ഐപിഎല്‍; ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐപിഎല്‍; ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് നേരിടും. വൈകിട്ട് ഏഴരയ്ക്ക് ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടിലാണ് കളി തുടങ്ങുക. തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാനാണ് ഡല്‍ഹി കാപിറ്റല്‍സ് ഇറങ്ങുന്നത്. അഞ്ച് കളിയില്‍ നാലിലും തോറ്റ ഡല്‍ഹിക്ക്, ലഖ്നൗവുമായുള്ള പോരാട്ടവും കടുപ്പമായിരിക്കും.

ഓള്‍റൗണ്ടര്‍മാരുടെ കൂടാരമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ തകര്‍ത്തടിക്കാന്‍ ക്വിന്റണ്‍ ഡി കോക്കും നിക്കോളാസ് പുരാനും മാര്‍ക്കസ് സ്റ്റോയിനിസുമുണ്ട്. ബൗളിംഗിലെ വൈവിധ്യമാണ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ ധൈര്യം. ക്രുനാല്‍ പണ്ഡ്യയും രവി ബിഷ്ണോയിയും റണ്‍ നിയന്ത്രിക്കുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും ഒരുപോലെ മികവുളളവര്‍. കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ ഇരുവരുടേയും ഓവറുകള്‍ നിര്‍ണായകം. പേസ് ബൗളിംഗിലെ പുതിയ കണ്ടെത്തലായ മായങ്ക് യാദവിന്റെയും മൊഹ്സിന്‍ ഖാന്റെയും പരിക്കു മാത്രമാണ് ആശങ്ക. മായങ്കിന് വരുന്ന രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് സ്ഥിരീകരണമുണ്ടായിരുന്നു.അതേസമയം, ഇന്ന് ജയിച്ചാല്‍ ലഖ്നൗവിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരവുമുണ്ട്. നാല് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമാക്കിയ ലഖ്നൗ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്ന് നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്നിലാക്കാനായാല്‍ ലഖ്നൗ ഒന്നാമതെത്തും. അതിന് സാധിച്ചില്ലെങ്കിലും രണ്ടാം സ്ഥാനത്തേക്കെങ്കിലും ലഖ്നൗവിന് കയറാം.

ക്യാപ്റ്റന്‍ റിഷഭ് പന്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഒഴികെയുള്ള ബാറ്റര്‍മാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ഡല്‍ഹിയുടെ പ്രധാന പ്രതിസന്ധി. ഒന്‍പത് റണ്‍സ് കൂടി നേടിയാല്‍ പന്ത് ഐപിഎല്ലില്‍ 3000 റണ്‍സ് ക്ലബിലെത്തും. ഡല്‍ഹിയുടെ ബൗളിംഗ് നിരയും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. സൂപ്പര്‍ ജയന്റ്സിനെതിരെ ആദ്യജയമാണ് ഡല്‍ഹിയുടെ ലക്ഷ്യം. ഇതിന് മുന്‍പ് ഏറ്റുമുട്ടിയ മൂന്ന് കളിയിലും ലഖ്നൗ ജയിച്ചു.

Top