ഒറ്റയടിക്ക്, അമേരിക്കയുടെ 10 യുദ്ധവിമാനങ്ങളാണ് ഇറാൻ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. ഇതു വഴി മാത്രം ഉണ്ടായിരിക്കുന്നത് 12,000 കോടി രൂപയുടെ നഷ്ടമാണ്. ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൻ്റെ പുതിയ കണക്കുകളാണിത്. ഇതിൽ തകർക്കപ്പെട്ട, ഒൻപത് F-15 വിമാനങ്ങളുടെ വിലവരുന്നത് ഏകദേശം 8,300 കോടി രൂപയാണ്. A-10 Thunderbolt വിമാനത്തിന് മാത്രം 180 കോടി രൂപവരും. ഈ യുദ്ധവിമാനങ്ങളിൽ വിന്യസിച്ച മിസൈലുകൾ, ബോംബുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവക്കായി വരുന്നത്, ഏകദേശം ₹500–₹1,500 കോടി രൂപ വരെയാണ്.
ഇറാൻ വെടിവച്ചിട്ട അമേരിക്കയുടെ ആധുനിക MQ-9 Reaper ഡ്രോണിന്റെ വിലമാത്രം 600 കോടിയിലധികം വരും. ഇതിന് പുറമെ, അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി ഡ്രോൺ ഹോർമൂസ് കടലിടുക്കിൽ വച്ച് ഇറാൻ നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്. 24 കോടിയാണ് ഇതിന് കണക്കാക്കപ്പെടുന്നത്. ഇതിൻ്റെ ഒപ്പം തന്നെ പുറത്ത് വന്ന വാർത്തകൾ പ്രകാരം, രണ്ട് അമേരിക്കൻ യുദ്ധകപ്പലുകൾക്കും, 8 ടാങ്കറുകൾക്കും നേരെയും കൃത്യമായ ആക്രമണം ഇറാൻ നടത്തിയിട്ടുണ്ട്. ഇതിലെ നാശ നഷ്ടങ്ങൾ എത്രയെന്നത് ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇതൊക്കെ നടന്നത് ഏതാനും ദിവസങ്ങളിലെ ആക്രമണങ്ങളിൽ മാത്രമാണ്.
2025-ൽ പുറത്തിറക്കിയ അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും നൂതനമായ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതും, യുദ്ധവിമാനങ്ങൾ തകർത്തതും, ഇറാൻ്റെ സൈനിക മികവ് തെളിയിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന് മുകളിലൂടെയും, ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നിരീക്ഷണ പാളികളിലൂടെയും ഒരു നൂതന സാങ്കേതികവിദ്യയ്ക്കും കടന്നുപോകാൻ കഴിയില്ലെന്ന് കൂടി ഈ സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഇറാനെ ലക്ഷ്യമിട്ട്, രണ്ടോ മൂന്നോ ലക്ഷ്യങ്ങളിൽ ശത്രു ആക്രമണം നടത്തിയാൽ, ശത്രുവിൻ്റെ 20 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി തിരിച്ചടിക്കുമെനാണ് ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ വക്താവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു അമേരിക്കൻ അന്തർവാഹിനി ഐആർജിസി നാവികസേന പിടിച്ചെടുത്തതോടെ, ഹോർമുസ് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന , ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം കൂടിയാണ് പൊളിഞ്ഞിരിക്കുന്നത്. ഇറാന്റെ ജലപാത നിയന്ത്രണം കണക്കിലെടുക്കാതെ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും, കടന്നുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അമേരിക്കയും ഇസ്രയേലും, ഇറാന് എതിരെ ആക്രമണ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, പേർഷ്യൻ ഗൾഫിനുള്ളിൽ ഏകദേശം 30 മുതൽ 40 വരെ അമേരിക്കൻ കപ്പലുകളും യുദ്ധക്കപ്പലുകളുമാണ് വിന്യസിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ, അവയിൽ ഒരെണ്ണം പോലും ഈ പ്രദേശത്ത് ഇല്ലന്നതാണ് യാഥാർത്ഥ്യം. