ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ്. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പ്രകോപനവും ശത്രുക്കളെ കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ അകപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. മേഖലയിൽ സൈനിക സംഘർഷം ഉച്ചസ്ഥായിയിൽ നിൽക്കെ പുറത്തുവന്ന ഈ പ്രസ്താവന പശ്ചിമേഷ്യയെ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും രാജ്യത്തിന്റെ സുരക്ഷാ സേന അതീവ ജാഗ്രതയിലാണെന്നും റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. അമേരിക്ക സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ‘യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ’, ‘യുഎസ്എസ് മൈക്കൽ മർഫി’ എന്നീ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ അതിർത്തിക്കടുത്ത് നടക്കുന്ന ഇത്തരം സൈനിക നീക്കങ്ങൾ ഒരു കെണിയായി മാറുമെന്നും ശത്രുക്കൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നുമാണ് ഇറാന്റെ നിലപാട്.
Also Read: ഒരൊറ്റ ദിവസം കൊണ്ട് തകർക്കും; ഹോർമുസ് കടലിടുക്കിൽ അമേരിക്ക യുദ്ധക്കപ്പലുകൾ! മുന്നറിയിപ്പുമായി ട്രംപ്
അന്താരാഷ്ട്ര കപ്പൽ പാതയിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിലനിൽക്കെ, അമേരിക്കയുടെ ഉപരോധ ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ട്രംപിന്റെ കർക്കശമായ നിലപാടുകൾക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ഇറാൻ, ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് അറിയിച്ചു. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ പോർവിളികൾ തുടരുന്നത് ആഗോള വിപണിയെയും നയതന്ത്ര മേഖലയെയും ഒരുപോലെ മുനമ്പിൽ നിർത്തിയിരിക്കുകയാണ്.






