അഹമ്മദാബാദ്: 2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ കലാശപ്പോരാട്ടം നാളെ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
തുടർച്ചയായ രണ്ടാം കിരീടമെന്ന ലക്ഷ്യവുമായാണ് രജത് പാട്ടിദാറും സംഘവും ഇറങ്ങുന്നത്. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെതിരെ 92 റൺസിന്റെ കൂറ്റൻ ജയം നേടിയതിന്റെ ആത്മവിശ്വാസം ആർസിബിക്കുണ്ടെങ്കിലും, ഫൈനലിൽ ഗുജറാത്ത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പാണ്. ബൗളിംഗിലും ബാറ്റിംഗിലും മികച്ച സന്തുലിതാവസ്ഥ പുലർത്തുന്ന ബെംഗളൂരു ആരാധകർക്ക് വമ്പൻ പ്രതീക്ഷയാണ് നൽകുന്നത്.
Also Read:രോഹിത്തിനെ നിലനിർത്താൻ ജയ്‌സ്വാളിനെ ബലിയാടാക്കി; സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനം
2022-ലെ കിരീടനേട്ടത്തിന് ശേഷം മറ്റൊരു ജയം തേടിയാണ് ശുഭ്മാൻ ഗില്ലും കൂട്ടരും എത്തുന്നത്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ജിടി ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ ക്വാളിഫയറിലെ തോൽവിക്ക് ആർസിബിയോട് പകരം വീട്ടാനും കിരീടത്തിൽ മുത്തമിടാനും ഗുജറാത്ത് ശക്തമായി തന്നെ തയ്യാറെടുക്കുന്നു.
ആർസിബി നായകൻ രജത് പാട്ടിദാറും ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലും മികച്ച ഫോമിലുള്ളത് നാളത്തെ മത്സരം കൂടുതൽ വാശിയേറിയതാക്കും. ഇരു ടീമുകളിലെയും ബാറ്റിംഗ്, ബൗളിംഗ് നിരകൾ ഒരുപോലെ കരുത്തരാണ്. ആര് കിരീടത്തിൽ മുത്തമിടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.






