ന്യൂഡൽഹി: ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബറിലോ ഒക്ടോബറിലോ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. “ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡിൽ പുതിയ ഗവേഷണത്തിനും വികസനത്തിനും (ആർ & ഡി) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ്‌സി) സർക്കാർ 334 കോടി രൂപ അനുവദിച്ചു”, കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം, ഘടകങ്ങൾക്കായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി സർക്കാർ ഉടൻ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷന്റെ പങ്കാളിത്തത്തോടെ ടാറ്റ ഇലക്ട്രോണിക്സ് ഗുജറാത്തിലെ ധോലേരയിൽ ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ഫാബ് നിർമ്മിക്കുകയാണ്. 2021 ഡിസംബറിൽ രാജ്യത്ത് സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണത്തിന് 76,000 കോടി രൂപ ചിലവ് വരുന്ന സെമികോൺ ഇന്ത്യ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയിരുന്നു.
Also Read: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു
സെമികണ്ടക്ടറുകൾ, ഡിസ്പ്ലേ നിർമ്മാണം, ഡിസൈനിംഗ് സൗകര്യം എന്നിവയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി സർക്കാർ ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) സ്ഥാപിച്ചിട്ടുണ്ട്. സെമികണ്ടക്ടറുകൾ വികസിപ്പിക്കുന്നതിനും, നിർമ്മാണ സൗകര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും, സെമികണ്ടക്ടർ ഡിസൈൻ സംവിധാനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും നയിക്കുന്നതിനും ഈ വിഭാഗത്തിന് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാവകാശമുണ്ട്.