ഐപിഎല്‍; രണ്ട് ജയങ്ങള്‍ നേടിയതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി

ഐപിഎല്‍; രണ്ട് ജയങ്ങള്‍ നേടിയതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ തുടര്‍ച്ചയായി രണ്ട് ജയങ്ങള്‍ നേടിയതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി. പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ ശിവം മാവിക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാകും എന്ന് ഫ്രാഞ്ചൈസി അറിയിച്ചു. 6.4 കോടി രൂപയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ താരലേലത്തില്‍ ലഖ്‌നൗ സ്വന്തമാക്കിയ താരമാണ് മാവി. ഈ സീസണില്‍ ഇതുവരെ ശിവം മാവിക്ക് കളിക്കാനിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഐപിഎല്‍ 2024 സീസണില്‍ മോശമല്ലാത്ത തുടക്കമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയിട്ടുള്ളത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 20 റണ്‍സിന് തോറ്റ് തുടങ്ങിയ ലഖ്‌നൗ പിന്നീട് പഞ്ചാബ് കിംഗ്‌സിനെ 21 റണ്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 28 റണ്‍സിനും തോല്‍പിച്ചു. കഴിഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ 181/5 (20) എന്ന മികച്ച സ്‌കോറിലെത്തിയപ്പോള്‍ ആര്‍സിബിയെ 19.4 ഓവറില്‍ 153 റണ്‍സില്‍ തളയ്ക്കുകയായിരുന്നു. ബാറ്റിംഗില്‍ 56 പന്തില്‍ 81 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും ബൗളിംഗില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റുമായി മായങ്ക് യാദവും ലഖ്‌നൗവിനായി തിളങ്ങി. ഏപ്രില്‍ ഏഴിന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ പരിക്ക് ശിവം മാവിയെ വലയ്ക്കുകയാണ്. അതിന് ശേഷം ഒരു മത്സര ക്രിക്കറ്റില്‍ പോലും താരത്തിന് ഇറങ്ങാനായിരുന്നില്ല. ടീം ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാവിയുടെ പേരുണ്ടായിരുന്നെങ്കിലും പുറത്തേറ്റ പരിക്കുമൂലം പിന്‍മാറേണ്ടിവന്നു. എന്നിട്ടും മാവിയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്രതീക്ഷയോടെ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ ഈ ഐപിഎല്‍ സീസണാകെ മാവിക്ക് നഷ്ടപ്പെടും എന്ന സ്ഥിരീകരണമാണ് വരുന്നത്. ശിവം മാവിക്ക് പകരം താരത്തെ ലഖ്‌നൗ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്‍ കരിയറില്‍ 32 മത്സരങ്ങളില്‍ മാവി 8.71 ഇക്കോണമിയില്‍ 30 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

Top