യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ? ഹോർമുസ് കടലിടുക്ക് തുറക്കാൻ വഴിതെളിയുന്നു, സമാധാനത്തിന് കളമൊരുങ്ങി!

ഉടമ്പടിയുടെ ഭാഗമായി യുറേനിയം കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ സംവിധാനങ്ങൾ വരുംദിവസങ്ങളിൽ ചർച്ച ചെയ്യും

യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ? ഹോർമുസ് കടലിടുക്ക് തുറക്കാൻ വഴിതെളിയുന്നു, സമാധാനത്തിന് കളമൊരുങ്ങി!
യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ? ഹോർമുസ് കടലിടുക്ക് തുറക്കാൻ വഴിതെളിയുന്നു, സമാധാനത്തിന് കളമൊരുങ്ങി!

പുതിയ സമാധാന ഉടമ്പടിയുടെ ഭാഗമായി തങ്ങളുടെ കൈവശമുള്ള ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ടുകൾ. അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഒന്നിലധികം ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ അളവിലുള്ള യുറേനിയം ഇറാന്റെ പക്കലുണ്ടെന്ന ആശങ്കകൾക്കിടയിലാണ്, ഇത് കൈമാറാൻ ഇറാൻ സമ്മതിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഉടമ്പടിയുടെ ഭാഗമായി യുറേനിയം കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ സംവിധാനങ്ങൾ വരുംദിവസങ്ങളിൽ ചർച്ച ചെയ്യും. യുദ്ധം നിർത്തിവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും, യുറേനിയം വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് അമേരിക്ക കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആണവായുധ വികസനം ഉപേക്ഷിക്കുന്നതിനൊപ്പം സമ്പുഷ്ടീകരണം നിർത്തലാക്കുമെന്നും, ഉയർന്ന അളവിലുള്ള ശേഖരം നീക്കം ചെയ്യുമെന്നും ഇറാൻ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഈ ധാരണാപത്രം പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും, അവസാനവട്ട ചർച്ചകൾ നടക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഈ ഉടമ്പടിയിലൂടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ കഴിയുമെന്നും ആഗോള കപ്പൽ ഗതാഗതം സജീവമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ ഉടമ്പടിയിലൂടെ ഔദ്യോഗികമായി യുദ്ധം അവസാനിപ്പിക്കാനും, വലിയൊരു സമാധാന കരാറിലേക്കുള്ള 30 ദിവസത്തെ ചർച്ചാ സമയം ഒരുക്കാനുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Also Read:രക്തത്തിൽ വെളുത്ത തരികൾ, വെളുത്തുള്ളിയുടെ മണം മൃതദേഹത്തിൽ നിന്നും ഉയർന്നത് മാരക വിഷവാതകം! അമേരിക്കയെ വിറപ്പിച്ച ആ രാത്രി…

ഏകദേശം 60 ദിവസത്തെ വെടിനിർത്തൽ നീട്ടി നൽകുന്നതിലൂടെ ഹോർമുസ് കടലിടുക്ക് തുറക്കാനും, ഇറാന് തങ്ങളുടെ എണ്ണ അന്താരാഷ്ട്ര വിപണിയിൽ സ്വതന്ത്രമായി വിൽക്കാനുള്ള അനുമതി തിരികെ ലഭിക്കാനും ഈ കരാർ വഴിയൊരുക്കും. ആണവ പദ്ധതികളെക്കുറിച്ചുള്ള തുടർചർച്ചകൾ ഈ കാലയളവിൽ സമാന്തരമായി നടക്കുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ നീക്കം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാനിയൻ വാർത്താ ഏജൻസികളായ ഫാർസും തസ്നിം ന്യൂസ് ഏജൻസിയും രംഗത്തെത്തി. യുറേനിയം കൈമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും, ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ട്രംപിന്റെ വാദങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നുമാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പ്രതികരിച്ചത്. ഇരുപക്ഷത്തുനിന്നും പരസ്പരവിരുദ്ധമായ വാർത്തകൾ പുറത്തുവരുന്നത് ഈ സമാധാന ശ്രമങ്ങളുടെ ഭാവി സംബന്ധിച്ചുള്ള അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top