ഇന്ത്യൻ ഒഴിപ്പിക്കൽ വിമാനങ്ങൾക്കായി ഇറാൻ തങ്ങളുടെ വ്യോമാതിർത്തി തുറന്നുകൊടുത്തു. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 1,000 ഇന്ത്യൻ വിദ്യാർത്ഥികൾ, കേന്ദ്രസർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ വിമാനം ഇന്ന് ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് ഇന്ത്യയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ രാവിലെയും വൈകുന്നേരവുമായി ജൂൺ 21നാണു ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇസ്രയേലി, ഇറാനിയൻ സേനകൾ ഉൾപ്പെട്ട മിസൈൽ കൈമാറ്റങ്ങളും ഡ്രോൺ ആക്രമണങ്ങളും തുടർച്ചയായി നടക്കുന്നതിനാൽ ഇറാനിയൻ വ്യോമാതിർത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങളെയും കടത്തിവിടാതെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പ്രത്യേക ഇടനാഴിയാണ് അനുവദിച്ചിട്ടുള്ളത്.
Also Read: വിമാനദുരന്തം: അപകടത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ, ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ധു’ ജൂൺ 18-ന് പ്രഖ്യാപിച്ചു. സംഘർഷത്തിൽ ചില ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിനെത്തുടർന്ന്, ടെഹ്‌റാനിലെ ഇന്ത്യൻ മിഷനുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഡൽഹിയിലെ ഇറാൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു എന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു. 4,000-ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്. അവരിൽ പകുതിയും വിദ്യാർത്ഥികളാണ്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസി വടക്കൻ ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായും ജൂൺ 17 ന് അർമേനിയയിലേക്ക് സുരക്ഷിതമായി കടക്കാൻ അവരെ സഹായിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.