30 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; 14 ഇന സമാധാന നിർദേശം അമേരിക്കക്ക് കൈമാറി

മുപ്പത് ദിവസത്തിനുള്ളിൽ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 14 ഇന നിർദേശങ്ങളാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ സമർപ്പിച്ചത്

30 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; 14 ഇന സമാധാന നിർദേശം അമേരിക്കക്ക് കൈമാറി
30 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; 14 ഇന സമാധാന നിർദേശം അമേരിക്കക്ക് കൈമാറി

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ലക്ഷ്യമിട്ട് നിർണ്ണായകമായ സമാധാന പദ്ധതിയുമായി ഇറാൻ രംഗത്ത്. മുപ്പത് ദിവസത്തിനുള്ളിൽ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 14 ഇന നിർദേശങ്ങളാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ സമർപ്പിച്ചത്. വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകുന്നതിന് പകരം യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനാണ് പുതിയ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്ന് ഭരണകൂടവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അമേരിക്ക നേരത്തെ മുന്നോട്ടുവെച്ച ഒൻപതിന സമാധാന പദ്ധതിക്ക് പകരമായാണ് ഇറാൻ തങ്ങളുടെ നിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കുക, ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പദ്ധതിയിലെ പ്രധാന ആവശ്യങ്ങൾ. കൂടാതെ പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്നും, ലെബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

Also Read: ഇറാന്റെ പുതുമയാർന്ന സമുദ്ര തന്ത്രം; അമേരിക്കൻ യുദ്ധക്കപ്പലുകൾക്കെതിരെ ‘മൈനുകൾ ഘടിപ്പിച്ച ഡോൾഫിനുകൾ’ വിന്യസിക്കാൻ സാധ്യത

ഇറാന്റെ പുതിയ നിർദേശങ്ങൾ ഗൗരവകരമായി പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഒരു സമാധാന കരാറിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന കാര്യത്തിൽ അദ്ദേഹം കൃത്യമായ സൂചനകളൊന്നും നൽകിയിട്ടില്ല. മേഖലയിലെ സമാധാനശ്രമങ്ങളിൽ ഇറാന്റെ ഈ പുതിയ ഇടപെടൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Share Email
Top