രാജ്യത്ത് ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍. പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ അനുവദിക്കാവൂ എന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐ.ആര്‍.ഡി.എ) നിര്‍ദേശം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരികയാണ്. അതോടെ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് നിര്‍ബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഓഹരി ഉടമകള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് (ഇ-ഐ.എ) ആരംഭിച്ച് അതിലാണ് ഡിജിറ്റല്‍ പോളിസി സൂക്ഷിക്കേണ്ടത്. ഈ അക്കൗണ്ടിലൂടെ ഒരു ഉപഭോക്താവിന്റെ എല്ലാവിധ ഇന്‍ഷുറന്‍സ് പോളിസികളും (ലൈഫ്, ഹെല്‍ത്ത്, ജനറല്‍) മാനേജ് ചെയ്യാം. ഒരിക്കല്‍ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് ആരംഭിച്ചു കഴിഞ്ഞാല്‍, പോളിസി ഉടമയുടെ കൈവശമുള്ള എല്ലാ കമ്പനികളുടെയും പോളിസികള്‍ ഇതിലേക്ക് ചേര്‍ക്കാന്‍ കഴിയും.
ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുന്നതിന് നാല് ഇന്‍ഷുറന്‍സ് റെപ്പോസിറ്ററികള്‍ക്കാണ് ചുമതല. കാംസ് ഇന്‍ഷുറന്‍സ് റെപ്പോസിറ്ററി, കാര്‍വി, എന്‍.എസ്.ഡി.എല്‍ ഡേറ്റാബേസ് മാനേജ്‌മെന്റ്, സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് റെപ്പോസിറ്ററി ഓഫ് ഇന്ത്യ തുടങ്ങിയവയാണിവ.
പഴയ പോളിസികള്‍ കടലാസ് രൂപത്തില്‍ കൈവശം വെക്കുന്നതിന് തടസ്സമില്ല. അതേസമയം ഉപഭോക്താവിന് ആവശ്യമെങ്കില്‍ ഡിജിറ്റലിന് പുറമെ കടലാസ് രൂപത്തിലും ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കാമെന്ന് ഐ.ആര്‍.ഡി.എ അറിയിച്ചിട്ടുണ്ട്.