പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ, ഇറാനിലെ പരമോന്നത നേതാവിലേയ്ക്കാണ് എല്ലാവരുടെയും കണ്ണ്. ഇറാന്റെ സുപ്രീം ലീഡര്‍, സുപ്രീം പവര്‍ എന്ന് വിശേഷണമുള്ള അധികാര സ്ഥാനമാണ് ഇത്. ഇറാന്റെ ആദ്യ പരമോന്നത നേതാവിന് ഇന്ത്യയില്‍ വേരുകളുണ്ടായിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ ആയത്തുള്ള റുഹുള്ള മുസാവി ഖമേനി 1979 ല്‍ ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായി. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സയ്യിദ് അഹമ്മദ് മുസാവി 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബരാബങ്കിക്കടുത്തുള്ള കിന്റൂര്‍ ഗ്രാമത്തിലാണ് ജനിച്ചത്. കിന്റൂര്‍ ഷിയാ വിഭാഗക്കാരുടെ ഒരു കേന്ദ്രമായിരുന്നു. പിന്നീട് അദ്ദേഹം ഇറാഖിലെ നജാഫിലേക്ക് താമസം മാറി. ഒടുവില്‍ 1834-ല്‍ ഇറാനിലെ ഖൊമൈന്‍ നഗരത്തില്‍ സ്ഥിരതാമസമാക്കി. മതപരവും രാഷ്ട്രീയവുമായ അധികാരത്തിനായുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അന്വേഷണം ഇവിടെ ആരംഭിച്ചു. ഇറാനിയന്‍ രേഖകളിലും കാണപ്പെടുന്ന ‘ഹിന്ദി’ എന്ന പദവി മുസാവി നിലനിര്‍ത്തി. അത് അദ്ദേഹത്തിന്റെ വംശപരമ്പരയുടെ തെളിവാണ്. ഒരു നൂറ്റാണ്ടിനുശേഷം ഇറാന്റെ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഖമേനിയുടെ ആത്മീയതയിലുള്ള താല്‍പ്പര്യത്തിന് പിന്നിലെ പ്രേരകശക്തി മുസാവിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

Also Read: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലി നഗരങ്ങള്‍ തകര്‍ന്നു; വ്യാപക നാശനഷ്ടം
ആരായിരുന്നു ആയത്തുള്ള റുഹുള്ള മുസാവി ഖമേനി?
1979-ല്‍ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായിരുന്നു അയത്തുള്ള റുഹുള്ള മുസാവി ഖമേനി. 1979-ല്‍ ഇറാനിലെ ഭരണാധികാരിയായിരുന്ന പാശ്ചാത്യ രാജ്യങ്ങളെ അനുകൂലിച്ചിരുന്ന മുഹമ്മദ് റെസ പഹ്ലവിയെ സ്ഥാനഭ്രഷ്ടനാക്കി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിച്ചു. തുടര്‍ന്ന് അദ്ദേഹം ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായി. 1989-ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു.
ഇറാനിലെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ, മത സ്ഥാനത്തേക്ക് ഉയര്‍ന്നതിനുശേഷവും ടെഹ്റാനിലെ ഒരു ഒറ്റനില വീട്ടില്‍ താമസിച്ചിരുന്ന എളിമയുള്ള നേതാവായിരുന്നു ഖമേനി എന്ന് വിശ്വസിക്കപ്പെടുന്നു . സയ്യിദ് മഹ്ദി ഇമാം ജമാഹ് അദ്ദേഹത്തിന് വീട് സൗജന്യമായി വാഗ്ദാനം ചെയ്‌തെങ്കിലും ഖമേനി അദ്ദേഹത്തിന് ആയിരം റിയാലുകള്‍ നല്‍കി. ഈജിപ്ഷ്യന്‍ അലങ്കാരങ്ങള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വീട്. കൂടാതെ രണ്ട് ചെറിയ മുറികളുമുണ്ട്. തന്റെ ആഡംബരത്തിനായി ആളുകള്‍ പണം ചെലവഴിക്കുന്നത് റുഹുള്ള ഖമേനി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയായിരുന്നു ഇമാമിന് അദ്ദേഹം ആയിരം റിയാലുകള്‍ നല്‍കിയതും.