ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ പേസര്‍ ആകാശ് ദീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് സിറാജിനൊപ്പം ഇന്ത്യന്‍ പേസ് നിരയുടെ കരുത്തുറ്റ സാന്നിധ്യമായി ആകാശ് ദീപ് മാറി. 20 ഓവറില്‍ 88 റണ്‍സ് വിട്ടുകൊടുത്ത് ആകാശ് ദീപ് നാല് വിക്കറ്റെടുത്തിരുന്നു. എന്നാലിപ്പോൾ ലോര്‍ഡ്‌സിലെ അടുത്ത ടെസ്റ്റില്‍ കളിക്കുമോ എന്നുറപ്പില്ലെന്ന് പറയുകയാണ് താരം.
ഈ ടെസ്റ്റ് മത്സരത്തിൽ ഇനി ഞങ്ങൾക്ക് വെറും രണ്ട് ദിവസമേയുള്ളൂ, ഈ മത്സരം ജയിക്കേണ്ടത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. അതിനാൽ, മൂന്നാം മത്സരത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഈ രണ്ട് ദിവസങ്ങളിൽ എൻ്റെ ഊർജ്ജം മുഴുവൻ ഉപയോഗിക്കണം. അതിനുശേഷം മാത്രമേ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. കളിക്കുമോ ഇല്ലയോ എന്ന് ടീമാണ് തീരുമാനിക്കുക. അത് എനിക്കറിയില്ല. – ആകാശ് ദീപ് പറഞ്ഞു.
Also Read: ഡിയാഗോ ജോട്ടയുടെ വിയോഗം; കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ലിവർപൂൾ
മുഹമ്മദ് സിറാജും ആകാശ് ദീപും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്സിൽ തകര്‍ത്തത്. സിറാജ് ആറ് വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് നാല് വിക്കറ്റെടുത്തു. ഹാരി ബ്രൂക്കിന്റെ വിക്കറ്റെടുത്ത് മത്സരത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത് ആകാശ് ദീപായിരുന്നു. ആറാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേര്‍ന്ന് മുന്നൂറ് റണ്‍സിലധികമാണ് അടിച്ചെടുത്തത്. എന്നാല്‍ ബ്രൂക്കിനെ പുറത്താക്കി ആകാശ് ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. അതിന് പിന്നാലെയാണ് ഇംഗ്ലണ്ട് തകര്‍ന്നത്. 407 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.