ആണവ പരീക്ഷണം നടത്തി ഇറാൻ; ഇറാനിലുണ്ടായ ഭൂചലനങ്ങളിലെ യാഥാർതഥ്യം എന്ത്?

നിരന്തര സമ്മർദ്ദങ്ങൾക്കിടയിലും തകർന്നുപോകാതെ, ഓരോ ആക്രമണ ഭീഷണിയേയും കൂടുതൽ ശക്തിയോടെ നേരിടാൻ തയ്യാറാകുന്ന ഇറാനെ തന്നെയാണ് ഇന്ന് അമേരിക്കയും ഇസ്രയേലും ഏറ്റവും കൂടുതൽ ഭയക്കുന്നത്. ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഇറാന്റെ ആയുധശേഖരത്തെ മാത്രം അല്ല, മറിച്ച് ഒരിക്കലും പൂർണമായി കീഴടങ്ങാൻ തയ്യാറാകാത്ത ആ മനോവീര്യത്തെയാണ്

ആണവ പരീക്ഷണം നടത്തി ഇറാൻ; ഇറാനിലുണ്ടായ ഭൂചലനങ്ങളിലെ യാഥാർതഥ്യം എന്ത്?
ആണവ പരീക്ഷണം നടത്തി ഇറാൻ; ഇറാനിലുണ്ടായ ഭൂചലനങ്ങളിലെ യാഥാർതഥ്യം എന്ത്?

ടുവിൽ ലോകം വർഷങ്ങളായി ഭയന്നിരുന്ന ആ നിമിഷം സംഭവിച്ചോ? അമേരിക്കയും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും പതിറ്റാണ്ടുകളായി സംശയത്തോടെയും ആശങ്കയോടെയും നിരീക്ഷിച്ചിരുന്ന ഇറാന്റെ ആണവ പദ്ധതികൾ ഒടുവിൽ നിർണായക ഘട്ടത്തിലെത്തിയോ? ഈ ചോദ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര രാഷ്ട്രീയ വേദികളിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുവരെ വലിയ ചർച്ചയാകുന്നത്. കാരണം, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ അപ്രതീക്ഷിതമായി ഉണ്ടായ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലോകമെമ്പാടും പുതിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സാധാരണ ഭൂകമ്പമോ, അതോ രഹസ്യ ആണവ പരീക്ഷണത്തിന്റെ മറവിയോ എന്ന ചോദ്യമാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

മെയ് 12 ന് രാത്രിയാണ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനും സമീപ പ്രദേശങ്ങളും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഭൂകമ്പം 10 കിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായത്. ടെഹ്‌റാനിനും മസന്ദരൻ പ്രവിശ്യയ്ക്കുമിടയിലെ നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബൂമെഹെൻ ഉൾപ്പെടെയുള്ള സമീപ പട്ടണങ്ങളിലെ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി തെരുവുകളിൽ ഒത്തുകൂടുകയും ചെയ്തു. എന്നാൽ ആദ്യം പുറത്തുവന്ന വിവരങ്ങൾ പ്രകാരം വലിയ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ IRIB ഭൂകമ്പത്തിന് ശേഷം വലിയ സാമ്പത്തിക നഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചു.

പക്ഷേ സംഭവം ഇതോടെ അവസാനിച്ചില്ല. ഭൂചലനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻതോതിൽ ഒരു സംശയം ഉയർന്നു ഇത് യഥാർത്ഥത്തിൽ ഭൂകമ്പം തന്നെയായിരുന്നോ? അല്ലെങ്കിൽ ഇറാൻ രഹസ്യമായി നടത്തിയ ആണവ പരീക്ഷണത്തിന്റെ ആഘാതമോ? ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇല്ലെങ്കിലും, ഈ ചോദ്യം നിമിഷങ്ങൾക്കുള്ളിൽ ആഗോള ചർച്ചയായി മാറുകയായിരുന്നു. കാരണം, വർഷങ്ങളായി ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് അമേരിക്കയും ഇസ്രയേലും ഉയർത്തുന്ന മുന്നറിയിപ്പുകളും ആരോപണങ്ങളും ഇപ്പോഴും ലോക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സംഘർഷ വിഷയങ്ങളിലൊന്നാണ്.

ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച ആശങ്കകൾ പുതിയത് അല്ല. ഇറാൻ അവരുടെ ആണവ പദ്ധതി സമാധാനപരമായ ഊർജ ആവശ്യങ്ങൾക്കായാണെന്ന് ആവർത്തിച്ച് പറയുമ്പോഴും, പാശ്ചാത്യ രാജ്യങ്ങൾ അത് രഹസ്യമായി ആണവായുധ വികസനത്തിലേക്കുള്ള നീക്കമാണെന്ന് ആരോപിച്ചു വരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാനിൽ ഉണ്ടായ ഭൂചലനം പുതിയ സംശയങ്ങൾക്ക് ഇടയാക്കിയത്. ഭൂഗർഭ ആണവ പരീക്ഷണങ്ങൾ പലപ്പോഴും ചെറിയ ഭൂചലനങ്ങളായി രേഖപ്പെടുത്തപ്പെടാറുണ്ടെന്ന ചരിത്രം തന്നെ ഈ ചർച്ചകൾക്ക് ഇന്ധനമായി.

