ഇന്ത്യൻ നിർദേശം ഏറ്റവും സമഗ്രം..! റഷ്യ-യുക്രെയ്ൻ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഇടപെടൽ സ്ഥിരീകരിച്ച് യുക്രെയ്ൻ

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കീവ് സന്ദർശിച്ച വേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും സിബിഹയുമായും ഉഭയകക്ഷി സഹകരണവും കരിങ്കടൽ സുരക്ഷയും സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു

ഇന്ത്യൻ നിർദേശം ഏറ്റവും സമഗ്രം..! റഷ്യ-യുക്രെയ്ൻ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഇടപെടൽ സ്ഥിരീകരിച്ച് യുക്രെയ്ൻ
ഇന്ത്യൻ നിർദേശം ഏറ്റവും സമഗ്രം..! റഷ്യ-യുക്രെയ്ൻ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഇടപെടൽ സ്ഥിരീകരിച്ച് യുക്രെയ്ൻ

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കാണാനുള്ള നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യ മുന്നോട്ടുവച്ച നിർദേശത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതായി യുക്രെയ്ൻ. നിലവിൽ ചർച്ചയിലുള്ള നാല് വെടിനിർത്തൽ നിർദേശങ്ങളിൽ ഇന്ത്യയുടേതാണ് ഏറ്റവും സമഗ്രമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കി. സമാധാന ശ്രമങ്ങളിൽ സജീവമായ മധ്യസ്ഥ പങ്ക് വഹിക്കാൻ ഇന്ത്യ ആദ്യമായി സന്നദ്ധത അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കരിങ്കടൽ മേഖലയിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ പൂർണമായി നിർത്തിവയ്ക്കുന്നതും ഭക്ഷ്യധാന്യ വിതരണത്തിനും കപ്പൽ ഗതാഗതത്തിനും സുരക്ഷ ഉറപ്പാക്കുന്നതുമാണ് ഇന്ത്യൻ നിർദേശത്തിന്റെ പ്രധാന ഭാഗങ്ങൾ. അമേരിക്ക, തുർക്കി, ഈജിപ്ത് എന്നിവയും വിവിധ വെടിനിർത്തൽ നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. തുർക്കിയുടെയും ഈജിപ്തിന്റെയും നിർദേശങ്ങൾ പ്രധാനമായും കരിങ്കടലിലൂടെയുള്ള ധാന്യ കയറ്റുമതി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.

ALSO READ:‘ഞാൻ അമ്മയെ കൊന്നു’..! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തതിൽ തർക്കം, 17-കാരൻ മാതാവിനെ റെഞ്ച് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കരിങ്കടലിൽ ഊർജ മേഖലയിലും കപ്പൽ ഗതാഗത മേഖലയിലും ഒരുമിച്ചുള്ള വെടിനിർത്തലിനാണ് യുക്രെയ്ൻ തയ്യാറെടുക്കുന്നത്. ഊർജ നിലയങ്ങൾക്കും തുറമുഖ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യധാന്യ കയറ്റുമതി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. യുക്രെയ്ൻ കൂടുതൽ വിപുലമായ വെടിനിർത്തൽ സാധ്യതകളും പരിഗണിക്കുന്നതായി സിബിഹ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കീവ് സന്ദർശിച്ച വേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും സിബിഹയുമായും ഉഭയകക്ഷി സഹകരണവും കരിങ്കടൽ സുരക്ഷയും സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇപ്പോൾ ഇന്ത്യ മുന്നോട്ടുവച്ച നിർദേശത്തിന് യുക്രെയ്ൻ നൽകിയ പ്രതികരണം സമാധാന ചർച്ചകളിൽ ന്യൂഡൽഹിയുടെ ഇടപെടലിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്ന സാഹചര്യമാണുണ്ടാക്കുന്നത്. എന്നാൽ നിർദേശം പ്രായോഗികമാകുന്നതിൽ റഷ്യയുടെ നിലപാടും തുടർ ചർച്ചകളിലെ ധാരണയും നിർണായകമാകും.

Share Email
Top