പ്രധാന ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിലൂടെ അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളും ആണവ നിര്‍വ്യാപന ഉടമ്പടിയും (NPT) ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍. ജൂണ്‍ 22ന് പുലര്‍ച്ചെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഇറാന്‍ ആണവോര്‍ജ്ജ സംഘടന (എഇഒഐ) സ്ഥിരീകരിച്ചു. ഈ പ്രവര്‍ത്തനം നിയമവിരുദ്ധവും ‘ക്രൂരവുമായ’ പ്രവൃത്തിയാണെന്ന് ഇറാന്‍ പറഞ്ഞു. അന്താരാഷ്ട്ര പരിശോധകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൈറ്റുകളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തതിന് അമേരിക്കയെ ഇറാന്‍ അധികൃതര്‍ വിമര്‍ശിച്ചു. മൂന്ന് സ്ഥലങ്ങളിലും അടിയന്തര പരിശോധനകള്‍ നടത്തിയതായി ഇറാനിലെ സെന്റര്‍ ഫോര്‍ ദി നാഷണല്‍ ന്യൂക്ലിയര്‍ സേഫ്റ്റി സിസ്റ്റത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ഇത് തങ്ങളെ തകര്‍ക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ഗൂഢാലോചനയാണെന്നും ഇറാന്‍ ചൂണ്ടിക്കാണിച്ചു. ഇതുകൊണ്ടൊന്നും ഇറാന്റെ ആണവ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് AEOI പ്രതിജ്ഞയെടുത്തു . ഇറാനിയന്‍ ശാസ്ത്രജ്ഞരുടെ പ്രതിരോധശേഷിയെ പ്രശംസിക്കുകയും ആക്രമണങ്ങള്‍ക്ക് മറുപടിയായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാന്റെ മിസൈല്‍, ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളതായി ഐഡിഎഫ് നേരത്തെ അറിയിച്ചിരുന്നു.
Also Read: ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഇനിയും ആക്രമിക്കും: ട്രംപ്
അതേസമയം, ഇറാന്‍ ഇതുവരെ ഒരു സൈനിക നടപടിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആക്രമണങ്ങളെ ‘കുറ്റകരം’ എന്നും പരമാധികാര ലംഘനം എന്നും വിശേഷിപ്പിച്ചു. പ്രതികാര നടപടി സ്വീകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. പ്രത്യാക്രമണത്തിന് ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തി. അതേസമയം അമേരിക്ക ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ റേഡിയോ ആക്ടീവ് മലിനീകരണം കണ്ടെത്തിയിട്ടില്ലെന്ന് ഇറാന്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.