Also Read: സഹാറയിലെ പ്രേതനഗരം! 6000 വർഷം മുൻപത്തെ ആ രഹസ്യം പുറത്ത്!

അതേസമയം, ആദ്യമേ സൂചിപ്പിച്ചത് പോലെ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല. ഭൂകമ്പം ഒരു സ്വാഭാവിക ഭൗമശാസ്ത്ര സംഭവമാകാമെന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. ഇറാൻ ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം കാരണം രാജ്യത്ത് പതിവായി ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. ഈ വർഷം മാർച്ചിലും തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, ഇപ്പോഴത്തെ സംഭവത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് ഇതിനെ സാധാരണ ഭൂകമ്പത്തിൽ നിന്ന് ആഗോള സംശയത്തിലേക്ക് മാറ്റിയത്.

ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നടത്തിയ പുതിയ പരാമർശങ്ങളും ഈ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയാണ്. ചൈനയിലേക്കുള്ള നയതന്ത്ര യാത്രയ്ക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ, ഇറാനെ ഒരു ആണവായുധ ശക്തിയാകാൻ അനുവദിക്കില്ലെന്ന തന്റെ പഴയ നിലപാട് ട്രംപ് വീണ്ടും ആവർത്തിച്ചു. “ഇറാനെക്കുറിച്ച് പ്രധാനപ്പെട്ട ഒരേയൊരു കാര്യം മാത്രമാണ് പറയാനായുള്ളത്, അവർക്ക് ആണവായുധം ഉണ്ടാകില്ല” എന്നായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. അമേരിക്കയുടെ സാമ്പത്തിക ബാധ്യതകളേക്കാൾ വലിയ വിഷയം ഇറാന്റെ ആണവ ശേഷിയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

എന്നാൽ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കാര്യമാണ് ഈ യുദ്ധം ഇത്രയും നീളുമെന്നും ഇത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അമേരിക്കൻ ഭരണകൂടം ആദ്യഘട്ടത്തിൽ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പ്രത്യേകിച്ച് ഇറാന്റെ സൈനിക-തന്ത്രപരമായ ശേഷിയെ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും വലിയ തോതിൽ കുറച്ചുകാണിച്ചുവെന്ന വിമർശനവും ശക്തമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സമ്മർദ്ദത്തിലാക്കി ഇറാനെ മുട്ടുമടക്കിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അമേരിക്കയും ഇസ്രയേലും എന്നാണ് പല വിശകലന വിദഗ്ധരുടെയും വിലയിരുത്തൽ. പക്ഷേ സംഭവിച്ചത് അതിന്റെ നേർവിപരീതമായിരുന്നു.

ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ടും, മേഖലയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ശക്തമായ പ്രതികരണ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടും, ആഗോള എണ്ണവിപണിയെ വരെ സമ്മർദ്ദത്തിലാക്കിക്കൊണ്ടും ഇറാൻ തങ്ങൾ കരുതിയതിലും ശക്തമായ എതിരാളിയാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു. ഇപ്പോൾ ഇറാനിൽ ഉണ്ടായ ഭൂചലനവും ആണവപരീക്ഷണ സംശയങ്ങളും ഉയരുന്ന സാഹചര്യത്തിൽ, അമേരിക്കയ്ക്കുള്ളിലെ ആശങ്കയും വർധിക്കുകയാണ്. കാരണം, യുദ്ധം വെറും സൈനിക ഏറ്റുമുട്ടലിൽ ഒതുങ്ങുന്നില്ല അത് ഇപ്പോൾ ആണവ ഭീഷണിയുടെയും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും ദിശയിലേക്ക് നീങ്ങുന്നുവെന്ന ഭയമാണ് ശക്തമാകുന്നത്.

Also Read: ഹോർമുസിലെ വേട്ടക്കാർ! ഗൾഫ് നാടുകളെ മുൾമുനയിൽ നിർത്തി ഇറാന്റെ അപ്രതീക്ഷിത ഓപ്പറേഷൻ

ട്രംപിന്റെ ഈ പ്രസ്താവനകൾ ഇപ്പോഴത്തെ ഭൂചലനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കൂടുതൽ രാഷ്ട്രീയ നിറം നൽകുകയാണ്. പ്രത്യേകിച്ച് ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്ത സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. അതിന് പിന്നാലെ ലോകത്തിലെ ഏറ്റവും നിർണായക എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലേക്കുള്ള പ്രവേശനം ഇറാൻ തടഞ്ഞത് ആഗോള വിപണികളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. ലോക എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം ദിവസേന കടന്നുപോകുന്ന പാതയാണ് ഹോർമുസ്.

