ടെഹ്‌റാന്‍: നൊബേല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിന് താല്‍ക്കാലിക മോചനം അനുവദിച്ച് ഇറാന്‍. ആരോഗ്യപരമായ കാരണങ്ങളാലാണ് മോചനമെന്ന് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ നിലി അറിയിച്ചു.
ഡോക്ടറുടെ ശുപാര്‍ശയെ തുടര്‍ന്ന്, പബ്ലിക് പ്രോസിക്യൂട്ടര്‍ നര്‍ഗസ് മുഹമ്മദിയുടെ ജയില്‍ ശിക്ഷ മൂന്നാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ താല്‍ക്കാലിക മോചനം അപര്യാപ്തമാണെന്ന് കുടുംബം വിമര്‍ശിച്ചു. കുറഞ്ഞത് മൂന്ന് മാസമെങ്കിലും അനുവദിക്കണം. നര്‍ഗീസിനെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 51 വയസ്സുള്ള നര്‍ഗീസിന് ഇതിനകം 31 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതായി നൊബേല്‍ കമ്മിറ്റി നേരത്തെ വിലയിരുത്തിയിരുന്നു. 2021ലാണ് ഏറ്റവും അവസാനമായി തടവിലായത്. ടെഹ്‌റാനിലെ ജയിലിലാണ് നര്‍ഗീസുള്ളത്.
Also Read: നാറ്റോയ്ക്ക് എതിരെ യുദ്ധത്തിന് റഷ്യൻ സൈന്യം, തയ്യാറെടുപ്പുകൾ തുടങ്ങി, വൻ പരിശീലനവുമായി നാവികസേന
സമാധാന നൊബേല്‍ പുരസ്‌കാരം നേടുന്ന പത്തൊമ്പതാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയന്‍ വനിതയുമാണ് നര്‍ഗീസ്. ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് എതിരായ പോരാട്ടത്തിന്റെ പേരിലാണ് സമാധാന നൊബേല്‍ പുരസ്‌കാരത്തിനായി നര്‍ഗീസിനെ തെരഞ്ഞെടുത്തത്. പഠന കാലത്തു തന്നെ പരിഷ്‌കരണ ആശയങ്ങളുടെ പേരില്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു നര്‍ഗീസ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന തന്നെ തല മറയ്ക്കാതെ തന്നെ ആശുപത്രിയില്‍ എത്തിക്കണം എന്നാവശ്യപ്പെട്ട് നവംബറില്‍ നര്‍ഗീസ് ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു.