യു.എ.ഇ.ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ലോകനേതാക്കൾ

ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു

യു.എ.ഇ.ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ലോകനേതാക്കൾ
യു.എ.ഇ.ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ലോകനേതാക്കൾ

ദുബായ്: യു.എ.ഇ.ക്ക് നേരെ ഇറാൻ വീണ്ടും നടത്തിയ വ്യോമാക്രമണത്തെ രാജ്യാന്തര സമൂഹം ഒന്നടങ്കം അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് നടന്നതെന്ന് യു.എ.ഇ. വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ യു.എ.ഇ.ക്ക് പൂർണ്ണ അവകാശമുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ ആക്രമണമെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എ.ഇ.യെ നടുക്കിയ ആക്രമണങ്ങൾ ഉണ്ടായത്. ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. മൂന്നര മണിക്കൂറിനുള്ളിൽ അഞ്ച് തവണയാണ് ആക്രമണശ്രമങ്ങൾ നടന്നത്. 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂസ് മിസൈലുകളും നാല് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ നീക്കം. ഇതിന് പുറമെ ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ എണ്ണ ടാങ്കറിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. സംഭവത്തെത്തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷ മുൻനിർത്തി ഓൺലൈൻ ക്ലാസുകളിലേക്ക് മാറി.

Also Read: അബുദാബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനം തുടങ്ങി

ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും ജി.സി.സി. സെക്രട്ടേറിയറ്റും യു.എ.ഇ.ക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം പ്രകോപനങ്ങൾ അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അഡ്‌നോക് ടാങ്കറിന് നേരെയുള്ള ആക്രമണം കടൽക്കൊള്ളയ്ക്ക് തുല്യമാണെന്നും ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും പ്രാദേശിക സമാധാനം നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരും ആക്രമണത്തെ അപലപിച്ചു. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിവിധ ഗൾഫ് നേതാക്കൾ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. ഏപ്രിൽ ഒൻപതിന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്തരം ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുന്നത്.

Share Email
Top