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിന്ന് കുറഞ്ഞത് 400 കിലോമീറ്റർ ദൂരത്തിലേക്കാണ്, ഇറാൻ്റെ ആക്രമണം പേടിച്ച് പിൻവാങ്ങിയിരിക്കുന്നത്. പുതിയ ആയുധങ്ങളും മിസൈലുകളും ഉപയോഗിച്ച് വളരെ ദൂരെയുള്ള ശത്രുക്കളെ പോലും ആക്രമിക്കാൻ ഇറാന് കഴിയുന്നതാണ് അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നത്. ഇതിന്, റഷ്യൻ സഹായം ഇറാന് ലഭിക്കുന്നുണ്ട് എന്നാണ് അമേരിക്ക ആരോപിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള ഒരു വിമാനവാഹിനിക്കപ്പലിന് നേരെയും, ഇറാൻ സേന ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൻ്റെ വിശദാംശങ്ങളും അമേരിക്ക ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാനുമായുള്ള യുദ്ധം മൂലം, ദിവസവും വൻ സാമ്പത്തിക നഷ്ടമാണ് അമേരിക്കയ്ക്ക് നേരിടേണ്ടി വന്നു കൊണ്ടിരിക്കുന്നത്. ആയുധ കലവറ തന്നെ ഇപ്പോൾ തീർന്നമട്ടാണ്. ഇത് മറ്റ് ശത്രുരാജ്യങ്ങൾ അമേരിക്കയ്ക്ക് എതിരെ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും, ഇൻ്റലിജൻസ് ഏജൻസികൾക്കുണ്ട്.
ഇറാനാകട്ടെ, മിസൈലുകളുടെയും ഡ്രോണുകളുടെയും ഉൽപ്പാദനം വൻ തോതിലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് നൽകുന്ന ഓരോ തിരിച്ചടിക്കും, ലോക ജനതയിൽ നിന്നും വലിയ പിന്തുണയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന കൃത്യമായ ബോധ്യം ഇറാനുണ്ട്. എന്തിനേറെ, അമേരിക്കൻ ചേരിയിലുള്ള ഗൾഫ് – അറബ് രാജ്യങ്ങളിലെ ജനങ്ങൾ പോലും, ഇപ്പോൾ ഏറെയും പിന്തുണയ്ക്കുന്നത് ഇറാൻ്റെ നിലപാടിനെയാണ്. അതാകട്ടെ, ഒരു വസ്തുതയുമാണ്.
അമേരിക്കയുടെ അഹങ്കാരത്തിന്റെ മുഖത്തടിച്ചുകൊണ്ടാണ്, ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാന്റെ മിസൈലുകൾ അഗ്നിവർഷം തീർത്തത്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും പോർവിമാനങ്ങളും കാവൽ നിന്ന മുവാഫാഖ് സാൾട്ടി വ്യോമതാവളം നിമിഷനേരം കൊണ്ടാണ് ഭീതിദമായ ഒരു ചുടലക്കളമായി മാറിയത്. അമേരിക്കൻ വ്യോമസേനയുടെ അഭിമാനതാരങ്ങളായ എഫ്-15 യുദ്ധവിമാനങ്ങളും ശത്രുക്കളെ കടപുഴക്കുന്ന എ-10 തണ്ടർബോൾട്ടുകളും ചിറകറ്റ് ചാരമായി കിടക്കുന്ന കാഴ്ചകൾ പുറത്തുവരുമ്പോൾ, അത് കേവലം ഒരു താവളത്തിന് നേരെയുള്ള ആക്രമണമല്ല മറിച്ച്, അമേരിക്കൻ അഹങ്കാരത്തിനേറ്റ തിരിച്ചടി കൂടിയാണ്.
തങ്ങളുടെ വിമാനങ്ങൾ കത്തിയമരുമ്പോൾ, മുപ്പതിലേറെ പാട്രിയറ്റ് മിസൈലുകൾ ആകാശത്തേക്ക് തൊടുത്തുവിട്ട് നോക്കിനിൽക്കാൻ മാത്രമേ ആ വൻശക്തിക്ക് സാധിച്ചുള്ളൂ. ഇറാൻ മാധ്യമമായ പ്രസ്സ് ടിവിയുടെ റിപ്പോർട്ടുകൾ അനുസരിച്ച് മിഡിൽ ഈസ്റ്റിലെ സമാധാനം തകർക്കാൻ ഇറാനിയൻ കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ സാമ്രാജ്യത്വ കടന്നുകയറ്റത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു ഈ ആക്രമണം. പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപിനടുത്തും ഒമാൻ ഉൾക്കടലിലും സമാധാനപരമായി സർവീസ് നടത്തിയിരുന്ന അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെയാണ് അമേരിക്കൻ സേന ആക്രമിച്ചിരുന്നത്.
