ഐപിഎൽ താരലേലത്തിൽ കാമറൂൺ ഗ്രീനിനെ 25.20 കോടി രൂപക്ക് സ്വന്തമാക്കി കൊൽക്കത്തനൈറ്റ് റൈഡേഴ്‌സ്. ഡേവിഡ് മില്ലറിനെ 2 കോടി രൂപക്ക് ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കി. ശ്രീലങ്കൻ താരം വനിന്ദു ഹസരങ്ക 2 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. വെങ്കടേഷ് അയ്യർ 7 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ക്വിന്റൺ ഡി കോക്ക് ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ. ഇംഗ്ലീഷ് താരം ബെൻ ഡക്കറ്റ് രണ്ട് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ. ന്യൂസിലാൻഡ് താരം ഫിൻ അലൻ രണ്ട് കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. ന്യൂസിലാൻഡ് താരം ജേക്കബ് ഡഫി രണ്ട് കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ. കൂടുതൽ പണമുള്ള ടീമും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (64.3 കോടി) തന്നെയാണ്. ഐപിഎൽ 2026 മിനി താരലേലം അബുദാബിയിൽ പുരോഗമിക്കുകയാണ്.
അതേസമയം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ എത്തിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് കൈയിൽ കിട്ടുക 18 കോടി രൂപ മാത്രം. റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയിട്ടും അദ്ദേഹത്തിന് ഈ തുക കുറവ് ലഭിക്കുന്നതിന് കാരണം, വിദേശ താരങ്ങളുടെ ലേലത്തുക സംബന്ധിച്ച് ബിസിസിഐ ഏർപ്പെടുത്തിയ പുതിയ സാമ്പത്തിക നിബന്ധനയാണ്. ടീമിൽ നിലനിർത്തുന്ന താരത്തിന് മുടക്കിയ ഏറ്റവും ഉയർന്ന തുകയോ, അല്ലെങ്കിൽ ലേലത്തിൽ വിളിച്ചെടുത്ത വിദേശ താരത്തിനായി മുടക്കുന്ന ഉയർന്ന തുകയോ ഇതിൽ ഏതാണോ കുറവ്, ആ തുക മാത്രമാകും എത്ര ഉയർന്ന വിലയ്ക്ക് വിളിച്ചെടുത്താലും വിദേശ താരത്തിന് ലഭിക്കുക. നിലവിൽ, ഒരു ടീമിന് നിലനിർത്തുന്ന ഒരു താരത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത് 18 കോടി രൂപയാണ്.






