സ്മാർട്ട്ഫോൺ ലോകത്ത് വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ആപ്പിൾ. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഫോണെന്ന വിശേഷണത്തോടെ കഴിഞ്ഞവർഷം വിപണിയിലെത്തിയ ‘ഐഫോൺ എയറി’ന്റെ പിൻഗാമിയായ ‘ഐഫോൺ എയർ 2’ അണിയറയിൽ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ആദ്യ മോഡലിൽ ഉപഭോക്താക്കൾ ഉന്നയിച്ച പ്രധാന പോരായ്മകളെല്ലാം പരിഹരിച്ചാകും പുതിയ എയർ പതിപ്പ് എത്തുക.
ആദ്യതലമുറ ഐഫോൺ എയറിന്റെ കനംകുറഞ്ഞ സ്ലിം ഡിസൈൻ വൻ ശ്രദ്ധ നേടിയിരുന്നെങ്കിലും, അതിന്റെ ചെറിയ ബാറ്ററിയും ഒറ്റ പിൻക്യാമറയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രശസ്ത ചൈനീസ് ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട പുതിയ സപ്ലൈ ചെയിൻ വിവരങ്ങൾ പ്രകാരം ഐഫോൺ എയർ 2-ൽ 3,500mAh ശേഷിയുള്ള വലിയ ബാറ്ററിയാകും ആപ്പിൾ നൽകുക. ആദ്യ മോഡലിൽ ഇത് 3,149mAh മാത്രമായിരുന്നു. പെർഫോമൻസിന്റെ കാര്യത്തിലും ഐഫോൺ എയർ 2 ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. ലോകത്തിലെ ഏറ്റവും വികസിതമായ 2 നാനോമീറ്റർ (2nm) സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ആപ്പിളിന്റെ പുത്തൻ A20 ചിപ്‌സെറ്റാകും ഈ ഫോണിന് കരുത്തേകുക. ഇതുകൂടാതെ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളും ഫോണിലുണ്ടാകുമെന്നാണ് സൂചന.
Also Read: പാകിസ്ഥാന്റെ നെഞ്ച് പിളർക്കാൻ ഇന്ത്യയുടെ റോബോട്ട് സൈന്യം! ഇന്ത്യയുടെ കില്ലർ ഹ്യൂമനോയിഡുകൾ വരുന്നു
120Hz റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് കൂറ്റൻ ഡിസ്‌പ്ലേ. മെച്ചപ്പെടുത്തിയ 3ഡി ഫേസ് റെക്കഗ്നിഷൻ സംവിധാനം. മുൻ മോഡലിലെ സിംഗിൾ ക്യാമറയ്ക്ക് പകരം 48 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനം. വരാനിരിക്കുന്ന ഐഫോൺ 18 സീരീസിനൊപ്പം 2027-ന്റെ തുടക്കത്തിലാകും ഐഫോൺ എയർ 2 ആഗോള വിപണിയിൽ അവതരിപ്പിക്കുക എന്നാണ് ടെക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ആപ്പിൾ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിൽ വിപണിയിലുള്ള ആദ്യതലമുറ ഐഫോൺ എയർ ഇന്ത്യയിൽ 1,19,900 രൂപയ്ക്കാണ് (256GB പതിപ്പ്) വിൽക്കുന്നത്. ഇതിന്റെ 512GB മോഡലിന് 1,39,900 രൂപയും ഉയർന്ന 1TB പതിപ്പിന് 1,59,900 രൂപയുമാണ് വില.






