യുദ്ധങ്ങളില്‍ നിര്‍ണായകമായ ഘടകമാണ് സാങ്കേതികവിദ്യകള്‍, ഒന്നാം ലോകയുദ്ധകാലത്ത് ടാങ്കുകളും എയര്‍ക്രാഫ്റ്റുകളുമായിരുന്നെങ്കില്‍ രണ്ടാം ലോകയുദ്ധത്തില്‍ അത് റഡാറുകളിലേക്കും റോക്കറ്റുകളിലേക്കും മിസൈലുകളിലേക്കും ആണവ ബോംബിലേക്കും വരെ വഴിമാറി. ആധുനിക കാലത്തെ യുദ്ധമുഖത്ത് ആകട്ടെ ഡ്രോണുകളും പടനിലത്തിലെത്തി. ഈ നൂറ്റാണ്ടില്‍ ഡ്രോണ്‍ ആയുധ സാങ്കേതികവിദ്യ വലിയ കുതിച്ചുചാട്ടത്തിലായിരുന്നു. 1986 ല്‍ ഡിആര്‍ഡിഒ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബട്ടിക്‌സ് (കെയ്ര്‍) എന്ന പ്രത്യേക സ്ഥാപനം സ്ഥാപിച്ചത് ഡ്രോണുകളുടെ വികസനം ലക്ഷ്യം വച്ചാണ്.
Also Read:ആ ഇടപെടൽ വേണ്ട, അമേരിക്കയെ അടുപ്പിക്കാതെ ഇന്ത്യ
റഷ്യ-യുക്രെയ്ന്‍, ഇസ്രയേല്‍-ഹമാസ് യുദ്ധങ്ങളില്‍ തുടങ്ങി ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങള്‍ കൂടി നിരീക്ഷിക്കുന്ന ആഗോള ആയുധ വിപണിയില്‍ കൂടുതല്‍ ചലനം സൃഷ്ടിക്കുക ഡ്രോണുകള്‍ തന്നെയാണ്. യുക്രെയ്നും റഷ്യയും തമ്മിലുള്ള ആക്രമണത്തിലാണ് ഡ്രോണുകളുടെ ഈ ശേഷി ലോകം കൂടുതലായി തിരിച്ചറിഞ്ഞത് എന്ന് പറയാം. ചെറുതും ചെലവ് കുറഞ്ഞതുമായ ഡ്രോണുകള്‍ നിര്‍മിക്കാല്‍ എളുപ്പത്തില്‍ സാധിക്കുമെന്നതാണ് പല രാജ്യങ്ങളെയും ഡ്രോണ്‍ സാങ്കേതികവികാസത്തിലേക്ക് നയിക്കുന്നത്. ഇന്ത്യക്കെതിരെ ഒരു രാത്രി മാത്രം നാന്നൂറോളം തുര്‍ക്കിഷ് നിര്‍മിത ഡ്രോണുകളാണ് പാക്കിസ്ഥാന്‍ പ്രയോഗിച്ചത്.

മനുഷ്യരില്ലാത്തതിനാല്‍ അപകടകരമായ ദൗത്യങ്ങളില്‍ ഡ്രോണുകള്‍ പ്രയോജനപ്രദമാണ്. ഒരു പ്രാണിയുടെ മുതല്‍ വമ്പന്‍ വിമാനങ്ങളുടെവരെ വലുപ്പമുള്ള ഡ്രോണുകളുണ്ട്. ഇവയുടെ ചട്ടക്കൂട് നിര്‍മിക്കാന്‍ പ്ലാസ്റ്റിക്കുകളും കോംപസിറ്റ് വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. വൈദ്യുതി സംവിധാനങ്ങളാണു ഡ്രോണുകളില്‍ ഭൂരിഭാഗത്തെയും പ്രവര്‍ത്തിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടര്‍, ബാറ്ററി, പ്രൊപ്പല്ലറുകള്‍, കണ്‍ട്രോളറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയും ഇവയിലുണ്ട്. ഡ്രോണുകളില്‍ തന്നെയുള്ള ഒരു കംപ്യൂട്ടര്‍ സംവിധാനവുമായി ബന്ധിക്കപ്പെട്ട നിലയിലാണ് ഇവ. കരയില്‍ ഉപയോഗിക്കുന്ന ഡ്രോണുകളില്‍ ചക്രങ്ങളുള്ളതും ട്രാക്കുകള്‍ ഉപയോഗിക്കുന്നവയുമുണ്ട്. മലനിരകളില്‍ ഉപയോഗിക്കാന്‍ കാലുകള്‍ പോലെയുള്ള ഘടനകളില്‍ നടക്കുന്ന ഡ്രോണുകളുമുണ്ട്.
ആക്രമണ ഡ്രോണുകളില്‍ തോക്കുകള്‍, മിസൈലുകള്‍, ബോംബുകള്‍, സ്മാര്‍ട്ട് മൈനുകള്‍ തുടങ്ങിയവയുണ്ട്. സെന്‍സര്‍ സംവിധാനങ്ങളാണ് ഇവയെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നത്. ഡ്രോണ്‍ പ്രവര്‍ത്തനങ്ങളില്‍ ആക്‌ച്വേറ്ററുകള്‍ നിര്‍ണായകമാണ്. വഹിക്കുന്ന വസ്തുക്കള്‍ ലക്ഷ്യത്തിലേക്കു തൊടുക്കാന്‍ ഇവ ആകാശഡ്രോണുകളെ സഹായിക്കുന്നു. അപകടവസ്തുക്കള്‍ നീക്കംചെയ്യാനും മൈനുകള്‍ സ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമൊക്കെ ജലാന്തര ഡ്രോണുകളെ ഇവ അനുവദിക്കുന്നു. ഓണ്‍ബോര്‍ഡ് കംപ്യൂട്ടറുകളാണു ഡ്രോണിന്റെ തലച്ചോറ്, ഇതില്‍ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറുകളും ഉള്‍പ്പെടുന്നു. ഇത് റിമോട്ട് കണ്‍ട്രോള്‍ സ്റ്റേഷനില്‍ നിന്നുള്ള കമാന്‍ഡുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ മുന്‍കൂട്ടി ലോഡ് ചെയ്ത ഡേറ്റയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കും.
