ലോകത്തെ പരക്കെ ആശങ്കയിലാഴ്ത്തിയാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നത്. ഒടുവില്‍, ഈ സംഘര്‍ഷം ഇപ്പോള്‍ വെടിനിര്‍ത്തലില്‍ എത്തി നില്‍ക്കുമ്പോള്‍ ആക്രമണത്തിന് തുടക്കമിട്ട ഇസ്രയേല്‍ എന്തുനേടി എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും സമ്മതിക്കേണ്ടി വരുമ്പോള്‍ അവിടെ തകരുന്നത് ഈ രാജ്യങ്ങളുടെ പ്രഖ്യാപിത അജണ്ട കൂടിയാണ്. ബങ്കറുകള്‍ സുലഭമായി ഉള്ള രാജ്യമായതിനാല്‍ മാത്രമാണ് ഇസ്രയേലില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടാതിരുന്നത്. അത്തരമൊരു സംവിധാനവും ലോകത്തെ മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉണ്ടായിട്ടുപോലും ഇറാന്റെ മിസൈലുകള്‍ പതിച്ച്, വന്‍ നാശനഷ്ടമാണ് ഇസ്രയേലിന് സംഭവിച്ചിരിക്കുന്നത്. ഇത് ജനവികാരം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരാവാനും പ്രധാന കാരണമായി മാറിയിട്ടുണ്ട്.
Also Read: ഒടുവിൽ തത്സുകി പ്രവചിച്ചത് സംഭവിച്ചു ! ജപ്പാന് പകരം ദുരന്തം നടന്നത് ടെക്സസിൽ !
ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നും, 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ സഹായിക്കാന്‍ സംഭാവന ആവശ്യപ്പെട്ട് ഇസ്രയേലി സന്നദ്ധ സംഘടനയായ ഓജെന്‍, ഇതിനകം തന്നെ ധനസമാഹരണവും തുടങ്ങിയിട്ടുണ്ട്. ഇവരുടെ വെബ്‌സൈറ്റിലും ‘ടൈംസ് ഓഫ് ഇസ്രയേലില്‍’ നല്‍കിക വാര്‍ത്തയിലുമാണ് ഏകദേശ നഷ്ടക്കണക്ക് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായ രാജ്യവും…നമ്പര്‍ വണ്‍ ഇന്റലിജന്‍സും എന്ന ഇസ്രയേലിന്റെ പദവിക്കാണ് ഇറാന്റെ തിരിച്ചടി പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനങ്ങള്‍, അത്ര മികച്ചതല്ലാതിരുന്നിട്ടു കൂടി, ഇസ്രയേലില്‍ വന്‍ നാശം വിതയ്ക്കാനും അമേരിക്കയെ വിറപ്പിക്കാനും ഇറാന് സാധിച്ചിട്ടുണ്ട്. അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാതെ അമേരിക്ക തന്നെ മുന്‍കൈ എടുത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിപ്പിച്ചിരിക്കുന്നത്.

അക്രമം തുടങ്ങിയ ഇസ്രയേല്‍ തന്നെ അക്രമണം അവസാനിപ്പിച്ചാല്‍ തങ്ങളും പിന്‍മാറാമെന്ന നിലപാടാണ്, അപ്പോഴും ഇറാന്‍ സ്വീകരിച്ചിരുന്നത്. ഇതോടെ ഇസ്രയേലും പിന്‍മാറാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്. ഗാസയിലും ലെബനനിലും സിറിയയിലും പരീക്ഷിച്ച് വിജയിച്ച ആക്രമണശൈലി ഇറാനില്‍ കൂടി പുറത്തെടുത്തപ്പോഴാണ്, ഇസ്രയേലിന് പണി പാളിയിരിക്കുന്നത്. ഇറാന്റെ മിസൈല്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ആ രാജ്യത്തിനുണ്ടായത്. അമേരിക്കയും ഇസ്രയേലും ആഗ്രഹിച്ചതു പോലുള്ള ഒരു ആണവ കരാറിലും ഒപ്പിടാതെ തന്നെ സംഘര്‍ഷം അവസാനിച്ചത് യഥാര്‍ത്ഥത്തില്‍ ഇറാനാണ് നേട്ടമായി മാറാന്‍ പോകുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഒരു കാരണവശാലും സഹകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, എന്തു തന്നെ വന്നാലും, അത് അല്‍പ്പം വൈകിയാലും ഇറാന്‍ ആണവായുധം ഉണ്ടാക്കുമെന്നത് അവരുടെ ഈ നിലപാടില്‍ തന്നെ വ്യക്തമാണ്.
12 ദിവസം നീണ്ടു നിന്ന രൂക്ഷമായ ഏറ്റുമുട്ടല്‍ ഇസ്രയേല്‍ ജനതയില്‍ ആശങ്ക പടര്‍ത്തുമ്പോള്‍ ഇത്തരമൊരു സംഘര്‍ഷം യഥാര്‍ത്ഥത്തില്‍ ഇറാന്‍ ജനതയെ ഒന്നിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ഇറാനില്‍ മാത്രമല്ല, വിവിധ ലോക രാജ്യങ്ങളിലും വീരപരിവേഷമാണുള്ളത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ തല ഉയര്‍ത്തി നിന്നത് ഇറാന്റെ മിസൈല്‍ കരുത്താണ് എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതാ, ഏറ്റവും പുതുതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇറാന്റെ സമ്പദ് വ്യവസ്ഥ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് കുതിച്ചുയരുന്നതായാണ്.

