ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ലഭിക്കുന്ന വിവരങ്ങളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കടുത്ത അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ് ചെയർമാൻ ഡാൻ കെയ്‌നും യുദ്ധരംഗത്തെക്കുറിച്ച് നൽകുന്ന ശുഭപ്രതീക്ഷകൾ എത്രത്തോളം വസ്തുതാപരമാണെന്ന് വാൻസ് സ്വകാര്യമായി ചോദ്യം ചെയ്തതായി ‘ദി അറ്റ്ലാന്റിക്’ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാന്റെ സൈനിക ശേഷി തകർത്തുവെന്നും അമേരിക്കൻ സേന പൂർണ്ണ ആധിപത്യം സ്ഥാപിച്ചുവെന്നുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നിരന്തരം അവകാശപ്പെടുന്നത്. ആവശ്യത്തിന് ആയുധശേഖരം നിലവിലുണ്ടെന്നും അദ്ദേഹം പ്രസിഡന്റിന് ഉറപ്പുനൽകുന്നു. എന്നാൽ, യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം മറച്ചുവെച്ച് അമിത ആത്മവിശ്വാസത്തോടെയുള്ള റിപ്പോർട്ടുകളാണ് ട്രംപിന് മുന്നിലെത്തുന്നതെന്ന് വാൻസ് സംശയിക്കുന്നു. ഭരണകൂടത്തിനുള്ളിൽ പരസ്യമായൊരു കലഹത്തിന് മുതിരാതെ തന്നെ, അതീവ ഗൗരവകരമായ സുരക്ഷാ പ്രശ്നമായാണ് വാൻസ് ഇതിനെ കാണുന്നത്.
അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വൻതോതിൽ കുറവുണ്ടാകുന്നത് വാൻസിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. ഇറാനുമായുള്ള ഏറ്റുമുട്ടലിൽ ആയുധങ്ങൾ അമിതമായി വിനിയോഗിക്കുന്നത് ഭാവിയിൽ ചൈന, റഷ്യ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വലിയ ഭീഷണികളെ നേരിടാനുള്ള അമേരിക്കയുടെ കരുത്ത് ചോർത്തുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. നിലവിലെ സാഹചര്യം അമേരിക്കയുടെ ആഗോള പ്രതിരോധ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നാണ് വൈസ് പ്രസിഡന്റിന്റെ പക്ഷം.
ഇറാന്റെ വ്യോമാതിർത്തിയിൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്ന വാദങ്ങൾക്കിടയിലും ഇന്റലിജൻസ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ മറിച്ചാണ്. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളും വ്യോമസേനയുടെ ഗണ്യമായ ഭാഗവും ഇപ്പോഴും സുരക്ഷിതമാണെന്ന് സൂചനകളുണ്ട്. കൂടാതെ, ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഏതുസമയത്തും പ്രത്യാക്രമണം നടത്താൻ ശേഷിയുള്ള ഇറാന്റെ നാവികക്കരുത്ത് പൂർണ്ണമായും തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നത് മറ്റൊരു വസ്തുതയായി നിലനിൽക്കുന്നു.