സകല അന്താരാഷ്ട്ര സമുദ്രനിയമങ്ങളെ കാറ്റിൽപ്പറത്തി, ഇറാനെ സാമ്പത്തികമായി ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാമെന്ന അമേരിക്കയുടെ ഈ കണക്കുകൂട്ടലുകൾക്കാണ്, മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരിച്ചടി ലഭിച്ചിരിക്കുന്നത്. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ പ്രത്യാക്രമണം നടത്തിയ ഇറാനിയൻ വിപ്ലവകാരികൾ, ജോർദാനിലെ അൽ-അസ്രാഖ് പ്രദേശത്തുള്ള അമേരിക്കൻ വ്യോമതാവളത്തിലേക്ക് കാസിൽ ബ്രേക്കർ ബാലിസ്റ്റിക് മിസൈലുകൾ ഒന്നൊന്നായി അയച്ചത്. തങ്ങളുടെ എണ്ണക്കപ്പലുകളെ തൊട്ടാൽ, എന്ത് സംഭവിക്കും എന്നതിൻ്റെ സാമ്പിൾ വെടിക്കെട്ടാണ്.
ജോർദാനിലെ ആകാശത്ത് ഉയർന്ന പുകയും തീജ്വാലകളും ഒരു കാര്യം എന്തായാലും വ്യക്തമാക്കുന്നുണ്ട്. അമേരിക്ക വർഷങ്ങളായി ലോകമെമ്പാടും പ്രചരിപ്പിച്ചിരുന്ന അമേരിക്കൻ പ്രതിരോധ സാങ്കേതികവിദ്യകളുടെ അതിമാനുഷിക ആധിപത്യം എന്നത് വെറുമൊരു സാങ്കൽപ്പിക കഥ മാത്രമായിരുന്നുവെന്നതാണ് , ഈ ആക്രമണം തെളിയിച്ചിരിക്കുന്നത്.
കോടാനുകോടി ഡോളറുകൾ വാരിയെറിഞ്ഞ് നിർമ്മിച്ച ഈ പ്രതിരോധക്കോട്ടയെ അനായാസമായാണ് ഇറാൻ മറികടന്ന് തകർത്തിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഇറാനിയൻ വിപ്ലവസേന വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ഒന്നൊന്നായി തകർത്തുകൊണ്ട് അഗ്നിവർഷം തീർക്കുകയാണ് ഉണ്ടായത്.
തങ്ങളുടെ താവളങ്ങൾക്ക് നേരെ പാഞ്ഞടുത്ത മിസൈലുകളിൽ ഭൂരിഭാഗവും വിജയകരമായി തടഞ്ഞുവെച്ച് തകർത്തു കളഞ്ഞുവെന്ന, അമേരിക്കൻ പ്രചരണവും നിമിഷ നേരം കൊണ്ടാണ് പൊളിഞ്ഞത്. ഇറാൻ്റെ ഈ ആക്രമണം, അമേരിക്കൻ സഖ്യകക്ഷികളെ വല്ലാതെ ഭയപ്പെടുത്തി കളഞ്ഞിട്ടുണ്ട്. എന്ത് പ്രതിരോധം സ്ഥാപിച്ചാലും, അത് ഇറാന് ഭേദിക്കാൻ കഴിയുമെന്നത്, അമേരിക്കൻ താവളങ്ങൾ സ്ഥിതിചെയ്യുന്ന ഗൾഫ് രാജ്യങ്ങളുടെ ഭരണാധികാരികളുടെയും ഉറക്കം ഇപ്പോൾ കെടുത്തിയിട്ടുണ്ട്. ഈ താവളങ്ങൾ ഇവിടെ എന്തിനാണ് എന്ന ചോദ്യം, ഈ രാജ്യങ്ങളിലെ ജനങ്ങളിൽ നിന്നുതന്നെ ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുമുണ്ട്. ഈ വികാരം ശക്തിപ്പെട്ടാൽ, അമേരിക്കയോട് നോ പറയാൻ ഗൾഫ് രാജ്യങ്ങളും നിർബന്ധിതമാകും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
വീഡിയോ കാണാം…






