കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. വിവാദമായ പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ്സി ചെയർമാനെയും മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഔദ്യോഗികമായി നോട്ടീസ് നൽകി. ഈ മാസം 15 മുതൽ കമ്മീഷൻ അംഗങ്ങളുടെ മൊഴിയെടുക്കാനാണ് തീരുമാനം. അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമായിരിക്കും ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. പിഎസ്സി ചരിത്രത്തിൽ ആദ്യമായാണ് കമ്മീഷൻ അംഗങ്ങളെ ഇത്തരത്തിൽ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.
ഈ കേസിൽ രണ്ട് ഉയർന്ന പിഎസ്സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കാണ് ഔദ്യോഗിക ചുമതലകളിൽ വീഴ്ചയുണ്ടായത്. ഇതിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷ് സർവീസിൽ നിന്ന് വിരമിച്ച് ഒന്നര വർഷം കഴിഞ്ഞിരുന്നു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.
Also Read: പവർകട്ടിന് മുൻപ് മൊബൈലിൽ മെസേജ് എത്തും; മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനവുമായി കെ.എസ്.ഇ.ബി
പരീക്ഷയിൽ ഒമ്പത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ ഒഴിവാക്കിയത് ചില പ്രത്യേക ഉദ്യോഗാർത്ഥികളെ അനുകൂലിക്കാനാണോ അതോ വെറുമൊരു സാങ്കേതിക പിഴവാണോ എന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്. ഇത് ബോധപൂർവ്വമായ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാൻ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യും. ഈ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.





