ഭൂഗർഭ അറക്കുള്ളിൽ ‘കാലനെ’ വളർത്തി ഇറാൻ, ഇസ്രയേലിനെയും അമേരിക്കയെയും ഞെട്ടിച്ച തയ്യാറെടുപ്പ്

അമേരിക്ക, ഇസ്രയേൽ തുടങ്ങിയ എതിരാളികൾക്കെതിരായ പ്രതിരോധമായി മാത്രമല്ല, ആവശ്യമെങ്കിൽ ആക്രമിക്കാനും കൂടിയാണ് ഇറാൻ തങ്ങളുടെ ആയുധ സംഭരണി നിറച്ച് തയ്യാറാക്കി വച്ചിരിക്കുന്നത്. "ഇറാന്റെ ശത്രുക്കൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താനും, സാധ്യതയുള്ള ഭീഷണികളെ തടയാനുമാണ് അനാച്ഛാദനംകൊണ്ട് ഉദ്ദേശിച്ചതെന്നാണ്, ശനിയാഴ്ച നടത്തിയ പരിശോധനയിൽ ഇറാൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്

ഭൂഗർഭ അറക്കുള്ളിൽ ‘കാലനെ’ വളർത്തി ഇറാൻ, ഇസ്രയേലിനെയും അമേരിക്കയെയും ഞെട്ടിച്ച തയ്യാറെടുപ്പ്
ഭൂഗർഭ അറക്കുള്ളിൽ ‘കാലനെ’ വളർത്തി ഇറാൻ, ഇസ്രയേലിനെയും അമേരിക്കയെയും ഞെട്ടിച്ച തയ്യാറെടുപ്പ്

അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കണ്ണിലെ കരടായ ഹൂതികളെയും ഹമാസിനെയും ഹിസ്ബുള്ളയെയും ഇല്ലാതാക്കാൻ ഒരിക്കലും അമേരിക്കൻ ചേരിക്ക് കഴിയില്ലെന്ന് പറയുന്നത്, ഒരൊറ്റ കാരണം കൊണ്ടാണ്. അത് ഈ മൂന്ന് സായുധ ഗ്രൂപ്പുകളെയും ഇറാൻ നയിക്കുന്നത് കൊണ്ടാണ്. ഈ ഒരൊറ്റ കാരണം മുൻ നിർത്തിയാണ് ഇറാനെ ആക്രമിച്ച് നശിപ്പിക്കണമെന്ന ആവശ്യം പുതിയ അമേരിക്കൻ പ്രസിഡൻ്റിന് മുന്നിലും ഇസ്രയേൽ ഭരണകൂടം അവതരിപ്പിച്ചിരിക്കുന്നത്.

കുറച്ച് നാൾ മുൻപ് ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി എന്ന രൂപത്തിൽ വൻ തയ്യാറെടുപ്പോടെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാര്യമായ ഒരു നാശനഷ്ടവും ഉണ്ടാക്കാൻ ഇസ്രയേൽ വ്യോമ സേനക്ക് സാധിച്ചിരുന്നില്ല. ഇറാഖിലെ അമേരിക്കൻ വ്യോമ അതിർത്തിയിൽ നിന്നു കൊണ്ട് നടത്തിയ ആ ആക്രമണത്തോടെ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർന്ന് തരിപ്പണമായെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ മാധ്യമങ്ങൾക്ക് തന്നെ പറഞ്ഞത് വിഴുങ്ങേണ്ടിയും വന്നിരുന്നു.

Also Read: പലസ്തീനികൾ എങ്ങോട്ടും പോകുന്നില്ല, ട്രംപിനോട് സഹകരിക്കാതെ അറബ് രാജ്യങ്ങൾ

ഇറാൻ്റെ വ്യോമ മേഖലയിൽ പോലും പ്രവേശിക്കാൻ ഇസ്രയേൽ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇറാൻ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഒരേസമയം ലോകത്തെ അത്ഭുതപ്പെടുത്തുകയും, അമേരിക്കയെയും ഇസ്രയേലിനെയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. രാജ്യത്തിൻ്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുതിയ സൈനിക ഭൂഗർഭ താവളമാണ്, ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് തുറന്ന് കാട്ടിയിരിക്കുന്നത്.

