ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടം. ലഖ്നൗവിന്റെ ഈ സീസണിലെ രണ്ടാമത്തെ മത്സരമാണിത്. പഞ്ചാബിന്റേത് അവരുടെ മൂന്നാമത്തേതും. ആദ്യ മത്സരത്തില്‍ തോറ്റ ലഖ്നൗ പോയിന്റ് ഒന്നുമില്ലാതെ ടേബിളില്‍ അവസാന സ്ഥാനത്താണ്. ഒരു കളി ജയിച്ച പഞ്ചാബ് കിങ്സ് രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തും.
ഐപിഎല്‍ 2022 ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇതുവരെ മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാത്രമേ ലഖ്നൗവും പഞ്ചാബും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളൂ. ലഖ്നൗ അതില്‍ രണ്ട് തവണയും പഞ്ചാബ് ഒരു തവണയും വിജയിച്ചു. പഞ്ചാബിനെതിരായ ലഖ്നൗവിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍ 257 ആണ്, ലഖ്നൗ ക്കെതിരെ പഞ്ചാബിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 ഉം . ലക്നൗവിലെ ഏകാന സ്പോര്‍ട്സ് സിറ്റിയില്‍ രാത്രി 7.30 മുതലാണ് മത്സരം. ഈ സീസണിലെ ഈ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരം കൂടിയാണ്.
മാര്‍ച്ച് 24 ന് നടന്ന ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്നൗ രാജസ്ഥാന്‍ റോയല്‍സിനോട് 20 റണ്‍സിന് തോറ്റിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് പക്ഷെ രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനോട് നാല് വിക്കറ്റിന് തോറ്റു.