ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് തടയിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് തടയിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് തടയിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഒരു റണ്ണിനാണ് ഹൈദരാബാദ് വിജയം പിടിച്ചെടുത്തത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് രാജസ്ഥാനെ തകര്‍ത്തത്. സീസണില്‍ രാജസ്ഥാന്റെ രണ്ടാമത്തെ പരാജയമാണിത്.

202 റണ്‍സിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണു. ജോസ് ബട്ലര്‍ (0), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. പിന്നീട് ക്രീസിലൊരുമിച്ച യശസ്വി ജയ്സ്വാള്‍- റിയാന്‍ പരാഗ് സഖ്യം 133 റണ്‍സ് കൂട്ടിചേര്‍ത്ത് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ 14-ാം ഓവറില്‍ ജയ്സ്വാള്‍ മടങ്ങി. 40 പന്തില്‍ രണ്ട് സിക്സും ഏഴ് ബൗണ്ടറിയും ഉള്‍പ്പടെ 67 റണ്‍സെടുത്താണ് യശസ്വി കൂടാരം കയറിയത്. 16-ാം ഓവറില്‍ പരാഗും പുറത്തായി. 49 പന്തില്‍ നാല് സിക്സും എട്ട് ബൗണ്ടറിയും സഹിതം 77 റണ്‍സെടുത്ത് രാജസ്ഥാന്റെ ടോപ് സ്‌കോററായാണ് പരാഗ് മടങ്ങിയത്. ഷിംറോണ്‍ ഹെറ്റ്മെയര്‍ (13), ധ്രുവ് ജുറല്‍ (1) നിരാശപ്പെടുത്തി. ഇതോടെ അശ്വിനും പവലും ക്രീസിലൊരുമിച്ചു.അവസാന രണ്ട് പന്തുകളില്‍ നാല് റണ്‍സായിരുന്നു രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ശേഷം അഞ്ചാം പന്തിലും പവല്‍ രണ്ട് റണ്‍സ് സ്വന്തമാക്കിയതോടെ രാജസ്ഥാന്റെ അവസാന പന്തിലെ വിജയലക്ഷ്യം രണ്ട് റണ്‍സായി കുറഞ്ഞു. എന്നാല്‍ അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പവലിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ രാജസ്ഥാന്‍ മത്സരത്തില്‍ ഒരു റണ്ണിന് അടിയറവ് പറഞ്ഞു. രാജസ്ഥാന്റെ വിജയത്തിനായി പൊരുതിയ പവല്‍ 15 പന്തുകളില്‍ 27 റണ്‍സ് നേടി. പവലിന് അശ്വിന്‍ (2) എല്ലാ പിന്തുണയും നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76*), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 19 പന്തില്‍ പുറത്താകാതെ 42 റണ്‍സെടുത്ത് ഹെന്റിച്ച് ക്ലാസനും തിളങ്ങി. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Top