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷവും ഉപരോധങ്ങളും ഇറാന്റെ എണ്ണ ഉല്‍പാദനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷ സമയത്ത്, അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ ചെറിയ കേടുപാടുകള്‍ പോലും ശരവേഗത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കിയാണ് ഇറാന്‍ മുന്നോട്ട് പോയിരുന്നത്. നിലവില്‍ ഇറാന്റെ എണ്ണ – ഊര്‍ജ്ജ വ്യവസായങ്ങള്‍ എക്കാലത്തേക്കാളും കരുത്തുറ്റതായാണ് മാറിയിരിക്കുന്നത്.
ഇറാനിയന്‍ എണ്ണ ഉല്‍പാദനവും കയറ്റുമതിയും, ഇങ്ങനെ കുതിച്ചുയരുമ്പോള്‍, ഉപരോധങ്ങള്‍, ‘കടലാസില്‍’ മാത്രമായാണ് ഒതുങ്ങിപ്പോകുന്നത്. ഇറാനില്‍ എണ്ണ വ്യവസായം കുതിച്ചുയരുന്നതോടൊപ്പം തന്നെ പ്രവര്‍ത്തന ഉല്‍പ്പാദനവും കയറ്റുമതിയും റെക്കോര്‍ഡ് ഉയരത്തിലെത്തിയതായാണ് പ്രമുഖ അമേരിക്കന്‍ മാധ്യമവും എടുത്ത് പറയുന്നത്. പതിറ്റാണ്ടുകളായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധങ്ങള്‍ക്കിടയിലും ഇറാന്റെ എണ്ണ മേഖല അഭിവൃദ്ധി പ്രാപിക്കുന്നത് ആ രാജ്യത്തെ ഭരണകൂടത്തെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. 2024 ലെ ഉല്‍പാദനം 46 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ 2025 ല്‍ അത് റെക്കോര്‍ഡ് ഉയരത്തില്‍ എത്തുവാനാണ് പോകുന്നത്.

2020 ലെ 18 ബില്യണ്‍ ഡോളറില്‍ നിന്ന് 2024 -ല്‍ ഊര്‍ജ്ജ കയറ്റുമതി വരുമാനം 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 78 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയുടെ എണ്ണ ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന് എങ്ങനെ കഴിഞ്ഞു എന്നത് പരിശോധിക്കുമ്പോള്‍ അവിടെ നമുക്ക് അമേരിക്കന്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കൊപ്പം തന്നെ ചൈനയുടെ വളര്‍ന്നുവരുന്ന ആഗോള സ്വാധീനവും കണക്കിലെടുക്കേണ്ടതുണ്ട്. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന പ്രധാനപ്പെട്ട രാജ്യമാണ് ചൈന. ഇറാനും ചൈനയും നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ട് പോകുന്നത്. മാത്രമല്ല, ഇറാന്‍ അവരുടെ ഊര്‍ജ്ജ കയറ്റുമതി മൊത്തത്തില്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുമുണ്ട്.
Also Read: ആഗോള ആണവ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നത് റഷ്യ; വിദേശരാജ്യങ്ങളെ കൈയ്യിലെടുത്ത് പുടിന്‍
ഈഥെയ്ന്‍, ബ്യൂട്ടെയ്ന്‍, പ്രൊപ്പെയ്ന്‍ തുടങ്ങിയ കണ്ടന്‍സേറ്റുകളുടെയും പ്രകൃതി വാതക ദ്രാവകങ്ങളുടെയും ഉത്പാദനവും വലിയ രൂപത്തിലാണ് വര്‍ദ്ധിപ്പിച്ചത്. ഇത്, ഗണ്യമായ വിദേശനാണ്യം ഇറാന് നേടിക്കൊടുക്കുന്നതില്‍ സഹായിക്കുന്ന പ്രധാന ഘടകമാണ്. പ്രകൃതിവാതക ശേഖരത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യവും മൂന്നാമത്തെ വലിയ ഉത്പാദക രാജ്യവും ഇറാന്‍ തന്നെയാണ്.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡായ സൗത്ത് പാര്‍സ് പ്രകൃതിവാതക ഫീല്‍ഡ്, ഇറാനിലെ തെക്കന്‍ ബുഷെര്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇറാനും ഖത്തറും സംയുക്തമായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇറാന്റെ വാതക ഉല്‍പാദനത്തിന്റെ ഏകദേശം 66 ശതമാനവും ഈ ഫീല്‍ഡില്‍ നിന്നാണ് വരുന്നത്. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍, ലോകത്തിലെ മൂന്നാമത്തെ വലിയ വാതക ഉല്‍പ്പാദക രാജ്യമാണ് ഇറാന്‍ എന്നതും, ഒരു യാഥാര്‍ത്ഥ്യമാണ്. 2022 മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൈനീസ് കസ്റ്റംസ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ഷിപ്പ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് ചൈനയുടെ ഇറാനിയന്‍ ക്രൂഡ് ഇറക്കുമതി വലിയ രൂപത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നതാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉറക്കം കെടുത്തുന്ന കണക്കുകളാണിത്.
Express View
വീഡിയോ കാണാം