ലോകത്തിന്റെ ചരക്ക് ഗതാഗതത്തിന്റെ സിരയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ 24 മണിക്കൂർ അന്ത്യശാസനത്തെ ഇറാൻ പരസ്യമായി അവഗണിച്ചതോടെ മേഖലയിൽ യുദ്ധാന്തരീക്ഷം രൂക്ഷമായി. ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ ഒമാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശത്തിലാണ് ഇപ്പോൾ ലോകശക്തികളുടെ നോട്ടം.
ഹോർമുസ് കടലിടുക്കിനെ രണ്ട് ഇടനാഴികളായി വിഭജിക്കാനാണ് ഒമാന്റെ നിർദ്ദേശം. ഇതുപ്രകാരം, ഒമാനി ഇടനാഴിയും ഇറാനിയൻ ഇടനാഴിയും തുറന്നുനൽകും. കരാർ പ്രകാരം ഇരു വഴികളിലൂടെയും കപ്പലുകൾക്ക് ടോൾ ഫ്രീ ആയി സഞ്ചരിക്കാം. വടക്കൻ ഇടനാഴിയിലൂടെ പോകുന്ന കപ്പലുകൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഫോഴ്‌സുമായി (IRGC) ഏകോപിപ്പിക്കണം എന്നതൊഴിച്ചാൽ, നിർബന്ധിത ഫീസുകൾ ഒഴിവാക്കാനാണ് ഒമാൻ ശ്രമിക്കുന്നത്.
ഗതാഗത ഫീസിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടയിൽ, സ്വമേധയാ നാവിഗേഷൻ ഫീസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി മുന്നറിയിപ്പ് നൽകി. എന്തായാലും കപ്പൽ ഗതാഗതത്തിനായുള്ള ഈ നിർബന്ധിത നിരക്കുകൾ സംബന്ധിച്ച ചർച്ചകൾ മധ്യപൂർവേഷ്യൻ രാഷ്ട്രീയത്തിൽ വലിയ അലയൊലികൾ സൃഷ്ടിക്കുകയാണ്.
ട്രംപ് ഭരണകൂടത്തിന്റെ അന്ത്യശാസനത്തിന് മറുപടിയായി ഇറാൻ ചെയ്തത് കൂടുതൽ പ്രകോപനപരമായ ആക്രമണമാണ്. സൈപ്രസ് പതാകയുള്ള ‘ജിഎഫ്എസ് ഗാലക്സി’ എന്ന കപ്പലിനെ അവർ ലക്ഷ്യം വെച്ചു. ഈ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ ഒരാളെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി. അമേരിക്കയുടെ ഇടപെടൽ അവസാനിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
അമേരിക്കയുടെ സൈനിക ഭീഷണികളും ഇറാനിയൻ പിടിവാശികളും ചേരുമ്പോൾ ഹോർമുസ് കടലിടുക്ക് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്. ഒമാന്റെ സമാധാന നിർദ്ദേശം വായനയിൽ മനോഹരമാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇറാൻ അത് സ്വീകരിക്കുമോ എന്നത് സംശയകരമാണ്. കപ്പൽ ഗതാഗതത്തിനായി യൂറോപ്പ് ഫീസ് നൽകാൻ തയ്യാറായാൽ പോലും, അമേരിക്കയും ഇറാനും തമ്മിലുള്ള ഈ പോര് എങ്ങനെയവസാനിക്കുമെന്ന് പ്രവചനാതീതമാണ്.