ഇറാനുമായുള്ള യുദ്ധം അമേരിക്കയ്ക്ക് വൻ സാമ്പത്തിക ബാധ്യതയും സൃഷ്ടിച്ചിരിക്കുകയാണ്. അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, യുദ്ധം ആരംഭിച്ച 74 ദിവസത്തിനുള്ളിൽ മാത്രം അമേരിക്കയ്ക്ക് 29 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ഇത് യുദ്ധോപകരണങ്ങളുടെയും സൈനിക സംവിധാനങ്ങളുടെയും നഷ്ടം മാത്രമാണ്; സൈനിക താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സ്ത് 1.5 ട്രില്യൺ ഡോളറിന്റെ അധിക പ്രതിരോധ ചെലവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇറാനിലെ ഭൂചലനം കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നത്. കാരണം, ഒരു ഭാഗത്ത് യുദ്ധവും സാമ്പത്തിക ഉപരോധങ്ങളും തുടരുമ്പോൾ, മറുവശത്ത് ഇറാന്റെ ആണവ പദ്ധതികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണോ എന്ന ചോദ്യവും ഉയരുകയാണ്. പ്രത്യേകിച്ച് അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്ന സാഹചര്യത്തിൽ, ഭൂചലനവുമായി ബന്ധപ്പെട്ട ഓരോ വിവരവും ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണ്.

ചുരുക്കത്തിൽ ഇപ്പോൾ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും മനസ്സിലാക്കി തുടങ്ങുന്ന ഒരു യാഥാർത്ഥ്യമുണ്ട്. വർഷങ്ങളോളം ഉപരോധങ്ങളും ഭീഷണികളും സൈനിക സമ്മർദ്ദങ്ങളും ഉപയോഗിച്ച് മുട്ടുകുത്തിക്കാമെന്ന് കരുതിയ ഇറാൻ ഇന്ന് പഴയ ഇറാനല്ല. സ്വന്തം രാജ്യത്തെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാൻ ഏത് നിമിഷവും എന്തിനും തയ്യാറായി നിൽക്കുന്ന ഒരു ജനതയാണ് ഇന്ന് അവിടെ ഉള്ളത്. അത് വെറും ഇറാന്റെ സൈന്യം മാത്രമല്ല തെരുവുകളിൽ ജീവിക്കുന്ന സാധാരണ ജനങ്ങളിൽ നിന്ന് വിപ്ലവ ഗാർഡുകൾ വരെ, രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെടുന്ന ഓരോ നിമിഷത്തിലും ഒരേ മനസ്സോടെ മുന്നിൽ നിൽക്കാൻ തയ്യാറായ ഒരു ശക്തിയാണ് ഇറാൻ.

അതിനാലാണ് ഇന്ന് ട്രമ്പിന്റെയും നെതന്യാഹുവിന്റേയും ആശങ്ക ഉയരുന്നത്. കാരണം മിസൈലുകളേക്കാൾ അപകടകാരിയായത് ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഒരു രാജ്യമാണ്. നിരന്തര സമ്മർദ്ദങ്ങൾക്കിടയിലും തകർന്നുപോകാതെ, ഓരോ ആക്രമണ ഭീഷണിയേയും കൂടുതൽ ശക്തിയോടെ നേരിടാൻ തയ്യാറാകുന്ന ഇറാനെ തന്നെയാണ് ഇന്ന് അമേരിക്കയും ഇസ്രയേലും ഏറ്റവും കൂടുതൽ ഭയക്കുന്നത്. ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഇറാന്റെ ആയുധശേഖരത്തെ മാത്രം അല്ല, മറിച്ച് ഒരിക്കലും പൂർണമായി കീഴടങ്ങാൻ തയ്യാറാകാത്ത ആ മനോവീര്യത്തെയാണ്.

കാരണം ചരിത്രം വീണ്ടും വീണ്ടും തെളിയിച്ച ഒരു സത്യമുണ്ട് സ്വന്തം മണ്ണിനെയും സ്വാഭിമാനത്തെയും കാക്കാൻ എഴുന്നേൽക്കുന്ന ജനതയെ ഒരു ശക്തിക്കും എളുപ്പത്തിൽ കീഴടക്കാൻ കഴിയില്ല. ഇന്നത്തെ പശ്ചിമേഷ്യയിൽ ആ സന്ദേശത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമായി മാറിക്കൊണ്ടിരിക്കുന്നത് ഇറാൻ തന്നെയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

വീഡിയോ കാണാം….

Share Email
Top