നഗോയ: അവസാന ദിവസങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് ചരിത്രനേട്ടം. ജപ്പാനിലെ ഐച്ചി-നഗോയയിൽ 16 ദിവസമായി നടന്ന കായികമാമാങ്കത്തിന് ഞായറാഴ്ച കൊടിയിറങ്ങാനിരിക്കെ, മത്സരങ്ങളുടെ അവസാന ദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത് അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഒൻപത് മെഡലുകൾ. അവസാന രണ്ട് ദിവസങ്ങളിൽ മാത്രം 11 സ്വർണമാണ് ഇന്ത്യ നേടിയത്. ഇതോടെ ആകെ സ്വർണനേട്ടം 21ലും മെഡൽ നേട്ടം 85ലുമെത്തി. ചൈനയും ജപ്പാനും മുന്നിൽ നിൽക്കുമ്പോൾ അവസാന ദിവസങ്ങളിലെ കുതിപ്പിലൂടെ ഇന്ത്യ നാലാം സ്ഥാനത്തേക്കും ഉയർന്നു. 2022ലെ ഹാങ്ചു ഏഷ്യൻ ഗെയിംസിലെ നാലാം സ്ഥാനവും ഇന്ത്യ നിലനിർത്തി.
പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും നേടിയ സ്വർണത്തിന് പുറമെ ഗുസ്തി, ആർച്ചറി, ഗോൾഫ് വ്യക്തിഗത വിഭാഗങ്ങളിലും ഇന്ത്യ സ്വർണം സ്വന്തമാക്കി. ഗുസ്തിയിൽ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ് അമൻ ഷെറാവത്ത് ഉത്തരകൊറിയയുടെ ലോകചാമ്പ്യൻ ചോങ് സോങ് ഹാനെ 10-7ന് കീഴടക്കി സ്വർണം നേടി. 57 കിലോഗ്രാം വിഭാഗത്തിലെ ഈ വിജയം ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം സ്വർണമായി. നേരത്തെ സുജീത് കൽക്കലും സ്വർണം നേടിയിരുന്നു. 17കാരിയായ മഹാരാഷ്ട്ര അമരാവതി സ്വദേശിനി കുംകും മൊഹദെയും ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ ശ്രദ്ധേയ സാന്നിധ്യമായി.
ALSO READ;വൺ ലാസ്റ്റ് ഡാൻസ്..! അർജന്റീനയ്ക്കായി അവസാന മത്സരം, നാട്ടിലെത്തി ലയണൽ മെസ്സി
അവസാന രണ്ട് ദിവസങ്ങളിലെ സ്വർണനേട്ടമാണ് ഇന്ത്യയുടെ മെഡൽ പട്ടികയിൽ നിർണായകമായ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഏഷ്യയിലെ കായിക ശക്തികളായ ചൈനയും ജപ്പാനും മുന്നിലെത്തിയപ്പോൾ ഇന്ത്യയുടെ അവസാനഘട്ട പ്രകടനം നാലാം സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. ഇതോടെ 21 സ്വർണം ഉൾപ്പെടെ 85 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. വിവിധ ഇനങ്ങളിലെ മെഡൽ നേട്ടത്തിനൊപ്പം പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും സ്വർണം നേടിയത് ഇന്ത്യയുടെ ഇത്തവണത്തെ മുന്നേറ്റത്തിലെ പ്രധാന നേട്ടങ്ങളായി.
ഞായറാഴ്ച നടക്കുന്ന സമാപനച്ചടങ്ങോടെ ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീഴും. അവസാന ദിവസം ഇക്വസ്ട്രിയൻ മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് സമാപനച്ചടങ്ങുകൾ ആരംഭിക്കും. പലോമോ മിസുഹോ സ്റ്റേഡിയമാണ് ചടങ്ങിന് വേദിയാകുന്നത്. ഇരട്ട സ്വർണ മെഡൽ ജേതാവ് നീരു ധണ്ടയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തുക. 21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അവസാന ദിവസങ്ങളിലെ ഈ കുതിപ്പ് ശ്രദ്ധേയമായൊരു ഏഷ്യൻ ഗെയിംസ് അധ്യായമായാണ് മാറുന്നത്.






