നടൻ മമ്മൂട്ടി തങ്ങളുടെ മേലുദ്യോഗസ്ഥനല്ല എന്ന ബോധ്യം കൊച്ചി കമ്മീഷണർ നിശാന്തിനി മുതൽ ഡിഐജി യതീഷ് ചന്ദ്രയ്ക്കും എഡിജിപി പി വിജയനും ഉൾപ്പെടെ ഉണ്ടാവേണ്ടതുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന ദൃശ്യങ്ങൾ കണ്ടാൽ അങ്ങനെ തോന്നുന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനൊക്കെ നിങ്ങൾ മമ്മൂട്ടിയെ ആക്കിക്കോ അതിൽ യാതൊരു കുഴപ്പവുമില്ല, പക്ഷേ മേലുദ്യോഗസ്ഥനെ പോലെ വിനീത വിധേയമായി സിനിമാ താരത്തിന് മുന്നിൽ നിന്നു കൊടുക്കരുത്. അത് വളരെ മോശമാണ്. അത്തരം ദൃശ്യങ്ങൾ ഐപിഎസുകാർക്ക് മാത്രമല്ല പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിശാന്തിനി വേദിയിൽ വച്ച് മമ്മൂട്ടിയോട് സംസാരിക്കുമ്പോഴുള്ള താരത്തിൻ്റെ ശരീര ഭാഷ ഒരു ഉന്നത ഐപിഎസ് ഓഫീസറോട് പെരുമാറുന്ന രീതിയിലുള്ളതായിരുന്നില്ല. കമ്മീഷണറും ഇത്തരമൊരു സംസാരം വേദിയിൽ ഒഴിവാക്കേണ്ടതായിരുന്നു.
അതുപോലെ തന്നെ മമ്മൂട്ടിയെ ആനയിച്ച് കൊണ്ടു വരുന്ന എഡിജിപി പി വിജയൻ്റെ ശരീര ഭാഷയും മമ്മുട്ടി മടങ്ങുമ്പോൾ യാത്ര അയക്കാൻ എത്തുന്ന എറണാകുളം റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ ദൃശ്യവും എല്ലാം അവർ വഹിക്കുന്ന പദവിക്ക് യോജിച്ചതായിരുന്നോ എന്നത് അവർ തന്നെ പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇതിൻ്റെ എല്ലാം ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പരക്കെയുണ്ട്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നടൻ മമ്മൂട്ടിയോട് ആരാധനയൊക്കെ കാണും, മാത്രമല്ല താൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ നടത്തുന്ന പദ്ധതികൾ ശ്രദ്ധിക്കപ്പെടണമെന്ന താൽപര്യവും അദ്ദേഹത്തിന് കാണും. അതുകൊണ്ട് അദ്ദേഹം മമ്മൂട്ടിയോട് അമിതമായ സ്നേഹം പ്രകടിപ്പിക്കുന്നതും വിധേയത്വം കാണിക്കുന്നതും എല്ലാം നമുക്ക് മനസ്സിലാക്കാൻ പറ്റും, രാഷ്ട്രീയക്കാർക്ക് അങ്ങനെ എന്തും ആകാമല്ലോ ? എന്നാൽ അങ്ങനെയാണോ യൂണിഫോമിട്ട ഐപിഎസ് ഉദ്യോഗസ്ഥർ പെരുമാറേണ്ടത് ? അവർ അവരുടെ ഒരു നിലവാരത്തിൽ നിൽക്കേണ്ടതല്ലേ ? അത് കാണിക്കാതിരുന്നത് കൊണ്ടാണ് ഇവിടെ ഇത് പറയേണ്ടി വരുന്നത്.
