തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് സാങ്കേതിക പിഴവെന്ന പി.എസ്.സിയുടെ വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 58 മാർക്കിന് മൂല്യനിർണയം നടത്താത്തത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്ന് ഡെമോ മൂല്യനിര്‍ണയത്തിലൂടെ എസ്.ഐ.ടി സ്ഥിരീകരിച്ചു. ഇത് വെറുമൊരു സാങ്കേതിക പിഴവെന്നായിരുന്നു ചെയർമാൻ അടക്കമുള്ളവരുടെ വാദം.
കേസുമായി ബന്ധപ്പെട്ട് പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി തന്റെ മൊഴി ആവർത്തിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകാൻ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ചെയർമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പി.എസ്.സി സെക്രട്ടറി സാജു ജോർജും മൊഴി നൽകിയിരുന്നു. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Also Read:പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും
അതേസമയം, ക്രമക്കേട് കണ്ടെത്തിയിട്ടും ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമനം റദ്ദാക്കാൻ പി.എസ്.സി ഇതുവരെ തയ്യാറായിട്ടില്ല. പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടും, ആദ്യ ലിസ്റ്റ് പ്രകാരം നിയമനം നേടിയ ആൾ ഇപ്പോഴും സർവീസിൽ തുടരുകയാണ്. അരുൺ ജെ. പ്രതാപിനെ സർവീസിൽ നിന്ന് മാറ്റുന്നതിൽ പി.എസ്.സി ഉടൻ തീരുമാനമെടുത്തേക്കില്ലെന്നാണ് വിവരം.






