ഇസ്രയേലിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളില്‍ തിരിച്ചടിക്കും: ഇസ്രയേല്‍ സൈനിക മേധാവി

ഇസ്രയേലിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളില്‍ തിരിച്ചടിക്കും: ഇസ്രയേല്‍ സൈനിക മേധാവി

ഇസ്രയേലിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളില്‍ തിരിച്ചടിക്കുമെന്ന പ്രതികരണവുമായി ഇസ്രയേല്‍ സൈനിക മേധാവി. ഇറാന്റെ ആക്രമണം ബാധിച്ച തെക്കന്‍ ഇസ്രയേലിലെ നെവാതിം വ്യോമസേന താവളം സന്ദര്‍ശിക്കവേയായിരുന്നു സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഏത് രീതിയിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.ഇറാന്റെ 99 ശതമാനം ഡ്രോണുകളും ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളും വെടിവെച്ചിട്ടതായാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. 300 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്റെ നടപടിയെ പ്രതിരോധിക്കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേലിന്റേത് പരിമിതമായ തിരിച്ചടിയായിരിക്കുമെന്നും ഇറാന്റെ മേഖലകളെ ബാധിക്കില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ബൈഡന്റെ ഭരണകൂടം.

ഇസ്രയേല്‍ ദുഷ്‌കരമായ അയല്‍പ്പക്കത്താണ് ജീവിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും യുദ്ധമന്ത്രിസഭയുടെ തീരുമാനങ്ങളെ തങ്ങള്‍ ബഹുമാനിക്കുമെന്നും കഴിഞ്ഞ ദിവസം സിഎന്‍എന്നിനോട് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിരുന്നു. ഇറാനുമായി യുദ്ധത്തിലേര്‍പ്പെടേണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സംഘര്‍ഷം വലുതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ സംയനം പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും വിഷയം കൂടുതല്‍ വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ കഴിഞ്ഞ ദിവസം തന്റെ ചൈനീസ് വിദേശകാര്യ മന്ത്രിയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൈനിക പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ യുദ്ധ മന്ത്രിസഭ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാല് തവണയാണ് യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്, മുന്‍ പ്രതിരോധ മന്ത്രിയും നെതന്യാഹുവിന്റെ എതിരാളിയുമായ ബെന്നി ഗാന്റ്സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.മണിക്കൂറുകള്‍ നീണ്ടുനിന്ന യോഗത്തില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഇസ്രയേല്‍ ചാനലായ എന്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെയുള്ള പ്രത്യാക്രമണത്തില്‍ അമേരിക്കയെ ഏകോപിപ്പിക്കണമെന്ന് ഇസ്രയേലിന് താല്‍പര്യമുണ്ടെങ്കിലും യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നതായി എന്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.

Top