“മിസൈൽ നഗരം” എന്ന് വിളിക്കപ്പെടുന്ന പുതിയ ഭൂഗർഭ താവളത്തിൽ ട്രക്കുകളിൽ ഘടിപ്പിച്ച ഡസൻ കണക്കിന് മിസൈൽ ലോഞ്ചറുകൾ ഉള്ളതായാണ് ഫെബ്രുവരി ഒന്നിന് ഇറാൻ സൈന്യം പുറത്ത് വിട്ട വീഡിയോയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഇറാൻ സൈന്യത്തിൻ്റെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമിയും നേവൽ ഫോഴ്‌സ് ചീഫ് റിയർ അഡ്മിറൽ അലിറേസ താങ്‌സിരിയും ചേർന്ന് മൊബൈൽ മിസൈൽ ലോഞ്ചറുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂഗർഭ തുരങ്ക ശൃംഖല പരിശോധിക്കുന്നതാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

അഞ്ച് മിനിറ്റിനുള്ളിൽ വിന്യസിക്കാനും വിക്ഷേപിക്കാനും കഴിയുന്ന ഇറാൻ്റെ വൻ പ്രഹര ശേഷിയുള്ള ക്രൂയിസ് മിസൈലുകളുടെ ആസ്ഥാനമാണ് ഈ താവളമെന്നാണ് താങ്‌സിരി വീഡിയോയിൽ പറയുന്നത്. ഈ മിസൈലുകൾക്ക് 1,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ടെന്നും ഇലക്ട്രോണിക് യുദ്ധത്തെ ചെറുക്കുന്നതിനുള്ള ആൻ്റി-ജാമിംഗ് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇറാനിയൻ വാർത്താ ഏജൻസിയായ ഐആർഎൻഎയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: പിന്നാലെ പാശ്ചാത്യ ശക്തികൾ, റഷ്യൻ സഹകരണത്തിന് സിറിയ

ഇത്തരത്തിലുള്ള ഇറാനിലെ മൂന്നാമത്തെ താവളമാണ് ഇതെന്നും ഐആർഎൻഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി പകുതിയോടെ പേർഷ്യൻ തീരപ്രദേശത്ത് ഇറാൻ നാവികസേന മറ്റൊരു ഭൂഗർഭ കപ്പൽ വിരുദ്ധ മിസൈൽ ബേസ് അനാച്ഛാദനം ചെയ്തിരുന്നു. ഇതിനു പുറമെ സമാനമായ ഒരു ഭൂഗർഭ താവളം കഴിഞ്ഞ ജനുവരി 10 നും ഇറാൻ എയർഫോഴ്‌സ് വെളിപ്പെടുത്തുകയുണ്ടായി. ഇതിൻ്റെയൊന്നും കൃത്യമായ സ്ഥാനം എവിടെയെന്ന് ഇതുവരെയും ഇറാൻ വെളിപ്പെടുത്തിയിട്ടില്ല. ഇനിയൊട്ട് വെളിപ്പെടുത്താനും പോകുന്നില്ല.

അമേരിക്ക, ഇസ്രയേൽ തുടങ്ങിയ എതിരാളികൾക്കെതിരായ പ്രതിരോധമായി മാത്രമല്ല, ആവശ്യമെങ്കിൽ ആക്രമിക്കാനും കൂടിയാണ് ഇറാൻ തങ്ങളുടെ ആയുധ സംഭരണി നിറച്ച് തയ്യാറാക്കി വച്ചിരിക്കുന്നത്. “ഇറാന്റെ ശത്രുക്കൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താനും, സാധ്യതയുള്ള ഭീഷണികളെ തടയാനുമാണ് അനാച്ഛാദനംകൊണ്ട് ഉദ്ദേശിച്ചതെന്നാണ്, ശനിയാഴ്ച നടത്തിയ പരിശോധനയിൽ ഇറാൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ്റെ മിസൈൽ പദ്ധതി വിദേശ ഭീഷണികളെ തടയുന്നതിൽ നിർണായക ഘടകമാണെന്ന് ജനുവരിയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചൂണ്ടിക്കാട്ടിയിരുന്നു.

