ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കികളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് അമൃത് ഡിസ്റ്റിലറീസിന്റെ ‘അമൃത് എക്സ്പെഡിഷൻ’. മദ്യലോകത്തെ ‘വേദപുസ്തകം’ എന്നറിയപ്പെടുന്ന ജിം മുറെയുടെ ‘വിസ്‌കി ബൈബിൾ 2025-26’ പതിപ്പിലാണ് ഈ ഇന്ത്യൻ നിർമ്മിത വിസ്‌കി ലോകത്തെ മികച്ച മൂന്നാമത്തെ വിസ്‌കിയായി തിരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകൾക്ക് മുൻപ് ‘അമൃത് ഫ്യൂഷൻ’ എന്ന ബ്രാൻഡിലൂടെ ആഗോള ശ്രദ്ധ നേടിയ കമ്പനി, ഇതാദ്യമായാണ് ഇത്രയും ഉയർന്ന ആഡംബര വിഭാഗത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
ഏകദേശം പത്ത് ലക്ഷം രൂപയോളമാണ് ഇന്ത്യൻ വിപണിയിൽ ഒരു കുപ്പി ‘അമൃത് എക്സ്പെഡിഷന്റെ’ വില. 15 വർഷം പഴക്കമുള്ള ഈ സിംഗിൾ മാൾട്ട് വിസ്‌കി, അതിന്റെ സമാനതകളില്ലാത്ത ഗുണമേന്മ കൊണ്ടും നിർമ്മാണത്തിലെ സങ്കീർണ്ണതകൾ കൊണ്ടുമാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. രുചി, ഗന്ധം, സന്തുലിതാവസ്ഥ എന്നിവയിൽ ഉന്നത നിലവാരം പുലർത്തുന്ന മദ്യങ്ങൾക്ക് മാത്രം നൽകുന്ന ‘ലിക്വിഡ് ഗോൾഡ്’ പദവിയും ഈ വിസ്‌കിക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
Also Read: കിളിമാനൂർ ഥാർ അപകടക്കേസ്; പ്രതിക്ക് ജാമ്യമില്ല
ലോകമെമ്പാടുമുള്ള നാലായിരത്തിലധികം വിസ്‌കികൾ രുചിച്ചു നോക്കിയാണ് ജിം മുറെ ഓരോ വർഷവും ഈ വാർഷിക ഗൈഡ് തയ്യാറാക്കുന്നത്. സ്കോട്ട്‌ലൻഡ്, അയർലൻഡ്, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വമ്പൻ ബ്രാൻഡുകളെ പിന്തള്ളിയാണ് അമൃത് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. അമേരിക്കയുടെ ‘ഫുൾ പ്രൂഫ് 1972 ബോർബൻ’ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, പ്രശസ്തമായ ഗ്ലെൻ ഗ്രാന്റ്, റെഡ് ബ്രെസ്റ്റ് എന്നീ സ്കോച്ച് വിസ്‌കികൾക്കൊപ്പം അമൃതും മുൻനിരയിൽ സ്ഥാനം ഉറപ്പിച്ചു.
ഇന്ത്യയിലെ കടുത്ത ചൂടുള്ള കാലാവസ്ഥയിൽ 15 വർഷത്തോളം വിസ്‌കി കേടുകൂടാതെയും ഗുണമേന്മ ചോരാതെയും സൂക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഈ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് അമൃത് ഡിസ്റ്റിലറീസ് ഇത്രയും മികച്ചൊരു നേട്ടം സ്വന്തമാക്കിയത്. മുൻപ് ഇന്ത്യയിൽ നിന്നുള്ള ‘പോൾ ജോൺ’ എന്ന ബ്രാൻഡും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, അമൃതിന്റെ ഈ മുന്നേറ്റം ഇന്ത്യൻ മദ്യവ്യവസായത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് നൽകുന്നത്.






