ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാമത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാമത്

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാമത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 98 റണ്‍സിന്റെ മിന്നും വിജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗവിനെ 137 റണ്‍സിന് കൊല്‍ക്കത്ത എറിഞ്ഞൊതുക്കി.

കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ലഖ്നൗവിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഇംപാക്ട് താരമായി ഇറങ്ങിയ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മാര്‍ക്കസ് സ്റ്റോയ്നിസും തകര്‍ത്തടിച്ച് ടീമിനെ 70 റണ്‍സിലെത്തിച്ചു. എട്ടാം ഓവറില്‍ രാഹുലും (21 പന്തില്‍ 25) ഒന്‍പതാം ഓവറില്‍ സ്റ്റോയിനിസും (21 പന്തില്‍ 36) പുറത്തായതോടെ ലഖ്നൗ പതറി. പിന്നീട് വന്നവരെല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി . ദീപക് ഹൂഡ (5), നിക്കോളാസ് പൂരന്‍ (10), ആയുഷ് ബദോനി (15), ആഷ്ടണ്‍ ടര്‍ണര്‍ (16), ക്രുനാല്‍ പാണ്ഡ്യ (5) എന്നിവരെല്ലാം അതിവേഗം മടങ്ങിയപ്പോള്‍ ലഖ്നൗ സ്വന്തം കാണികള്‍ക്കുമുന്നില്‍ കൂറ്റന്‍ പരാജയം വഴങ്ങി.

16.1 ഓവറിലാണ് ലഖ്നൗ ഓള്‍ഔട്ടായത്. 21 പന്തില്‍ 36 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സ് അടിച്ചുകൂട്ടിയത്. ഏകാന സ്റ്റേഡിയത്തിലെ റെക്കോര്‍ഡ് സ്‌കോറാണിത്. 39 പന്തില്‍ 81 റണ്‍സെടുത്ത നരെയന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ ഹിമാലയന്‍ ടോട്ടലിലേക്ക് നയിച്ചത്. ഏഴ് സിക്സും ആറ് ബൗണ്ടറിയുമാണ് നരെയ്‌ന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ലഖ്‌നൗവിന് വേണ്ടി നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Top