‘ഞങ്ങൾക്ക് ഇത്തരം മിസൈൽ കഴിവുകൾ ഇല്ലായിരുന്നുവെങ്കിൽ ആരും ഞങ്ങളുമായി ചർച്ച നടത്തില്ലായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ്റെ ഈ ആയുധ കരുത്ത്, മേലിൽ അമേരിക്കയെയും സഖ്യകക്ഷികളെയും ബലപ്രയോഗത്തിന് പകരം നയതന്ത്രപരമായി ഇടപെടാൻ പ്രേരിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി പ്രതീക്ഷിക്കുന്നത്.

റഷ്യയുമായുള്ള ഇറാൻ്റെ പുതിയ കരാർ പ്രബല്യത്തിൽ വന്ന ശേഷമുള്ള ഇറാൻ്റെ ഭൂഗർഭ താവളത്തിൻ്റെ പ്രദർശനത്തെ അമേരിക്കൻ ചേരിക്കുള്ള കൃത്യമായ ഒരു മുന്നറിയിപ്പായാണ് നയതന്ത്ര വിദഗ്ദർ വിലയിരുത്തുന്നത്. അവരുടെ നിഗമനത്തിൽ, റഷ്യ – ഉത്തര കൊറിയ സഖ്യത്തിൽ ഇറാനും ഇപ്പോൾ ചേർന്നു കഴിഞ്ഞിട്ടുണ്ട്. ഇറാനെ ആക്രമിക്കുക എന്നത് ഇനി ഇസ്രയേലിന് അസാധ്യമായ കാര്യമായി മാറുമെന്നാണ് യുദ്ധവിദഗദരും പറയുന്നത്. കാരണം, ഇറാൻ കാണിച്ചത് ഇതാണെങ്കിൽ പുറത്ത് കാണിക്കാത്ത എന്തൊക്കെ ആ രാജ്യത്ത് ഉണ്ടാകുമെന്നതിൽ ഇസ്രയേൽ ഭയപ്പെടുക തന്നെ വേണമെന്നതാണ് അവരുടെ വാദം.

Also Read: വാഗ്ദാനങ്ങൾ ലംഘിച്ചു, നിക്ഷേപമില്ല; യൂറോപ്യൻ യൂണിയന്റെ”പങ്കാളിത്ത” കെണിയിൽ അൾജീരിയ

അതേസമയം, ആണവ പോർമുനകൾ സ്വന്തമാക്കുന്നതിൻ്റെ അവസാന ഘട്ടത്തിൽ നിൽക്കുന്ന ഇറാന് ഇക്കാര്യത്തിൽ ലോകത്ത് ഏറ്റവും അധികം ആണവായുധ ശേഖരമുള്ള റഷ്യയിൽ നിന്നും സഹായം ലഭിച്ചു കഴിഞ്ഞതായ റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. യൂറോപ്പിലെത്താൻ കഴിയുന്ന മിസൈലുകൾക്കായി ഇറാൻ രഹസ്യമായി രൂപകൽപ്പനചെയ്‌ത ആണവശേഷിയുള്ള പോർമുനകൾ വികസിപ്പിച്ചെടുക്കുന്നതിൻ്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട പ്രതിപക്ഷ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്.

വടക്കുകിഴക്കൻ ഇറാനിലെ ഷാരൂദ് മിസൈൽ സൈറ്റിൽ, 3,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഖര-ഇന്ധന മിസൈലുകൾക്കായ, ഇറാൻ രഹസ്യമായി ന്യൂക്ലിയർ വാർഹെഡുകൾ വികസിപ്പിക്കുകയാണെന്നാണ് നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ, വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ടെഹ്‌റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് സെമ്‌നാൻ്റെ പ്രാന്തപ്രദേശത്ത്,
ഇറാൻ്റെ ആണവായുധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ ഓർഗനൈസേഷൻ ഫോർ അഡ്വാൻസ്ഡ് ഡിഫൻസ് റിസർച്ചിന് കീഴിൽ , നിലവിൽ ആണവ പോർമുനകളുള്ള ദ്രാവക-ഇന്ധന മിസൈലുകൾ നിർമ്മിക്കാൻ ഒരു രഹസ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ്, ഈ സംഘം പറയുന്നത്.

