ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പ്ലേ ഓഫ് എലിമിനേറ്ററില്‍ ഒഡീഷയാണ് എതിരാളികള്‍. ഭുവനേശ്വറില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗോളടി വീരന്‍മാരായ റോയ് കൃഷ്ണയെയും ഡീഗോ മൌറിസിയോയെയും പിടിച്ചുകെട്ടണം, ഗോളടിക്കണം, ജയിക്കണം. ഭുവനേശ്വറില്‍ ഒഡീഷയുടെ മൈതാനത്ത് ഇതില്‍ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കില്ല.

22 കളിയില്‍ 32 ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്സ് 31 ഗോള്‍ തിരിച്ചുവാങ്ങി. ഒഡിഷ 35 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 23 ഗോള്‍. ഒഡീഷ അവസാന രണ്ടുകളിയും തോറ്റെങ്കിലും സെമിയിലേക്ക് മുന്നേറാന്‍ സമീപകാലത്തെ പ്രകടനം മതിയാവില്ല ബ്ലാസ്റ്റേഴ്സിന്. ഇത് ഏറ്റവും നന്നായി അറിയാവുന്ന ഇവാന്‍ വുകോമനോവിച്ച് മറുതന്ത്രവുമായി തയ്യാറെടുത്തുകഴിഞ്ഞു. ഭുവനേശ്വറില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിട്ടില്ല. കളിച്ച മൂന്ന് മത്സരത്തിലും തോറ്റു. ഒഡിഷയെ തോല്‍പിച്ചാല്‍ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സും ഭുവനേശ്വറില്‍ ഒഡീഷയും ജയിച്ചു. പരിക്കുമാറി അഡ്രിയന്‍ ലൂണ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. ലൂണയുടെ സാന്നിധ്യം കളിയാകെ മാറ്റുമെന്നുറപ്പ്. സീസണിലെ ടോപ് സ്‌കോററായ ദിമിത്രിയോസ് ഡയമന്റക്കോസും ഒഡിഷയ്ക്കെതിരെ ബൂട്ടുകെട്ടുമാണ് പ്രതീക്ഷ. പരിക്ക് മാറിവരുന്ന ഡയമന്റക്കോസ് അവസാന രണ്ട് മത്സരത്തില്‍ കളിച്ചിരുന്നില്ല. സസ്പെന്‍ഷനിലായ ഡിഫന്‍ഡര്‍ നവോച്ച സിംഗും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവില്ല.

Top