ആധുനിക സ്വയംനിര്‍ണയ ഡ്രോണുകള്‍ക്ക് എഐ ശേഷിയുമുണ്ട്. ആധുനിക യുദ്ധരംഗത്ത് ഡ്രോണുകള്‍ ഒരു വിപ്ലവാത്മക മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും മനുഷ്യ ജീവന്‍ പൊലിയാതെ ശത്രുവിന്റെ മുകളില്‍ ആക്രമണം നടത്താന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ കൊണ്ടാകുന്നു. കൂടാതെ എതിരാളിയുടെ പരിസരത്ത് കൃത്യമായി നിരീക്ഷണം നടത്താനും ഡ്രോണുകള്‍ക്ക് സാധിക്കുന്നു. നിര്‍മിക്കാന്‍ ചെലവ് കുറവായതിനാല്‍ തന്നെ ഡ്രോണുകള്‍ എണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കാനാകും. ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകള്‍ തകര്‍ക്കാന്‍ ചെലവാക്കുന്ന തുകയ്ക്ക് ആയിരക്കണക്കിന് ഡ്രോണുകള്‍ നിര്‍മിക്കാനാകും.
ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഡ്രോണ്‍ നിര്‍മാണ മേഖലയില്‍ സമൂലമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രോഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021 മുതല്‍ പ്രതിവര്‍ഷം 120 കോടി രൂപ ഇതിന് വേണ്ടി മാറ്റിവെക്കാറുണ്ട്. പുതിയ സാഹചര്യത്തില്‍ ഡ്രോണ്‍ നിര്‍മാണ മേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പാക്ക് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലോകത്തിനു മുന്നില്‍ തെളിഞ്ഞത് ഡ്രോണുകളുടെയും ആളില്ലാ വിമാനങ്ങളുടെയും കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കൈ കൂടിയാണ്.

ഇസ്രയേല്‍ സഹായത്തോടെ ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിച്ച സ്‌കൈസ്ട്രൈക്കര്‍ (SkyStriker) കാമിക്കേസ് ഡ്രോണും (Kamikaze Drone) ഇസ്രയേല്‍ നിര്‍മിത ഹാറോപ് (Harop) ഡ്രോണുകളുമാണ് സേന പ്രധാനമായും ഉപയോഗിച്ചത്. ഇതോടെ പ്രതിരോധ, ഡ്രോണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അതിര്‍ത്തി നിരീക്ഷണത്തിനാണ് ഇന്ത്യന്‍ സൈന്യം ആദ്യമായി വിദൂര നിയന്ത്രിത ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. പിന്നീട് പല ഘട്ടങ്ങളിലും നിരീക്ഷണത്തിനും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി ഇന്ത്യ ഡ്രോണ്‍ ശേഖരം വലുതാക്കി.
Also Read: ആണവ തന്ത്രം ഇനി നടക്കില്ല; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച് ഇന്ത്യ
ഇസ്രയേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രി നിര്‍മിച്ച ഹീറോണ്‍ ( Heron), ഹീറോണ്‍ ടി.പി, സെര്‍ച്ചര്‍, ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച റസ്റ്റം 2 (Rustom 2), നേത്ര (Netra), ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഐഡിയ ഫോര്‍ജ് നിര്‍മിച്ച സ്വിച്ച് ഡ്രോണ്‍ (Switch Drone), അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റോമിക്സ് നിര്‍മിച്ച എം.ക്യു-ജ റീപ്പര്‍ (MQ-9 Reaper), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നിര്‍മിച്ച ത്രിനേത്ര യു.എ.വി (Trinetra UAV), നോര്‍വീജിയന്‍ കമ്പനിയായ പ്രോക്സ് ഡൈനാമിക്സ് എ.എസ് നിര്‍മിച്ച ബ്ലാക്ക് ഹോര്‍ണറ്റ് നാനോ, നാഗാത്ര 1 തുടങ്ങിയ ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ വിപണികളില്‍ ഒന്നായി ഇന്ത്യ മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 500 മില്യന്‍ ഡോളറായിരുന്നു (ഏകദേശം 4,200 കോടി രൂപ) ഡ്രോണ്‍ വിപണിയുടെ വരുമാനം. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇത് 11 ബില്യന്‍ ഡോളറായി (ഏകദേശം 9,300 കോടി രൂപ) വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ 30 ശതമാനവും പ്രതിരോധ ഡ്രോണുകളില്‍ നിന്നാണ്. ലോജിസ്റ്റിക്സ് വിഭാഗത്തില്‍ 25 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്ന് 20 ശതമാനവും വരുമാനം ലഭിക്കുമെന്നും ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പറയുന്നു. ഡ്രോണുകളുടെ ഗവേഷണം, നിര്‍മാണം, സര്‍വീസ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് വരുമാനം കണക്കാക്കിയിരിക്കുന്നത്. ഡ്രോണ്‍ നിര്‍മാണത്തില്‍ മാത്രം ഈ വര്‍ഷം 900 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്.