Also Read: ഉപരോധം തിരിച്ച് പണിയായി, ഉയർന്ന എണ്ണവില നാറ്റോ രാജ്യങ്ങളെ വലയ്ക്കുന്നു

അണുബോംബ് സൃഷ്ടിക്കാൻ ഇറാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കൻ
സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി കഴിഞ്ഞ വർഷം വിലയിരുത്തിയിട്ടുണ്ടെങ്കിലും, ഇസ്രയേൽ ഈ നിഗമനം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇറാൻ ആണവായുധങ്ങളുടെ പണിപ്പുരയിലാണെന്നാണ്, ഇസ്രയേൽ ആരോപിക്കുന്നത്.

2002 ഓഗസ്റ്റ് 14നും നിലവിലത്തേതിന് സമാനമായി വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ, ഇറാൻ രഹസ്യമായി ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന്, നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ ആരോപിച്ചിരുന്നു. ആണവ വസ്തുക്കളും ഉപകരണങ്ങളും വാങ്ങുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഫ്രണ്ട് കമ്പനികളുടെ മറവിൽ, ഇറാനിലെ നതാൻസിലും അറാക്കിലും രണ്ട് രഹസ്യ ആണവ കേന്ദ്രങ്ങൾ നിർമ്മിക്കുകയാണെന്നായിരുന്നു എന്നാണ് ഈ ഗ്രൂപ്പിൻ്റെ വക്താവ് അലിറേസ ജാഫർസാഡെ വെളിപ്പെടുത്തിയിരുന്നത്.

ഇപ്പോൾ 22 വർഷങ്ങൾക്ക് ശേഷം വീണ്ടും മാധ്യമ പ്രതിനിധികൾക്ക് മുന്നിൽ, ഇറാൻ എങ്ങനെയാണ് ഉപഗ്രഹ വിക്ഷേപണ സംരംഭമെന്ന നിലയിൽ ഷാരൂദ്, സെമ്‌നാൻ മിസൈൽ സൈറ്റുകളിൽ, ആണവായുധ വൽക്കരണ ശ്രമങ്ങൾ മറച്ചുവെക്കുന്നത് എന്നാണ് നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സകല ഉപരോധങ്ങളും മറികടന്ന് റഷ്യയുമായി ചേർന്ന് മുന്നോട്ട് പോകുന്ന ഇറാൻ, കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, നതാൻസ്, ഫോർഡോ തുടങ്ങിയ പ്രധാന ആണവ സൈറ്റുകളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, സൈനികാഭ്യാസങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

കടുത്ത ഇറാൻ വിരോധിയായ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് , ഇറാനെ ആക്രമിക്കണമെന്ന താൽപ്പര്യം ഉണ്ടെങ്കിലും, നിലവിലെ യാഥാർത്ഥ്യം അമേരിക്കയെ അതിന് അനുവദിക്കുന്നില്ല. ഇറാന് എതിരായ ഏതൊരു നീക്കവും, പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ നിലനിൽപ്പ് തന്നെയാണ് അപകടത്തിലാക്കുക. ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് മുന്നിൽ പതറിപ്പോകുന്ന നാവിക പടയെ വച്ച്, എത്രമാത്രം ഈ മേഖലയിൽ അമേരിക്കയ്ക്ക് മുന്നോട്ട് പോകാൻ കഴിയും എന്നതും, വലിയ ഒരു ചോദ്യം തന്നെയാണ്.

ഗാസയിൽ നിന്നും പലസ്തീനികളെ തുരത്താൻ അമേരിക്കയും ഇസ്രയേലും ശ്രമിച്ചാൽ, ഹൂതികൾക്കും ഹിസ്ബുള്ളയ്ക്കും ഹമാസിനും ഒപ്പം, ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാനും നേരിട്ട് യുദ്ധത്തിന് ഇറങ്ങാനാണ് സാധ്യത. അതിന് തങ്ങൾ തയ്യാറാണെന്ന സൂചനയാണ്, സൈനിക ഭൂഗർഭ താവളം വഴി , ഇറാൻ ഇപ്പോൾ, അമേരിക്കൻ ചേരിക്ക് നൽകിയിരിക്കുന്നത്. അതാകട്ടെ, വ്യക്തവുമാണ്.

വീഡിയോ കാണാം

Share Email
Top