ഐപിഎല്‍; മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചെര്‍സ് ബെംഗളൂരുവിനെ നേരിടും

ഐപിഎല്‍; മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചെര്‍സ് ബെംഗളൂരുവിനെ നേരിടും

പിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നേരിടുന്നത് റോയല്‍ ചലഞ്ചെര്‍സ് ബെംഗളൂരുവിനെ. തുടര്‍തോല്‍വികളില്‍ നിന്ന് അവസാന മത്സരത്തില്‍ വിജയത്തിലൂടെ കര കയറിയ മുംബൈ ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ആര്‍ സി ബി പക്ഷെ അവസാന മത്സരത്തില്‍ കോഹ്ലിയുടെ സെഞ്ച്വറി നേട്ടമുണ്ടായിട്ടും രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റത്തിന്റ ക്ഷീണം മാറ്റാന്‍ ഉറപ്പിച്ചാണ് ഇറങ്ങുന്നത്.

ഫോമിലേക്കുയര്‍ന്നാല്‍ ഏത് ടീമിനെയും തകര്‍ക്കാനുള്ള കരുത്തുള്ള ഇരു ടീമുകളും പൂര്‍ണ്ണ ഫോമിലേക്ക് തിരിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ നാല് മത്സരം കളിച്ച മുംബൈയും , അഞ്ച് മത്സരം കളിച്ച ആര്‍ സി ബി യും ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത് . പോയിന്റ് പട്ടികയില്‍ മുംബൈ എട്ടാമതും ആര്‍ സി ബി ഒമ്പതാമതും.

5 മത്സരത്തില്‍ നിന്ന് 316 റണ്‍സ് സ്വന്തമാക്കി ഓറഞ്ച് ക്യാപ് സ്വന്തമാക്കി മുന്നേറുന്ന കോഹ്ലി ഒഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനാകുന്നില്ല എന്നതാണ് ബംഗളൂരു നേരിടുന്ന ഏറ്റവും വലിയ പ്രശനം. കഴിഞ്ഞ മത്സരത്തില്‍ ഇരുന്നൂറിന് മുകളില്‍ സ്‌കോര്‍ സ്വന്തമാക്കി ഡല്‍ഹിയെ 29 റണ്‍സിന് തകര്‍ത്തതിന്റെ ആത്മ വിശ്വസം മുംബൈയ്ക്ക് കരുത്താകും. അവസാന മത്സരത്തില്‍ ടീമിലെത്തിയെങ്കിലും തിളങ്ങാനാകാതെ പോയ സൂര്യ കുമാര്‍ യാദവ് ഇന്ന് തിളങ്ങിയാല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ കുറെ കൂടി എളുപ്പമാകും.

Top