പൊലീസിനെ നയിക്കേണ്ട ഐപിഎസ് ഉദ്യോഗസ്ഥർ അവരുടെ നിലവാരം മറന്ന് ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെടാൻ പാടില്ല. അത് എത് സൂപ്പർ താരത്തിൻ്റെ മുന്നിലായാൽ പോലും യൂണിഫോമിൻ്റെ മഹിമ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. അതു പോലെ തന്നെ ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴും പുറത്ത് വന്നിട്ടില്ല. അതു പോലെ തന്നെ സിനിമാ രംഗത്തുളള നിരവധി പേർ പല കേസുകളിലും പെടുന്ന വിവാദ സംഭവങ്ങളും നമ്മൾക്കു മുന്നിലുണ്ട്. ഇവർക്ക് ആർക്കെങ്കിലും വേണ്ടി മമ്മൂട്ടിക്ക് വിളിക്കേണ്ടി വന്നാൽ എന്തായിരിക്കും ഈ ഐപിഎസുകാരുടെ നിലപാടെന്നതും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
മമ്മൂട്ടി ഇങ്ങനെയൊക്കെ ഇടപെടുന്ന ആളാണെന്നാണോ എന്ന സംശയം പലർക്കും ഉണ്ടെങ്കിലും ഇക്കാര്യത്തിൽ മുൻ വിധിയോടെ ഒരഭിപ്രായം ഇപ്പോൾ പറയുന്നില്ല. എന്നാൽ ഞങ്ങൾ അറിഞ്ഞ ഒരു കാര്യം ഇവിടെ പറയാം. മനോരമയിൽ ഉണ്ടായിരുന്ന ഒരു സീനിയർ മാധ്യമ പ്രവർത്തകൻ പറഞ്ഞ കാര്യമാണത്. മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന വീടിൻ്റെ നിർമ്മാണ സമയത്ത് കായലിലേക്ക് മണ്ണ് വീണ ഒരു സംഭവം ഉണ്ടായിരുന്നു. കായൽ മണ്ണിട്ട് നികത്തുന്നു എന്ന തരത്തിലുള്ള ഒരു പരാതി ആയിരുന്നു അത്. അന്ന് ഈ പരാതി ലഭിച്ച ഉടനെ ഡിസിപി ഹരിശങ്കറിൻ്റെ നിർദ്ദേശ പ്രകാരം പൊലീസ് സ്ഥലത്ത് എത്തി ഇടപെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ, നടപടി ഒഴിവാക്കാൻ മമ്മൂട്ടിക്ക് വേണ്ടി അന്ന് ഇടപെട്ടത് ഒരു എംപി ആയിരുന്നു എന്നാണ് ലഭിച്ച വിവരം. അക്കാലത്ത് കേരളം ഭരിച്ചിരുന്നതും യുഡിഎഫ് സർക്കാർ തന്നെ ആയിരുന്നു.
സ്വന്തം നിലനിൽപ്പിന് വേണ്ടിയും സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടിയാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള മിക്ക സിനിമാ താരങ്ങളും രാഷ്ട്രീയക്കാരോട് ഒട്ടി നിൽക്കുന്നത്. ഇക്കൂട്ടർ ഭരണം മാറുന്നതിന് അനുസരിച്ച് കളവും മാറ്റി ചവിട്ടും. അതിൽപ്പെട്ട ഒരാൾ തന്നെയാണ് മമ്മൂട്ടി എന്ന കാര്യത്തിലും സംശയം വേണ്ട. അവസരവാദപരമായ നിലപാട് കൂടുതലായി കണ്ടിട്ടുള്ളതും മമ്മൂട്ടിയിൽ നിന്നു തന്നെയാണ്. അതിന് ഒന്നാംന്തരം ഉദാഹരണമാണ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയോടും കോൺഗ്രസ്സ് എംഎൽഎ ആയ രമേഷ് പിഷാരടിയോടുമുള്ള വ്യത്യസ്തമായ സമീപനം. റഫീക്കിനോട് മാറി നിൽക്കാൻ പറഞ്ഞ അതേ മമ്മൂട്ടി തന്നെയാണ് രമേഷ് പിഷാരടിയെ ചേർത്ത് പിടിച്ചിരിക്കുന്നത്.

“താങ്കൾ എൻ്റെ ഒപ്പം ഇങ്ങനെ നിന്നാൽ നിങ്ങൾ വിളിച്ചിട്ട് വന്നതായിട്ട് മറ്റുള്ളവർ കരുതും “എന്നു പറഞ്ഞ ഇതേ മമ്മൂട്ടി തന്നെയാണ് അധികം താമസിയാതെ തന്നെ രമേഷ് പിഷാരടിക്കായി പരസ്യമായി രംഗത്ത് വന്നിരുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സമയത്ത് പിഷാരടി വിളിച്ച വീഡിയോ കോളിൽ മമ്മൂട്ടി സംസാരിക്കുന്നത് നമ്മെളെല്ലാം കണ്ട കാര്യമാണ്. താൻ വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട്ട് കൊണ്ടുവരുമെന്ന് പരസ്യമായി പറഞ്ഞതും ഇതേ പിഷാരടി തന്നെയാണ്. ഇപ്പോൾ കോൺഗ്രസ്സ് എംഎൽഎ ആയിട്ടു പോലും, മമ്മൂട്ടിക്ക് ഒപ്പമാണ് രമേഷ് പിഷാരടി ചില സമയങ്ങളിൽ യാത്ര ചെയ്യുന്നത്. ഇതിൻ്റെ തെളിവുകളും പുറത്ത് വന്നിട്ടുള്ളതാണ്.
ഇത്തരം ഘട്ടങ്ങളിൽ ഒന്നും തന്നെ മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് മമ്മൂട്ടിക്ക് തോന്നിയിട്ടില്ല. സി.പിഎം വയനാട് ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞ അതേ നാവ് കൊണ്ടു തന്നെയല്ലേ ഓപ്പൺ വീഡിയോ കോളിൽ തിരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടി പിഷാരടിയോട് സംസാരിച്ചിരിക്കുന്നത് ? അതിനെന്താ മമ്മൂട്ടിക്ക് മറുപടി പറയാനുള്ളത് ?
മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്ന് രമേഷ് പിഷാരടി പറഞ്ഞതും പരസ്യമായി വീഡിയോ കോളിൽ മമ്മൂട്ടിയോട് സംസാരിച്ചതും എല്ലാം വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി തന്നെയാണ്. ഇതൊക്കെ സി.പി.എമ്മിൻ്റെ ചില നേതാക്കൾ മറന്നു പോയാലും അണികൾ മറന്നിട്ടില്ല. അതുകൊണ്ടാണ് ഇപ്പോൾ മമ്മൂട്ടിക്ക് സോഷ്യൽ മീഡിയയിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിരിക്കുന്നത്.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാക്കളെ മമ്മൂട്ടി വീട്ടിലേക്ക് ക്ഷണിച്ച് ചായ കൊടുത്ത് ഫോട്ടോ എടുത്തത് തന്നെ പിആർ ബുദ്ധിയിൽ പിറന്ന കൃത്യമായ ഒരുനാടകമാണ്. തനിക്ക് എതിരായ ഇടതുപക്ഷ അനുഭാവികളെ ഒപ്പം നിർത്താൻ കളിച്ച നാടകം തന്നെയാണിത്. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് സി.പി.എം അനുഭാവികളുടെ പ്രതിഷേധത്തിൻ്റെ ചൂട് മമ്മൂട്ടിയെ കാണാൻ പോയ വിദ്യാർത്ഥി- യുവജന നേതാക്കൾക്കും ഇപ്പോൾ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഈ നേതാക്കൾ എന്തായാലും സ്വന്തം ഇഷ്ടപ്രകാരമാണ് മമ്മൂട്ടിയെ കാണാൻ പോയത് എന്ന് കരുതുന്നില്ല. സി.പി.എം സംസ്ഥാന നേതൃത്വം ആലോചിച്ച് പറഞ്ഞ് വിടാനും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യതയില്ല. മമ്മൂട്ടിയോട് അടുപ്പമുള്ള ഏതോ ചില നേതാക്കൾ ഒപ്പിച്ച പണിയാണിത്. വിവാദമായപ്പോൾ അത് ന്യായീകരിക്കേണ്ട ഗതികേട് സി.പി.എം നേതൃത്വത്തിന് ഉണ്ടായെന്നു മാത്രം. ഏതെങ്കിലും സി.പി.എം നേതാവിനോ രാജ്യസഭ എംപിക്കോ മമ്മൂട്ടിയോട് കടപ്പാടുണ്ടെങ്കിൽ അത് നിങ്ങൾ വ്യക്തിപരമായി തന്നെ തീർക്കുകയാണ് വേണ്ടത്. അതല്ലാതെ നല്ലപോലെ പ്രവർത്തിക്കുന്ന എസ്എഫ് ഐ- ഡിവൈഎഫ്ഐ സംഘടനകളെ ഉപയോഗിച്ച് മുതലെടുപ്പിന് ശ്രമിക്കരുത്. ഇവിടെ അതിനു ശ്രമിച്ചു എന്നു തന്നെയാണ് കരുതുന്നത്.
മലപ്പുറത്ത് എംഎസ്എഫുകാരുടെയും യൂത്ത് ലീഗുകാരുടെയും മർദ്ദനമേറ്റ് ചോരയിൽ കുളിച്ച് എസ്എഫ്ഐ പ്രവർത്തകർ കിടക്കുന്ന സമയത്ത് തന്നെ മമ്മൂട്ടിക്ക് ഒപ്പമുള്ള എസ്എഫ് ഐ – ഡിവൈഎഫ്ഐ നേതാക്കളുടെ ചിത്രം പ്രചരിച്ചതാണ് സി.പി.എം പ്രവർത്തകരെയും അനുഭാവികളെയും പ്രകോപിപ്പിച്ചിരുന്നത്. ആ രോഷം കൂടി പെട്ടന്നുള്ള ഈ പ്രകോപനത്തിന് പിന്നിലുണ്ട്. ഇവിടെ സി.പി.എം നേതൃത്വത്തോട് ചോദിക്കാനുള്ള ഒരു ചോദ്യം പാർട്ടി ജില്ലാ സെക്രട്ടറി പരസ്യമായി അപമാനിക്കപ്പെട്ടിട്ടും പാലക്കാട്ടെ എംഎൽഎയുടെ ചങ്കായി ഈ മഹാനടൻ മാറിയിട്ടും നിങ്ങൾ എന്തിനാണ് വീണ്ടും പിന്നാലെ നടക്കുന്നത് എന്നാണ്. മമ്മൂട്ടി ഒപ്പമുണ്ടെങ്കിൽ ഗുണം ചെയ്യുമെന്നാണ് ധാരണയെങ്കിൽ, ആ ധാരണ ഇപ്പോഴേ മാറ്റുന്നതാണ് നല്ലത്. ഒപ്പമുള്ളവർ കൂടി അകലാനാണ് അത്തരം സമീപനം ഇടയാക്കുക. ഇപ്പോഴത്തെ പ്രതികരണങ്ങളിൽ നിന്നു തന്നെ അത് വ്യക്തവുമാണ്.
EXPRESS VIEW
വീഡിയോ കാണാം…






