ചക്കറികൾ കൂടി ഉൾപ്പെടുത്തുന്നത് നാരുകളും ആന്റിഓക്സിഡന്റുകളും വർധിപ്പിക്കും. സമീകൃത ഭക്ഷണക്രമത്തിൽ മിതമായ അളവിൽ മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ അപകടസാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.
ഓംലെറ്റ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണയാണ് ഇതിന്റെ ആരോഗ്യഫലം നിർണയിക്കുന്ന മറ്റൊരു നിർണായക ഘടകം. വെണ്ണയോ നെയ്യോ രുചി വർധിപ്പിക്കുമെങ്കിലും, ഇവയിലെ ഉയർന്ന പൂരിത കൊഴുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് എൽ.ഡി.എൽ. കൊളസ്ട്രോൾ വർധിപ്പിച്ചേക്കാം. ഒലിവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലുള്ളതിനാൽ ഹൃദായാരോഗ്യത്തിന് ഏറെ അനുയോജ്യമാണ്. നിലക്കടല എണ്ണ ഉയർന്ന താപനിലയിൽ സ്ഥിരതയുള്ളതാണ്. സൺഫ്ലവർ ഓയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒമേഗ-6 ഫാറ്റി ആസിഡുകൾ കൂടുതലായതിനാൽ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണയുടെ അളവ് കുറച്ച് മിതമായ ചൂടിൽ ഓംലെറ്റ് തയ്യാറാക്കുന്നതാണ് ഏറ്റവും ഉചിതം.
ചുരുക്കത്തിൽ, ദിവസേനയുള്ള ബ്രെഡ് ഓംലെറ്റ് പ്രഭാതഭക്ഷണം ആരോഗ്യകരമാണോ എന്നത് അത് തയ്യാറാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. ഹോൾഗ്രെയിൻ ബ്രെഡ്, പച്ചക്കറികൾ ധാരാളം ചേർത്ത ഓംലെറ്റ്, ഒലിവ് ഓയിൽ അല്ലെങ്കിൽ നിലക്കടല എണ്ണ എന്നിവയുടെ മിശ്രിതം ഉപാപചയ സ്ഥിരതയെയും ഊർജ്ജ നിലയെയും പിന്തുണയ്ക്കും. അതേസമയം, വൈറ്റ് ബ്രെഡും ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകൾ അടങ്ങിയ എണ്ണകളും സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. ചേരുവകളുടെ ഗുണനിലവാരമാണ് ഇതിന്റെ ആരോഗ്യപരമായ സ്വാധീനം നിർണയിക്കുന്നത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






