ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്. ഒരു മാസത്തേക്കാണ് ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
സെലക്ഷൻ പ്രോസസ്സ് പൂർണ്ണമായും പൂർത്തിയായിട്ടില്ലെന്നും അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ ശേഷിക്കുന്നതിനാൽ ഇപ്പോൾ രേഖകൾ നൽകുന്നത് പരീക്ഷയുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നുമാണ് പിഎസ് സി കോടതിയിൽ വാദിച്ചത്. തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം രേഖകൾ നൽകാമെന്ന പിഎസ് സിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.
Also Read: കോട്ടയത്തെ നവജാതശിശു വില്‍പ്പന; കണ്ണൂരിലെ കേസിൽ പ്രതികളുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തി പോലീസ്
നേരത്തെ പരാതിക്കാരന്റെ അപേക്ഷയിൽ ഉത്തരക്കടലാസിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പിഎസ് സി തയ്യാറാവാതിരുന്നതിനെ തുടർന്ന് വിവരാവകാശ കമ്മീഷൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ സാങ്കേതിക പിഴവുകൾ തിരുത്തി പിഎസ് സി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയതും അനുകൂല ഉത്തരവ് നേടിയതും.





